കൊച്ചി: നടിയെ ക്വട്ടേഷന്‍ സംഘം ആക്രമിച്ച് ദൃശൃങ്ങള്‍ പകര്‍ത്തിയ കേസില്‍ വിചാരണ ആരംഭിച്ചു. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്. കേസ് പരിഗണിക്കാൻ വനിത ജഡ്ജിയെ വേണമെന്ന നടിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചിരുന്നു. കൊച്ചി സിബിഐ കോടതി ജഡ്ജിയാണ് വാദം കേള്‍ക്കുന്നത്. വിചാരണയ്ക്കായി നടിയും ദിലീപും ഉൾപ്പടെ പ്രതികൾ കോടതിയിൽ ഹാജരായിട്ടുണ്ട്

ആക്രമിക്കപ്പെട്ട നടിയുടെ വിസ്താരമാണ് ഇന്ന് പ്രത്യേക കോടതിയിൽ നടക്കുക. കേസ് വിചാരണ തുടങ്ങുന്നതിന് മുന്നോടിയായി പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചിരുന്നു. ദൃശ്യങ്ങൾ പരിശോധിക്കാൻ എട്ടാം പ്രതി ദിലീപ് അടക്കമുള്ളവർക്കും അവസരവും നൽകിയിരുന്നു. 136 സാക്ഷികളെയാണ് ആദ്യഘട്ടത്തിൽ കോടതി വിസ്തരിക്കുന്നത്. 35 ദിവസം കൊണ്ട് ആദ്യ ഘട്ട വിചാരണ പൂർത്തിയാക്കും.

Also Read: കൊറോണ വൈറസ്: മരണസംഖ്യ ഉയരുന്നു, ലോകരാജ്യങ്ങൾക്ക് അതീവ ജാഗ്രത മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

അതേസമയം കേസിൽ കുറ്റവിമുക്തനാക്കണമെന്ന നടൻ ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതി ഇനിയും വിധി പറഞ്ഞിട്ടില്ല. കേസിന്റെ വിചാരണ ഇന്ന് ആരംഭിക്കുന്ന സാഹചര്യത്തിൽ രാവിലെ പത്തേകാലിന് കോടതി വിധി പ്രസ്താവിക്കുമെന്ന സൂചനയുണ്ടായിരുന്നു. കേസിൽ കുറ്റങ്ങൾ ചുമത്തിയതിൽ കീഴ്‌ക്കോടതിക്ക് പിഴവു പറ്റിയിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ ഹെെക്കോടതിയിൽ വ്യക്തമാക്കിയിരുന്നു.

Also Read: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡല്‍ എഴുതുന്നു

ദിലീപിനെ പൾസർ സുനി അടക്കമുള്ള പ്രതികൾ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതായി കേസില്ലായിരുന്നുവെന്നും കുറ്റപത്രത്തിൽ കോടതിയാണ് ഈ ഭാഗം ചേർത്തതെന്നുമാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചത്. കേസ് രേഖകൾ പരിശോധിച്ച വിചാരണ കോടതിയുടെ നടപടിയായിരുന്നു അത്. കോടതി കൂട്ടിച്ചേർത്ത ഭാഗം നീക്കം ചെയ്യാൻ വിചാരണ കോടതിയിൽ പ്രോസിക്യൂഷൻ ഇന്ന് അപേക്ഷ നൽകും. പ്രതികൾ ജയിലിൽ ഗൂഢാലോചന നടത്തി ദിലീപിനോട് പണം ആവശ്യപ്പെട്ടുവെന്ന ഭാഗം കുറ്റപത്രത്തിൽ നിലനിർത്തും.

പൾസർ സുനിയും സംഘവും പണം തട്ടാനാണ് നടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങൾ പകർത്തിയതെന്നും തനിക്ക് പങ്കില്ലെന്നാണ് ദിലീപിന്റെ വാദം. പ്രതികൾ ഭിഷണിപ്പെടുത്തിയതിന് ഡിജിപിക്ക് നൽകിയ പരാതിയിൽ താൻ ഇരയാണെന്നും പ്രതികളെയും ഇരയെയും ഒന്നിച്ചു വിചാരണ ചെയ്യാൻ ക്രിമിനൽ നടപടി നിയമത്തിൽ വ്യവസ്ഥയില്ലെന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.