കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തളളി. ദൃശ്യങ്ങൾ കൈമാറുന്നത് നടിയുടെ സ്വകാര്യതയെയും സുരക്ഷയെയും ബാധിക്കുമെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് കോടതി ഹർജി തളളിയത്. കേസിലെ രേഖകൾ ആവശ്യപ്പെട്ട് വിവിധ കോടതികളിലായി ദിലീപ് പതിനൊന്ന് ഹർജികൾ നൽകിയിരുന്നു. കേസിന്റെ വിചാരണ വൈകിപ്പിക്കാനാണ് ദിലീപിന്റെ ശ്രമമെന്നാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചത്.
ദൃശ്യങ്ങൾ ആവശ്യപ്പെട്ട് നേരത്തെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലും അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലും ദിലീപ് ഹർജി നൽകിയിരുന്നു. ദൃശ്യങ്ങൾ കൈമാറിയാൽ അത് ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്നും നടിയുടെ സ്വകാര്യതയെ അത് ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തളളിയത്. ഇതിനുപിന്നാലെയാണ് ഹർജിയുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.
ഒന്നാം പ്രതി സുനിൽകുമാർ മൊബൈലിൽ പകർത്തിയ ആക്രമണ ദൃശ്യങ്ങളിൽ സ്ത്രീ ശബ്ദമുണ്ടെന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ ഹർജി പരിഗണിക്കവേ ഹൈക്കോടതിയെ അറിയിച്ചത്. ഇത് ആക്രമിക്കപ്പെട്ട നടിയുടേത് ആണോയെന്ന് പരിശോധിക്കണമെന്നാണ് ആവശ്യം. എന്നാല്‍ അങ്കമാലി കോടതിയില്‍ വച്ച് ദൃശ്യങ്ങള്‍ കണ്ടതല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. എന്നാല്‍ പൊലീസ് കാര്യങ്ങള്‍ മറച്ചുപിടിക്കുകയാണെന്നും ശരിയായ വിചാരണയ്ക്ക് ദൃശ്യങ്ങള്‍ ലഭ്യമാക്കണമെന്നും ദിലീപിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു.
ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത ശേഷമാണ് അങ്കമാലി കോടതിയില്‍ കാണിച്ചതെന്നും വീഡിയോ കണ്ടാല്‍ മാത്രമേ ഗൂഢാലോചനകളെ കുറിച്ച് വ്യക്തമാവുകയുളളൂവെന്നും ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ ഭീതിയില്‍ കഴിയുന്ന ഇരയുടെ വീഡിയോ ഇനിയും പ്രതിയുടെ കൈയ്യില്‍ കിട്ടിയാല്‍ നടി ആജിവനാന്തം ഭീതിയില്‍ കഴിയേണ്ടി വരുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ‘നീലച്ചിത്രം നിര്‍മ്മിക്കുകയാണ് പ്രതികള്‍ ചെയ്തത്. ഈ വീഡിയോ ആവശ്യപ്പെടുന്നത് വിചിത്രമാണ്. വാര്‍ത്തകളില്‍ വീണ്ടും ചര്‍ച്ചയാവാനാണ് വീഡിയോ ആവശ്യപ്പെടുന്നത്’, പ്രോസിക്യൂഷന്‍ വാദിച്ചു. പ്രോസിക്യൂഷന്റെ വാദങ്ങൾ അംഗീകരിച്ചാണ് ഹൈക്കോടതി ഹർജി തളളിയത്.
ദിലീപ് ഉള്‍പ്പെടെ 12 പ്രതികളാണ് നടി ആക്രമിക്കപ്പെട്ട കേസിലുള്ളത്. പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി. കേസിൽ എട്ടാം പ്രതിയാണ് ദിലീപ്. സുനിക്കെതിരെ ചുമത്തിയ വകുപ്പുകള്‍ തന്നെയാണ് ദിലീപിനെതിരേയും ചുമത്തിയിരിക്കുന്നത്. 2017 ഫെബ്രുവരി 17 നാണ് നടി ആക്രമണത്തിനിരയായത്.