കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണത്തിന്റെ ഭാഗമായി നടന് ദിലീപിനെ ക്രൈംബാഞ്ച് ഇന്ന് ചോദ്യം ചെയ്തത് ഏഴു മണിക്കൂറിലേറെ. നാളെയും ഹാജരാവാനാണു ദിലീപിനോട് അന്വേഷണ സംഘം നിർദേശിച്ചിരിക്കുന്നത്. ആലുവ പൊലീസ് ക്ലബ്ബിലാണു ചോദ്യം ചെയ്യല്‍.
നേരത്തെ, 24ന് ഹാജരാകാനാന്‍ ആവശ്യപ്പെട്ട് ദിലീപിന് അന്വേഷണസംഘം നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ നേരത്തെ നിശ്ചയിച്ച പ്രകാരം സംസ്ഥാനത്തിനു പുറത്തേക്കു യാത്രയുണ്ടെന്നും മറ്റൊരു ദിവസം നല്‍കണമെന്നും ദിലീപ് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് ഇന്നു ഹാജരാകാന്‍ അന്വേഷണ സംഘം നിര്‍ദേശിച്ചത്. ചോദ്യം ചെയ്യൽ പൂർണമായും വീഡിയോയിൽ ചിത്രീകരിച്ചു.
നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ താന്‍ കണ്ടിട്ടില്ലെന്ന് ദിലീപ് മൊഴിനൽകിയതായാണു നിലവിൽ പുറത്തുവന്ന വിവരം. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ദിലീപ് മൊഴിനൽകിയതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് കോടതിക്കു കൈമാറിയ ഫോണുകളിലെ വിവരങ്ങള്‍ അന്വേഷണ സംഘം ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. ഇതില്‍നിന്ന് ലഭിച്ച തെളിവുകള്‍ അടിസ്ഥാനമാക്കിയാണ് ചോദ്യംചെയ്യല്‍. വിശദമായ ചോദ്യാവലിയാണ് ക്രൈംബ്രാഞ്ച് തയാറാക്കിയത്.
കോടതിക്കു കൈമാറും മുന്‍പ് ദിലീപിന്റെ ഫോണില്‍നിന്ന് നശിപ്പിച്ച വിവരങ്ങളില്‍ വിചാരണ കോടതി രേഖകളുമുണ്ടെന്ന് കോഴിക്കോട് സ്വദേശിയായ ഹാക്കര്‍ സായ്ശങ്കര്‍ മൊഴിനല്കിയെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. സായ് ശങ്കര്‍ കൊച്ചിയിലെ ഹോട്ടലില്‍ താമസിച്ചാണ് വിവരങ്ങള്‍ നശിപ്പിച്ചതെന്നായിരുന്നു വിവരം.
സായ്ശങ്കറിന്റെ കോഴിക്കോട്ടെ വീട് റെയ്ഡ് ചെയ്ത അന്വേഷണ സംഘം, ഇദ്ദേഹത്തിന്റെ ഭാര്യയെ ചോദ്യം ചെയ്യുകയും ഐമാക് കമ്പ്യൂട്ടര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഈ കമ്പ്യൂട്ടറില്‍ നിര്‍ണായക വിവരങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സായ്ശങ്കര്‍ ഒളിവിലാണ്.
നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയാണു ദിലീപ്. കേസില്‍ ചില നടിമാരെ ചോദ്യം ചെയ്തതായും മറ്റു ചിലരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്തേക്കുമെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു.
അതിനിടെ, കേസിലെ വിഐപി ദിലീപിന്റെ സൃഹൃത്തായ ശരത്താണെന്നു സംവിധായകന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു.
പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങളായ ഐജി കെപി ഫിലിപ്പ്, ക്രൈംബ്രാഞ്ച് എസ്പിമാരായ എം.ജെ സോജന്, കെ.എസ് സുദര്ശന്, അന്വേഷണ ഉദ്യോഗസ്ഥന് ഡിവൈഎസ്പി ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലാണ് ദിലീപിനെ ചോദ്യംചെയ്യുന്നത്. എഡിജിപി എസ്. ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലാണ് ചോദ്യം ചെയ്യൽ.