കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ നടിയെ ഹൈക്കോടതി കക്ഷിചേര്‍ത്തു. തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെടാന്‍ ദിലീപിന് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആക്രമിക്കപ്പെട്ട നടി അപേക്ഷ സമര്‍പ്പിച്ചത്.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഒരു തെളിവും ഇതുവരെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ വിചാരണ നീട്ടിക്കൊണ്ടുപോകുക എന്നതാണു പ്രോസിക്യൂഷന്റെ ലക്ഷ്യമെന്നു ദിലീപിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ബി രാമന്‍പിള്ള വാദിച്ചു. എന്നാല്‍ എന്നാല്‍ തുടരന്വേഷണത്തിന് ദിലീപ് തടസം നില്‍ക്കുന്നതെന്തിനെന്ന് ഹൈക്കോടതി ചോദിച്ചു.
നടനെതിരായ ആരോപണങ്ങളില്‍ എന്തെങ്കിലും സത്യമുണ്ടോയെന്നറിയാന്‍ അന്വേഷണം ആവശ്യമായി വരുമെന്ന് ജസ്റ്റിസ് കൗസര്‍ ഇടപ്പഗത്ത് പ്രഥമദൃഷ്ട്യാ അഭിപ്രായപ്പെട്ടു. ”അത് അന്വേഷണത്തിന്റെ കാര്യമല്ലേ? ഒരു സാക്ഷി, അയാള്‍ വിശ്വസനീയനല്ലെങ്കില്‍ പോലും, ഒരു കേസിലെ പ്രതികളിലൊരാള്‍ക്കെതിരെ കുറ്റാരോപണ തെളിവുകള്‍ പുറത്തുകൊണ്ടുവരുമ്പോള്‍, അത് അന്വേഷിക്കേണ്ടതല്ലേ?” കോടതി ചോദിച്ചു.
എന്നാല്‍ നടനെതിരായ വ്യക്തിപരമായ പകപോക്കലിന്റെ പേരിലുള്ള തെറ്റായ അന്വേഷണവും കപട റിപ്പോര്‍ട്ടുമാണിതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ബി രാമന്‍പിള്ള വാദിച്ചു. സ്‌പെഷല്‍ സെഷന്‍സ് കോടതിയില്‍ നടക്കുന്ന വിചാരണ വൈകിപ്പിക്കാനും കൃത്രിമ തെളിവുകള്‍ ഉണ്ടാക്കാനും വേണ്ടി മാത്രമാണ് പുതിയ കേസെന്നും അദ്ദേഹം വാദിച്ചു.
എല്ലാ പ്രതികള്‍ക്കും ന്യായമായ വിചാരണയ്ക്ക് അവകാശമുണ്ട്. ഒരു കേസില്‍ പ്രതിയായതുകൊണ്ട് അയാളുടെ അവകാശങ്ങള്‍ റദ്ദാക്കപ്പെടുമെന്ന് അര്‍ത്ഥമാക്കുന്നില്ലെന്ന് അദ്ദേഹം വാദിച്ചു. ക്രിമിനല്‍ നടപടിച്ചട്ടത്തിന്റെ പരിധിയില്‍ കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിടാനുള്ള മജിസ്ട്രേറ്റിന്റെ അധികാരത്തെ അദ്ദേഹം എതിര്‍ത്തു.
2017ലെ കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് ദിലീപുമായോ അദ്ദേഹത്തിന്റെ സഹോദരനുമായോ എന്തെങ്കിലും ബന്ധമുണ്ടെന്നോ അവരില്‍ ആരെങ്കിലും ഒന്നാം പ്രതിക്ക് പണം കൈമാറിയെന്നോ വ്യക്തമായ വിവരങ്ങളൊന്നുമില്ലെന്നും രാമന്‍പിള്ള വാദിച്ചു. കേസില്‍ നാളെ വാദം തുടരും.
തുടരന്വേഷണത്തിനു മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ലെന്നും വധഗൂഢാലോചനക്കേസിലെ ഇരകളാണ് തുടരന്വേഷണം നടത്തുന്നതെന്നും ദിലീപിന്റെ ഹര്‍ജിയില്‍ പറയുന്നു. കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
എന്നാല്‍, തുടരന്വേഷണം ചോദ്യം ചെയ്യാന്‍ പ്രതിക്ക് അവകാശമില്ലെന്നും ഇക്കാര്യത്തില്‍ ഇരയായ തനിക്കാണ് അവകാശമുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് ആക്രമിക്കപ്പെട്ട നടി ഹര്‍ജിയില്‍ കക്ഷിചേര്‍ന്നത്. പ്രതിക്ക് അന്വേഷണത്തില്‍ ഇടപെടാന്‍ അധികാരമില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതിയുടെ ഉത്തരവുകളുണ്ടെന്നും നടി ചൂണ്ടിക്കാട്ടി.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന തനിക്കെതിരായ കേസ് റദ്ദാക്കണമെന്നവശ്യപ്പെട്ടും ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകന്‍ ബി.രാമന്‍പിള്ള മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസും സംവിധായകന്‍ ബാലചന്ദ്രകുമാറും തനിക്കെതിരെ ഗൂഢാലോചന നടത്തി കേസ് കെട്ടിച്ചമച്ചിരിക്കുകയാണ്. ഇരുവരും വ്യക്തിവിരോധം തീര്‍ക്കുകയാണ്. ഡിജിപി ബി.സന്ധ്യ, എഡിജിപി എസ്.ശ്രീജിത്ത് എന്നിവരുടെ അറിവോടെയാണ് തനിക്കെതിരെ ഗൂഢാലോചന നടന്നിരിക്കുന്നതെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു.
ഗൂഢാലോചന കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള ആറ് കുറ്റാരോപിതര്‍ക്ക് ഹൈക്കോടതി ഫെബ്രുവരി ഏഴിനു മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കര്‍ശന ഉപാധികളോടെയാണ് ജസ്റ്റിസ് പി.ഗോപിനാഥ് ജാമ്യം അനുവദിച്ചത്. ദിലീപടക്കമുള്ളവര്‍ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി അന്വേഷണത്തില്‍ ഇടപെടരുതെന്നും ഉത്തരവില്‍ പറഞ്ഞു.
അതേസമയം, വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കേസില്‍ കുറ്റാരോപിതന്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും ദിലീപിന്റെ ചാറ്റേര്‍ഡ് അക്കൗണ്ടന്റിനെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.
കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള കുറ്റാരോപിതരെ ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം. ദിലീപിന്റെ സഹോദരന്‍ ശിവകുമാറിനോടും (അനൂപ്) സഹോദരി ഭര്‍ത്താവ് സുരാജിനോടും ഇന്ന് ഹാജരാകാന്‍ ക്രൈം ബ്രാഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.
Also Read: തലശ്ശേരിയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു; പിന്നിൽ ആർഎസ്എസ് എന്ന് ആരോപണം