ആലുവ: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതിലെ ഗൂഢാലോചന കേസിൽ ദിലീപിന്റെ റിമാൻഡ് കാലാവധി നീട്ടി. അടുത്ത മാസം എട്ടുവരെ ദിലീപ് റിമാൻഡിൽ തുടരും. വിഡിയോ കോൺഫറൻസിങ് വഴിയാണ് ദിലീപിനെ കോടതിക്കു മുന്നിൽ ഹാജരാക്കിയത്. കോടതിയിലേക്കു കൊണ്ടുപോകുന്നതിലെ സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടി പൊലീസ് നൽകിയ അപേക്ഷ പരിഗണിച്ചാണ് കോടതി നടപടികൾ വിഡിയോ കോൺഫറൻസിങ് വഴിയാക്കിയത്.

ദിലീപിന്റെ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തളളിയിരുന്നു. ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും തെളിവ് നശിപ്പിക്കുമെന്നുമുളള പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. കൂടുതൽ പ്രതികൾ അറസ്റ്റിലാകാനുണ്ടെന്ന വാദവും കോടതി അംഗീകരിച്ചു. അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ ജാമ്യം നൽകാനാവില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച കോടതി വ്യക്തമാക്കിയത്.

അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ 11-ാം പ്രതിയാണ് ‌ദിലീപ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ