ആലുവ: നടിയെ ഉപദ്രവിച്ച കേസിൽ നടൻ ദിലീപിന്റെ റിമാൻഡ് നീട്ടി. അങ്കമാലി ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഈ മാസം 22 വരെ റിമാൻഡ് നീട്ടിയത്. ആലുവ സബ് ജയിലിൽ കഴിയുന്ന ദിലീപിന്റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിച്ചിരുന്നു. വിഡിയോ കോൺഫറസ് മുഖേനയാണ് ദിലീപിനെ കോടതിക്കുമുൻപാകെ ഹാജരാക്കിയത്. ദിലീപിനെ കോടതിയിൽ ഹാജരാക്കുമ്പോഴുള്ള സുരക്ഷാ പ്രശ്നങ്ങൾ പരിഗണിച്ചാണു കോടതി വിഡിയോ കോൺഫറൻസിങ് അനുവദിച്ചത്.

അതിനിടെ ദിലീപിന്റെ ആരോഗ്യനില മോശമാണെന്ന തരത്തിലുളള വാർത്തകൾ വ്യാജമാണെന്ന് ജയിലധികൃതർ വ്യക്തമാക്കി. ഡോക്ടർമാർ ദിലീപിനെ പരിശോധിച്ച് ആരോഗ്യനില തൃപ്തികരമെന്നാണ് റിപ്പോർട്ട് ചെയ്തത്. ദിലീപിന് ചെറിയ ജലദോഷവും നേരിയ കാലുവേദനയുമുണ്ട്. അതിനു ഗുളിക കൊടുത്തു. ഡോ. നിജി വർഗീസ് ജോഷ്വയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ദിലീപിനെ പരിശോധിച്ചത്.

അതേസമയം, റിമാൻഡ് കാലാവധി നീട്ടിയ സാഹചര്യത്തിൽ ജാമ്യം തേടി ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്. ദിലീപ് നൽകിയ ജാമ്യപേക്ഷ നേരത്തെ ഹൈക്കോടതി തളളിയിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും ജാമ്യം തേടി ഹൈക്കോടതിയെ ദിലീപ് സമീപിക്കാനൊരുങ്ങുന്നതെന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ