കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണത്തിന്റെ ഭാഗമായി നടന്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത് ക്രൈംബാഞ്ച് പൂർത്തിയാക്കി. ഇന്ന് ഒൻപതര മണിക്കൂറാണ് ദിലീപിനെ ചോദ്യം ചെയ്തത്. ഇതിൽ നാല് മണിക്കൂർ നടനെതിരെ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനൊപ്പമായിരുന്നു.
രണ്ടു ദിവസമായി ആലുവ പൊലീസ് ക്ലബ്ബിലായിരുന്നു ചോദ്യം ചെയ്യൽ. ഇന്നലെ ഏഴു മണിക്കൂറോളം ദിലീപിനെ ചോദ്യം ചെയ്തിരുന്നു. ഇന്നു രാവിലെ പത്തരയോടെയാണ് ദിലീപ് പൊലീസ് ക്ലബ്ബിലെത്തിയത്. ഉച്ചയ്ക്കു രണ്ടോടെയാണു ബാലചന്ദ്രകുമാറിനെ ഇവിടേക്കു ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തിയത്. തുടർന്ന് രണ്ടുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുകയായിരുന്നു.
ദിലീപിൻറെ ചോദ്യംചെയ്യൽ തൽക്കാലം പൂർത്തിയായതായും ആവശ്യമെങ്കിൽ ഇനിയും വിളിക്കുമെന്നും എഡിജിപി എസ്. ശ്രീജിത്ത് പറഞ്ഞു. അതേസമയം, തന്നോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു. എന്നാണ് ചെല്ലേണ്ടതെന്ന് നാളെ അറിയിക്കാമെന്നും മറ്റ് പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപ് ആലുവയിലെ വീട്ടിൽവച്ച് കണ്ടതിനു താൻ ദൃക്‌സാക്ഷിയാണെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെത്തുടർന്നാണ് കേസിൽ പുനരന്വേഷണം ആരംഭിച്ചത്. എന്നാൽ ദൃശ്യങ്ങൾ താൻ കണ്ടിട്ടില്ലെന്ന് നിലവിലെ ചോദ്യം ചെയ്യലിൽ ദിലീപ് മൊഴിനൽകിയതായാണു പുറത്തുവന്ന വിവരം. ഈ സാഹചര്യത്തിലാണ് ബാലചന്ദ്രകുമാറിനൊപ്പമിരുത്തി ദിലീപിനെ ചോദ്യം ചെയ്തത്. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ദിലീപ് മൊഴിനൽകിയതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
വധഗൂഢാലോചന കേസില്‍ ദിലീപ് കോടതിക്കു കൈമാറിയ ഫോണുകളിലെ വിവരങ്ങള്‍ അന്വേഷണ സംഘം ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. ഇതില്‍നിന്ന് ലഭിച്ച തെളിവുകള്‍ അടിസ്ഥാനമാക്കിയാണ് ദിലീപിനെ ചോദ്യംചെയ്യുന്നത്. ഇതിനായി വിശദമായ ചോദ്യാവലിയാണ് ക്രൈംബ്രാഞ്ച് തയാറാക്കിയത്.
കോടതിക്കു കൈമാറും മുന്‍പ് ദിലീപിന്റെ ഫോണില്‍നിന്ന് നശിപ്പിച്ച വിവരങ്ങളില്‍ വിചാരണ കോടതി രേഖകളുമുണ്ടെന്ന് കോഴിക്കോട് സ്വദേശിയായ ഹാക്കര്‍ സായ് ശങ്കര്‍ മൊഴിനല്‍കിയെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. സായ് ശങ്കര്‍ കൊച്ചിയിലെ ഹോട്ടലില്‍ താമസിച്ചാണ് വിവരങ്ങള്‍ നശിപ്പിച്ചതെന്നായിരുന്നു വിവരം. ഇയാളുടെ വീട്ടിൽ പരിശോധന നടത്തുകയും ഉപകരണങ്ങൾ ഉൾപ്പെടെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. എന്നാൽ സായ് ശങ്കർ ഒളിവിലാണ്.
അതേസമയം, നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. നടിയെ ആക്രമിച്ച കേസിലും ശരത്തിനെ ചോദ്യം ചെയ്യുമെന്നാണ് വിവരം.
പൾസർ സുനിയുടെ ജാമ്യാപേക്ഷ തള്ളി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി. കുറ്റകൃത്യത്തിന്റെ മുഖ്യ സൂത്രധാരൻ നിങ്ങളാണെന്നു പൊലീസും ഇരയും പറയുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്. ജാമ്യം നിരസിച്ചതിനു നേരത്തെ പറഞ്ഞ കാരണങ്ങൾ നിലനിൽക്കെയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ജയിലിൽ ഭീഷണി ഉണ്ടെന്നാരോപിച്ച് പൾസർ സുനി സമർപ്പിച്ച ഹർജി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണു പരിഗണിച്ച് അപ്പോൾ തന്നെ തള്ളിയത്. ജയിൽ പോലെ സുരക്ഷിതമായ ഒരിടം വേറെയില്ലന്നും കോടതി പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ നേരിട്ടു പങ്കുണ്ടന്നും നിരവധി കേസുകളിൽ പ്രതിയാണന്നും ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നേരത്തെ ജാമ്യാപേക്ഷകൾ തള്ളിയത്.
സാഗര്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവുണ്ടെന്ന് ക്രൈം ബ്രാഞ്ച്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷി സാഗര്‍ വിന്‍സെന്റിനെതിരെ ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍. സാക്ഷികളെ സ്വാധീനിക്കാന്‍ സാഗര്‍ വിന്‍സെന്റ് ശ്രമിച്ചതിനു തുടരന്വേഷണത്തില്‍ ചില തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ് മൊഴിമാറ്റാന്‍ നിര്‍ബന്ധിച്ച് ഭീഷണിപ്പെടുത്തുകയാണെന്നു ചൂണ്ടിക്കാട്ടി സാഗര്‍ വിന്‍സെന്റ്
സമര്‍പ്പിച്ച പൊലീസ് പീഡന പരാതിയിലാണ് ക്രൈംബ്രാഞ്ച് വിശദീകരണം നല്‍കിയത്.
സാഗറിനെ പ്രതിഭാഗം സ്വാധീനിച്ച് മൊഴിമാറ്റിയെന്നും സാഗര്‍ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യമാധവന്റെ സ്ഥാപനമായ ലക്ഷ്യയിലെ മുന്‍ ഡ്രൈവറാണെന്നും ക്രൈംബ്രാഞ്ച് ബോധിച്ചു. കാവ്യയുടെ ഡ്രൈവര്‍ സുനീറും അഭിഭാഷകനും സാഗറിനെ കണ്ടു. ആലപ്പുഴയിലെ റയ്ബാന്‍
ഹോട്ടലില്‍ താമസിച്ചതിനു തെളിവുണ്ട്. കോടതിയില്‍ രഹസ്യമൊഴി നല്‍കുന്നതിനു മുന്‍പ് സാഗറിനെ സുനീര്‍ കണ്ടു. ഫോണ്‍ വിളിച്ചതിനും തെളിവുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
മറ്റൊരു സാക്ഷിയായ ശരത് ബാബുവിനെ സാഗര്‍ ദിലീപിന്റെ അഭിഭാഷകന്റെ ഓഫീസില്‍ എത്തിച്ചു. നടന്ന സംഭവങ്ങള്‍ ശരത് ബാബു കോടതിയില്‍ മൊഴിയായി നല്‍കിയിട്ടുണ്ട്. പള്‍സര്‍ സുനിയും വിജേഷും ലക്ഷ്യയിലെത്തിയതിനു വിശ്വസനീയ തെളിവുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ഹര്‍ജി വിധി പറയാനായി മാറ്റി.
അതേസമയം, നടിയെ ആക്രമിച്ച കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനു മറുപടി നല്‍കാന്‍ സമയം വേണമെന്ന ദിലീപിന്റെ ആവശ്യത്തെ തുടര്‍ന്നാണ് ഹർജി പരിഗണിക്കുന്നത് മാറ്റിവച്ചത്. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ്ഐആർ റദ്ദാക്കുന്നില്ലെങ്കിൽ അന്വേഷണം സിബിഐക്കു കൈമാറണമെന്നും ആവശ്യപ്പെട്ടാണ് ഹർജി.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിലെ തെളിവുകളും രേഖകളും ദിലീപും കൂട്ടാളികളും നശിപ്പിച്ചെന്നും രേഖകൾ നശിപ്പിച്ച ശേഷമാണ് കോടതിക്ക് ഫോണുകൾ കൈമാറിയതെന്നു പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
Also Read: സില്‍വര്‍ ലൈന്‍ സര്‍വേ: നോട്ടിസ് നല്‍കാതെ വീടുകളില്‍ കയറാന്‍ എങ്ങനെ സാധിക്കുമെന്ന് ഹൈക്കോടതി