കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്റിലായിരുന്ന നടന്‍ ദിലീപിനെ ജയിലില്‍ കാണാന്‍ സന്ദര്‍ശകർക്ക് ചട്ടം ലംഘിച്ച് അനുമതി നല്‍കിയതായി രേഖ. ജയിലില്‍ മൂന്ന് മാസത്തിനിടെ ദിലീപിനെ 78 പേര്‍ സന്ദര്‍ശിച്ചു. ദിലീപ് ജയിലില്‍ കിടന്ന ഘട്ടത്തില്‍ മാത്രമാണ് ഞായറാഴ്ച സന്ദര്‍ശകരെ അനുവദിച്ചത്. ഒറ്റദിവസം ദിലീപിനെ സന്ദര്‍ശിക്കാന്‍ 13 പേരെ അനുവദിച്ചു. നടന്‍ സിദ്ദിഖില്‍ നിന്ന് അപേക്ഷ പോലും വാങ്ങാതെയാണ് ദിലീപിനെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയതെന്നും വിവരാവകാശ രേഖയിൽ വ്യക്തമാകുന്നു.

നടിയെ ആക്രമിച്ച കേസിൽ ജൂലൈ പത്തിനാണ് ദിലീപ് അറസ്‌റ്റിലാവുന്നത്. പിന്നീട് ആലുവ സബ്‌ജയിലിൽ തടവിലായ ദിലീപിന് കൂടുതൽ സന്ദർശകരെ അനുവദിച്ചത് വൻവിവാദമായിരുന്നു. അവധി ദിനങ്ങളിൽ പോലും ദിലീപിന് സന്ദർശകരെ അനുവദിച്ചതായി ജയിൽ രേഖകളിൽ നിന്നും വ്യക്തമാണ്.

സുഹൃത്തുക്കള്‍, ബന്ധുക്കള്‍, നിയമോപദേശകര്‍ എന്നിവരുമായി ആഴ്ചയില്‍ ഒന്നോ രണ്ടോ പ്രാവശ്യം കൂടിക്കാഴ്ച നടത്താമെന്നാമെന്നാണ് ജയില്‍ ചട്ടം. സൂപ്രണ്ടിന് അനുയോജ്യമാണെങ്കില്‍ കൂടുതല്‍ കൂടിക്കാഴ്ചകള്‍ അനുവദിക്കാം ആഴ്ചയില്‍ ഒന്നോ രണ്ടോ എന്നത് സൂപ്രണ്ടിന് അനുയോജ്യമാകും വിധം വര്‍ധിപ്പിക്കാമെങ്കിലും ഒരു ദിവസം 13 പേര്‍ വരെ ദിലീപിനെ കാണാന്‍ ജയിലില്‍ എത്തി. സെപ്റ്റംബര്‍ 5 നായിരുന്നു ഇത്.

നടൻ ജയറാമിൽ നിന്ന് മതിയായ രേഖകൾ വാങ്ങാതെയാണ് ദിലീപിന് ഓണക്കോടി കൈമാറാൻ അനുമതി നൽകിയത്. കൂടാതെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനാണ് സിനിമാ പ്രവർത്തക‌ർ ജയിലിൽ എത്തിയതെന്നും സന്ദർശക രേഖയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.