ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന സംസ്ഥാന സർക്കാർ ആവശ്യത്തിനെതിരെ നടൻ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു. ജഡ്ജി മാറുന്നത് വരെ വിചാരണ വൈകിപ്പിക്കുകയെന്ന ഗൂഢോദ്ദേശമാണ് സർക്കാരിനെന്ന് ദിലീപ് ആരോപിക്കുന്നതായാണ് വിവരം.
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ദിലീപ് കോടതിയിൽ സമർപിച്ച സത്യാങ്ങമൂലത്തിൽ പറയുന്നതായി റിപ്പോർട്ടുകളുണ്ട്.
കേസുമായി ബന്ധപ്പെട്ട് ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ തുടരന്വേഷണം വേണമെന്ന് അടക്കം ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. തിങ്കളാഴ്ച ഈ ഹർജി സുപ്രീംകോടതി പരിഗണിക്കാനാരിക്കെയാണ് ദിലീപ് ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.
അതേസമയം, നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ കുറ്റാരോപിതന്‍ ദിലീപിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നുണ്ട്. ശനിയാഴ്ചയാണ് ദിലീപിനെ മൂന്ന് ദിവസം രാവിലെ മുതല്‍ വൈകിട്ട് വരെ ചോദ്യം ചെയ്യാനുള്ള അനുമതി കേരള ഹൈക്കോടതി നല്‍കിയത്. ചോദ്യം ചെയ്തതിന് ശേഷം വ്യാഴാഴ്ച കേസ് പരിഗണിക്കുമ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും പ്രോസിക്യൂഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച വരെ അറസ്റ്റ് പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.
Also Read: നടിയെ ആക്രമിച്ച കേസ്: കൂടുതൽ സമയം വേണമെന്ന സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും