കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. ദിലീപിന്റെ ജാമ്യാപേക്ഷ ഉച്ചയ്ക്ക് 1.45 ന് പരിഗണിക്കും. സംശയത്തിന്റെ പേരിലാണ് അറസ്റ്റ് ചെയ്തതെന്നും സാക്ഷികളെ സ്വാധീനിക്കുമെന്ന വാദം അടിസ്ഥാനരഹിതമാണെന്നും ദിലീപ് ജാമ്യാപേക്ഷയിൽ പറയുന്നു. തെളിവുകളായി നിരത്തിയിരിക്കുന്നത് ദിലീപുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ്. അറസ്റ്റിലേക്ക് നയിച്ച 19 കാരണങ്ങളിൽ എട്ടെണ്ണം മറ്റുളളവരുമായി ബന്ധപ്പെട്ടതാണ്. പൾസർ സുനിയുടെ മൊഴി മാത്രമാണ് ദിലീപ് എതിരെയുളളത്. ദിലീപ് ഉപയോഗിച്ച ഫോൺ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതിനാൽ ജാമ്യം അനുവദിക്കണമെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.

അങ്കമാലി മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. മജിസ്ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചാൽ ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകാൻ അവസരമുണ്ട്. എന്നാൽ ദിലീപ് അതിനു ശ്രമിക്കാതെ ഹൈക്കോടതിയെ നേരിട്ടു സമീപിക്കുകയായിരുന്നു. യുവനടിയെ ഉപദ്രവിക്കാൻ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ കേസ് ഡയറി വിളിച്ചുവരുത്തി തെളിവുകൾ പരിശോധിച്ച ശേഷമാണ് അങ്കമാലി മജിസ്ട്രേട്ട് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. പ്രതിയെ ആലുവ സബ് ജയിലിൽ ഈ മാസം 25 വരെ റിമാൻഡ് ചെയ്തു.

കേസിന്റെ ഗൂഢാലോചനയിൽ ആദ്യഘട്ടം മുതൽ പങ്കാളിയായ സഹായിയും ഡ്രൈവറുമായ സുനിൽരാജ്(അപ്പുണ്ണി) ദിലീപ് അറസ്റ്റിലായ ശേഷം ഒളിവിൽ പോയി. മുഖ്യപ്രതി സുനിൽകുമാർ (പൾസർ സുനി) നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ദിലീപിനെ ഏൽപിക്കാൻ കൈമാറിയ അഡ്വ.പ്രതീഷ് ചാക്കോയും ഇപ്പോൾ ഒളിവിലാണ്. ഈ സാഹചര്യത്തിൽ പ്രതിക്കു ജാമ്യം ലഭിക്കുന്നതു തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും വഴിയൊരുക്കുമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഇരയായ നടിയുടെ സുരക്ഷാ പ്രശ്നവും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.