കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ദിലീപിന്റെ പങ്ക് ആദ്യം സൂചിപ്പിച്ചത് ആക്രമിക്കപ്പെട്ട നടിയുടെ സഹോദരനാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. കൃത്യത്തിൽ ദിലീപിന് പങ്കുണ്ടെന്ന് തങ്ങൾക്ക് ബോധ്യമുണ്ടെന്നായിരുന്നു സഹോദരൻ അന്വേഷണ സംഘത്തിന് നൽകിയ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരെ അന്വേഷണം തുടങ്ങിയത്. കേസിലെ മുഖ്യപ്രതി സുനിൽ കുമാർ (പൾസർ സുനി) ദിലീപിനയച്ച കത്തുകൂടി പുറത്തുവന്നതോടെ സംശയം ബലപ്പെട്ടതായി കുറ്റപത്രത്തിൽ പറയുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ദിലീപ് നടിയെ നേരിട്ട് ഭീഷണിപ്പെടുത്തി. 2013 ൽ കൊച്ചിയിലെ അമ്മ താരനിശയായ ‘മഴവില്ലഴകിൽ അമ്മ’ എന്ന പരിപാടിക്കിടെയായിരുന്നു ഭീഷണി. കാവ്യാ മാധവനെക്കുറിച്ചുളള ചില കാര്യങ്ങൾ ആക്രമിക്കപ്പെട്ട നടി മറ്റു താരങ്ങളോട് പറഞ്ഞിരുന്നു. ഇതു കാവ്യാ മാധവൻ നേരിട്ട് നടൻ ദിലീപിനോടും സിദ്ദിഖിനോടും പറഞ്ഞു. ഇതിൽ ക്ഷുഭിതനായ ദിലീപ് നടിയെ മറ്റു താരങ്ങൾക്ക് മുന്നിൽവച്ച് ഭീഷണിപ്പെടുത്തി. ഇതിന് നടൻ സിദ്ദിഖ് ദൃക്‌സാക്ഷിയാണ്. കാവ്യാ മാധവനെക്കുറിച്ച് ഒന്നും പറഞ്ഞു പരത്തരുതെന്ന് സിദ്ദിഖും നടിയെ വിളിച്ച് താക്കീത് ചെയ്തിരുന്നുവെന്ന് കുറ്റപത്രത്തിലുണ്ട്.

നടിയെ ശാരീരികമായും മാനസികമായും തകർക്കുകയായിരുന്നു ദിലീപിന്റെ ലക്ഷ്യം. നഗ്ന വിഡിയോ ചിത്രീകരിച്ചത് നടിയെ ദിലീപിന്റെ ചൊൽപ്പടിക്ക് നിർത്താനാണ്. എങ്ങനെ രംഗങ്ങൾ ചിത്രീകരണമെന്നതിനെ സംബന്ധിച്ച് വ്യക്തമായ ചിത്രം ദിലീപ് കൂട്ടു പ്രതികൾക്ക് നൽകിയിരുന്നു. ദിലീപിന്റെ സ്വാധീനശക്തി വിശ്വസിച്ച് സുനിൽ കുമാർ ക്വട്ടേഷൻ നടപ്പാക്കിയെന്നും കുറ്റപത്രത്തിൽ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ