കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വിചാരണ കോടതിയിയെ സമീപിച്ചു. ജാമ്യവ്യവസ്ഥകളെല്ലാം ദിലീപ് ലംഘിച്ചുവെന്നാണ് ആരോപിച്ചാണ് അന്വേഷണ സംഘം അപേക്ഷ നല്‍കിയിരിക്കുന്നത്.
കേസില്‍, ഹൈക്കോടതി 2017ലാണു ദിലീപിനു ജാമ്യം അനുവദിച്ചത്. കേസ് അട്ടിമറിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ യാതൊരു കാരണവശാലും ശ്രമിക്കരുതെന്ന വ്യവസ്ഥയോടെയായിരുന്നു ജാമ്യം നല്‍കിയത്. ജാമ്യവ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടെന്നു പ്രോസിക്യൂഷന് ബോധ്യപ്പെട്ടാല്‍ വിചാരണക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തില്‍ അടുത്തിടെ പുറത്തുവന്ന പുതിയ തെളിവുകള്‍ ചൂണ്ടിക്കാട്ടിയാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കം. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് അപേക്ഷ. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം നടക്കുന്നതിനാലും വിസ്താരം ബാക്കിയുള്ളതിനാലും ജാമ്യം റദ്ദാക്കി ദിലീപിനെ ജയിലില്‍ അടയ്ക്കണമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ ആവശം. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയതെന്ന ആരോപണവും ക്രൈംബ്രാഞ്ച് അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.
കോടതി രേഖകൾ മാധ്യമങ്ങൾക്ക് ചോർന്നെന്ന പരാതി: എഡിജിപിയോട് റിപ്പോർട്ട് തേടി
നടിയെ ആക്രമിച്ച കേസിലെ കോടതി രേഖകൾ ചേർന്നെന്ന പരാതിയിൽ വിചാരണ കോടതി എഡിജിപിയോട് റിപ്പോർട്ട് തേടി. കേസിൽ18നു വാദം കേൾക്കുമെന്നു വ്യക്തമാക്കിയ കോടതി അപ്പോൾ വിശദമായ റിപ്പോർട്ട് നൽകാനാണു നിർദേശിച്ചിരിക്കുന്നത്. സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസ് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി പറഞ്ഞു. ബൈജു പൗലോസ് ഇന്ന് എറണാകുളം സ്പെഷ്യൽ അഡി. സെഷൻസ് കോടതിയിൽ ഹാജരായിരുന്നു.
കേസിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാണ് ബൈജു പൗലോസിന് എതിരെയുള്ള പരാതി. കേസിലെ തുടരന്വേഷണം സംബന്ധിച്ച വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന് കോടതി നിർദേശമുണ്ടായിരുന്നു.
കാവ്യയുടെ മൊഴിയെടുക്കല്‍ വീട്ടിൽവച്ച്
നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവനെ ചോദ്യം ചെയ്യുന്നത് ദിലീപിന്റെ ആലുവയിലെ വീട്ടിൽ വച്ചു തന്നെ. ഇതുസംബന്ധിച്ച് ക്രൈം ബ്രാഞ്ച് തീരുമാനമെടുത്തു. ആലുവയിലെ വീട്ടില്‍വച്ച് മൊഴിയെടുക്കാമെന്നാണ് കാവ്യ അന്വേഷണസംഘത്തെ അറിയിച്ചിരിക്കുന്നത്.
സാക്ഷിയെന്ന നിലയില്‍ മൊഴിയെടുക്കുന്നതിനായി തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരാവാനാണ് കാവ്യയോട് ക്രൈം ബ്രാഞ്ച് ആദ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ചെന്നൈയിലാണെന്നും ബുധനാഴ്ച ഹാജരാവാമെന്നും കാവ്യ അറിയിക്കുകയായിരുന്നു. സൗകര്യപ്രദമായ സ്ഥലം അറിയിക്കാനും കാവ്യയോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ആലുവയിലെ വീട്ടില്‍വച്ച് മൊഴിയെടുക്കാമെന്നു കാവ്യ അറിയിച്ചത്. സാക്ഷിയായ സ്ത്രീകളെ പൊലിസ് സ്റ്റേഷനില്‍ വിളിപ്പിക്കരുതെന്നാണ് ചട്ടം.
അനൂപിനെയും സുരാജിനെയും ചോദ്യം ചെയ്യും
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരെ ക്രൈംബ്രാഞ്ച് നാളെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനു ഹാജരാവാൻ നിർദേശിച്ച് ഇരുവരുടെയും വീടിനുമുന്നിൽ വൈകീട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് പതിച്ചു. ഇരുവരെയും ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യത്തിലാണ് നോട്ടിസ് പതിപ്പിച്ചത്. അന്വേഷണ സംഘം പല തവണ ഫോണിൽ വിളിച്ചിട്ടും ഇരുവരും അറ്റൻഡ് ചെയ്തിട്ടുമില്ല. നാളെ പൊലീസ് ക്ലബ്ബിൽ ചോദ്യം ചെയ്യലിന് ഹാജരാവാനാണ് നോട്ടിൽ പറഞ്ഞിരിക്കുന്നത്.
‘മാധ്യമവിചാരണ തടയണം’; സുരാജ് ഹൈക്കോടതിയില്‍
വധഗൂഢാലോചന കേസിലെ മാധ്യമവിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അഭിഭാഷകരോടും ബന്ധുക്കളോടും സംസാരിക്കുന്നത് വരെ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നും മാധ്യമ വിചാരണയാണ് നടക്കുന്നതെന്നും സുരാജ് ആരോപിച്ചു.
സായ് ശങ്കറിനെ ചോദ്യം ചെയ്യുന്നത് മാറ്റി
അതേസമയം, വധഗൂഢാലോചനക്കേസില്‍ ദിലീപിന്റെ ഫോണ്‍വിവരങ്ങള്‍ നശിപ്പിച്ചതായി ക്രൈംബ്രാഞ്ച് സംശയിക്കുന്ന സായ് ശങ്കറിനെ ചോദ്യം ചെയ്യുന്നത് മാറ്റി.
കഴിഞ്ഞദിവസം അറസ്റ്റിലായ സായ് ശങ്കറെ അന്വേഷണ സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യാൻ വിളിച്ചിരുന്നെങ്കിലും എത്തിയില്ല. ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ചോദ്യം ചെയ്യൽ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടതായാണ് വിവരം.
സായ് ശങ്കറിന്റെ രഹസ്യമൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്.
ദിലീപിന്റെ ഫോണുകളിലെ നിർണായക വിവരങ്ങൾ സായ് ശങ്കറാണ് നശിപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. എന്നാൽ അഭിഭാഷകർ പറഞ്ഞതനുസരിച്ചാണ് വിവരങ്ങൾ നശിപ്പിച്ചതെന്നാണ് സായ് ശങ്കർ ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ അറിയുന്നതിനായാണ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
Also Read: Kerala Weather: ഇന്നും വ്യാപക മഴ സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിനു കൂടുതല്‍ സമയം തേടി പ്രോസിക്യൂഷന്‍ സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണുള്ളത്. മൂന്നു മാസം കൂടി വേണമെന്നും മാര്‍ച്ച് എട്ടിലെ ഉത്തരവില്‍ നിര്‍ദേശിച്ച സമയക്രമം നീട്ടണമെന്നുമാണു പ്രോസിക്യൂഷന്റെ ആവശ്യം. കേസിൽ പുതിയ പുറത്തുവന്ന ഓഡിയോ ക്ലിപ്പുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ എട്ടാം പ്രതി ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെയും ദിലീപിന്റെ സഹോദരന്‍ അനൂപിനെയും സഹോദരീ ഭര്‍ത്താവ് സുരാജിനെയും ചോദ്യം ചെയ്യേണ്ടതുണ്ടന്നു പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു.
നടിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ നിരവധി തവണ കണ്ടതായി ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായെന്നും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ച സംഭവത്തില്‍ നാല് അഭിഭാഷകരെയും ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ദിലീപിന്റെ ഫോണുകള്‍ മുംബൈയിലെ സ്വകാര്യ ഫോറന്‍സിക് ലാബിലേക്കു കൊണ്ടുപോയത് അഭിഭാഷകരാണെന്നാണ് ആരോപണം.
വധഗൂഢാലോചന കേസ് റദ്ദാക്കുകയോ സിബിഐക്കു വിടുകയോ ചെയ്യണമെന്ന ദിലീപിന്റെ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലാണുള്ളത്. കേസിൽ ഒരാഴ്ചയ്ക്കുള്ളിൽ വിധി പറയുമെന്ന് മാർച്ച് 31നു കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ വിധി വന്നിട്ടില്ല.