കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് കേസില്‍ ദിലീപടക്കമുള്ള കുറ്റാരോപിതരുടെ ഫോണുകള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ പരിശോധിക്കും. ഇത് സംബന്ധിച്ച് ആലുവ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.
അണ്‍ലോക്ക് പാറ്റേണ്‍ കോടതിയില്‍ വച്ച് പരിശോധിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ തന്നെ ഫോണ്‍ പരിശോധിക്കണമെന്നായിരുന്നു അന്വേഷണസംഘം കോടതിയില്‍ ഉന്നയിച്ച ആവശ്യം.
ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമായിരുന്നു ദിലീപിന്റെയും മറ്റ് കുറ്റാരോപിതരുടേയും ഫോണുകള്‍ ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. ഫോണിന്റെ അണ്‍ലോക്ക് പാറ്റേണ്‍ ഹാജരാക്കാന്‍ പ്രതിഭാഗത്തോട് കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് അഭിഭാഷകരെത്തിയാണ് പാറ്റേണ്‍ കൈമാറിയത്.
ഫോണുകള്‍ തുറന്ന് പാറ്റേണുകള്‍ ശരിയാണെന്ന് ഉറപ്പു വരുത്തിയതിന് ശേഷം ലാബിലേക്ക് അയക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാല്‍ അങ്ങനെ ചെയ്താല്‍ പ്രോസിക്യൂഷന് കൃത്രിമം ചെയ്യാന്‍ അവസരം ഒരുങ്ങുമെന്ന് ദിലീപിന്റെ അഭിഭാഷകന് വാദിച്ചു.
ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കം തുടര്‍ന്നതോടെയാണ് കേസ് ഇന്നത്തേക്ക് മാറ്റാന്‍ കോടതി തീരുമാനിച്ചത്. പാറ്റേണ്‍ തെറ്റാണെങ്കില്‍ തുടരന്വേഷണം വീണ്ടും വൈകുമെന്ന് പ്രോസിക്യൂഷന് ചൂണ്ടിക്കാണിച്ചെങ്കിലും ഇത് പരിഗണിക്കാതെയാണ് തിരുവനന്തപുരത്തെ ലാബിലേക്ക് അയക്കാന്‍ കോടതി ഉത്തരവിട്ടത്.
Also Read:‘നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണ തടയണം’; ഹൈക്കോടതിയിൽ ദിലീപ്