കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ മാധ്യമ വാർത്തകൾ വിലക്കിയ വിചാരണക്കോടതി ഉത്തരവ് ലംഘിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ പൊലിസ് മേധാവിക്ക് ഹൈക്കോടതിയുടെ നിർദേശം. അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണം. ലംഘനമുണ്ടെങ്കിൽ യുക്തമായ നടപടി എടുക്കാനും കോടതി ഉത്തരവിട്ടു.
വിചാരണതീരുംവരെ കേസുമായി ബന്ധപ്പെട്ട് വാര്‍ത്തകൾ നല്‍കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് കൗസർ എടപ്പഗത്ത് പരിഗണിച്ചത്. രഹസ്യവിചാരണ നിര്‍ദേശം മാധ്യമങ്ങള്‍ ലംഘിക്കുന്നുവെന്ന് ഹര്‍ജിയിൽ ചൂണ്ടിക്കാട്ടി.
സെഷൻസ് കോടതി ഇറക്കിയ ഉത്തരവ് കർശനമായി പാലിക്കാൻ നടപടി വേണമെന്നും ഹർജി ഭാഗം ആവശ്യപ്പെട്ടു. വൈകിട്ട് ഏഴര മുതൽ വിചാരണ തുടങ്ങുകയാണ്. സുപ്രീംകോടതിയുടേയും ഹൈക്കോടതിയുടേയും വിധികൾക്ക് എതിരാണ് ഇപ്പോൾ നടക്കുന്ന മാധ്യമ വിചാരണയെന്നും ബോധിപ്പിച്ചു.
വിചാരണ കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നില്ലെങ്കിൽ വിചാരണ കോടതിയെ തന്നെ സമീപിക്കണമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. വിചാരണക്കോടതിയിൽ പ്രോസിക്യൂട്ടർ ഇല്ലെന്ന് ദിലീപ് ആരോപിച്ചു. ഡിജിപിക്ക് സെഷൻസ് കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ പരിമിതികൾ ഉണ്ടെന്നും ഡിജിപി വ്യക്തമാക്കി. ബാധകമാവുന്ന ആളുകൾ ഹൈക്കോടതിയെ സമീപിക്കുന്നതിൽ എന്താണ് തെറ്റെന്നും കോടതി ഉത്തരവ് നടപ്പാക്കാൻ ഡിജിപിക്ക് ബാധ്യതയില്ലേയെന്നും കോടതി ആരാഞ്ഞു. കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി.
Also Read: ദിലീപിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി
വിചാരണ അട്ടിമറിക്കാനാണ് അന്വേഷണ സംഘവും പ്രോസിക്യൂഷനും ശ്രമിക്കുന്നതെന്നാണ് ദിലീപ് ഹർജിയിൽ ആരോപിക്കുന്നത്. രഹസ്യ വിചാരണ എന്ന കോടതി ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ദിലീപ് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അന്വേഷണ എജൻസിയുടേയും പ്രോസിക്യൂഷൻ്റേയും ഒത്താശയോടെ മാധ്യമ വിചാരണയാണ് ഇപ്പോൾ
നടക്കുന്നതെന്നും ഹർജിയിൽ ആരോപണമുണ്ട്. വിചാരണ അവസാന ഘട്ടത്തിലെത്തിയിരിക്കെ ഒരു ബാലചന്ദ്രകുമാറിൻ്റെ വെളിപ്പടുത്തൽ ഒരു ടിവി ചാനൽ വഴി പുറത്തു വിട്ട് ദിലീപിനെ മാധ്യമ വിചാരണക്ക് വിധേയമാക്കുകയാണന്നും ഇതിൽ അന്വേഷണ ഏജൻസിക്ക് പങ്കുണ്ടന്നുമാണ് ആരോപണം.