ദിലീപിന്റെ മുൻ‌കൂർ ജാമ്യഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്കു മാറ്റി

അന്വേഷണ ഉദ്യോഗസ്ഥന്‍ മെനഞ്ഞെടുത്ത കഥയാണ് പുതിയ ആരോപണങ്ങള്‍ക്കു പിന്നിലെന്നും ഇതിന്റെ ഭാഗമാണ് പുതിയ വെളിപ്പെടുത്തലുകളെന്നും ഹര്‍ജി ഭാഗം ആരോപിച്ചു

Photo: Facebook

കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അറസ്റ്റ് തടയണമെന്ന നടന്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. കേസ് വെള്ളിയാഴ്ച കേൾക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ച ജസ്റ്റിസ് പി ഗോപിനാഥ്, അതുവരെ ഒന്നും സംഭവിക്കാനില്ലെന്നും വാക്കാൽ പരാമർശിച്ചു. കേസിൽ കോടതി പൊലീസ് റിപ്പോർട്ട് തേടി.

സീനിയര്‍ അഭിഭാഷകനു കോവിഡായതിനാല്‍ കേസ് തിങ്കളാഴ്ചത്തേക്കു മാറ്റണമെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യം. ഇത് അനുവദിക്കാതിരുന്ന കോടതി ഹർജി വെള്ളിയാഴ്ചത്തേക്കു മാറ്റുകയായിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥന്‍ മെനഞ്ഞെടുത്ത കഥയാണ് പുതിയ ആരോപണങ്ങള്‍ക്കു പിന്നിലെന്നും ഇതിന്റെ ഭാഗമാണ് പുതിയ വെളിപ്പെടുത്തലുകളെന്നും ഹര്‍ജി ഭാഗം ആരോപിച്ചു.

ഉദ്യോഗസ്ഥര്‍ക്കെതിരെ വധഭീഷണി മുഴക്കിയതിനു ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിനെത്തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ദിലീപിനെക്കൂടാതെ സഹോദരന്‍ ശിവകുമാര്‍, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരും
കോടതിയെ സമീപിച്ചിട്ടുണ്ട്.

തങ്ങള്‍ക്കെതിരെ പൊലീസ് കള്ളക്കേസെടുത്തിരിക്കുയാണന്നും അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു കെ പൗലോസ് ദുഷ്ടലാക്കോടെ കേസില്‍ കുടുക്കിയിരിക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു. പൊലിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും വാസ്തവ വിരുദ്ധവുമാണ്.
അറസ്റ്റ് ചെയ്യാനും ജയിലില്‍ അടയ്ക്കാനും സാധ്യതയുണ്ട്. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.

Also Read: കണ്ണൂര്‍ സര്‍വകലാശാല വിവാദം: സര്‍ക്കാരിനോടും മന്ത്രി ബിന്ദുവിനോടും ലോകായുക്ത വിശദീകരണം തേടി

പുതിയ കേസില്‍ ദിലീപ് ഒന്നാം പ്രതിയാണ്. വധഭീഷണി മുഴക്കല്‍, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെയും ഓഡിയോ ടേപ്പിന്റെയും അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായ ബി സന്ധ്യ, എ വി ജോര്‍ജ്, കെ എസ് സുദര്‍ശന്‍, എംജെ സോജന്‍., ബൈജു കെ പൗലോസ് എന്നിവര്‍ക്കെതിരെ ദിലീപും സഹോദരനും സഹോദരി ഭര്‍ത്താവും എന്ന് കരുതുന്നവര്‍ വധഭീഷണി മുഴക്കുന്ന ഓഡിയോ ക്ലിപ്പാണു ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിനു കൈമാറിയിരിക്കുന്നത്.

ഭീഷണി കണക്കിലെടുത്ത് ഉദ്യോഗസ്ഥര്‍ ഡിജിപിക്കു പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് കേസ്. സുദര്‍ശന്റെ കൈവെട്ടുമെന്നും ബൈജു പൗലോസിനെ വണ്ടി ഇടിപ്പിക്കുമെന്നൊക്കെയാണ് ക്ലിപ്പിലെ പരാമര്‍ശങ്ങള്‍.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് നടിയെ ആക്രമിച്ച കേസില്‍ പൊലീസ് പുനരന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ കോടതി കുറഞ്ഞ സമയാണ് അനുവദിച്ചിട്ടുള്ളത്. മൂന്നു സംഘമായി തിരിച്ചാണ് ഊര്‍ജിത അന്വേഷണം. 20നു മുന്‍പ് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കും.

Also Read: ധീരജിന്റെ കൊലപാതകം അപലപനീയം; കൊലപാതകരാഷ്ടീയം കെ.എസ്.യു ശൈലിയല്ല: രമേശ് ചെന്നിത്തല

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Actress attack case dileep threat against investigating officers kerala high court

The moderation of comments is automated and not cleared manually by malayalam.indianexpress.com