ന്യൂഡല്‍ഹി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് മറുപടി നല്കാന് സമയം വേണമെന്ന് നടന് ദിലീപ്. ഒരാഴ്ചത്തെ സമയം ചോദിച്ചു കൊണ്ടാണ് ദിലീപ് സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. നാളെ കേസ് പരിഗണിക്കാനിരിക്കവെയാണ് ദിലീപ് സമയം ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയത്.
കേസിലെ എട്ടാം പ്രതിയായ ദിലീപിന് കുറ്റപത്രവും അനുബന്ധ രേഖകളും കോടതി നല്‍കിയിരുന്നു. എന്നാല്‍ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കിയിരുന്നില്ല. ഇതേ ആവശ്യമുന്നയിച്ച്, അങ്കമാലി കോടതിയിലും ഹൈക്കോടതിയിലും ദിലീപ് ഹര്‍ജികള്‍ നല്‍കിയിരുന്നു. എന്നാല്‍ രണ്ടിടങ്ങളിലും ദിലീപിന്റെ അപേക്ഷ തളളിയ സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിച്ചത്. മെമ്മറി കാര്‍ഡിന്റെ പകര്‍പ്പാവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജിയിലുള്ള തുടര്‍വാദമാണ് നാളെ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്.
ദിലീപിന് മെമ്മറി കാര്‍ഡ് കൈമാറാന്‍ സാധിക്കാത്തതിന്റെ കാരണങ്ങള്‍ വിശദമാക്കി സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടി നല്കാന് തനിക്ക് ഒരാഴ്ചത്തെ സമയം വേണമെന്നാണ് ദിലീപ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കേസില്‍ ദിലീപിന് വേണ്ടി ഹാജരാകുന്ന മുകുള്‍ റോത്തഗിക്കും നാളെ ഹാജരാകന്‍ അസൗകര്യമുണ്ട്. ഇതും കാരണമായി ദിലീപ് ചൂണ്ടിക്കാട്ടുന്നുണ്ട്. അപേക്ഷ നാളെ ജസ്റ്റിസ് എ.എന്‍.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. കേസില്‍ ഹാജരാകാന്‍ മുതിര്‍ന്ന അഭിഭാഷകനായ ഹരീന് പി.റാവലിനെ പ്രോസിക്യൂഷന് നിയോഗിച്ചിരുന്നു.