കൊച്ചി: നടിയെ ആക്രമിച്ചു ദൃശ്യങ്ങൾ പകർത്തിയ കേസിൽ കുറ്റവിമുക്തനാക്കണമെന്ന നടൻ ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി. വിടുതൽ ഹർജി വിചാരണ കോടതി തള്ളിയതിനെതിരെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ താൻ പ്രതി മാത്രമല്ല ഇര കൂടിയാണെന്നും ഇരയെയും പ്രതിയേയും ഒരുമിച്ച് വിചാരണ ചെയ്യാൻ ക്രിമിനൽ ചട്ടത്തിൽ വ്യവസ്ഥയില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ദിലീപിന്റെ ഹർജി.
കേസിൽ കുറ്റങ്ങൾ ചുമത്തിയതിൽ കീഴ്‌ക്കോടതിക്ക് പിഴവു പറ്റിയിട്ടുണ്ടെന്നും പൊലീസിന് ഇല്ലാത്ത കേസ് കോടതി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയെന്നും കോടതി കൂട്ടിച്ചേർത്ത ഭാഗം ഒഴിവാക്കാൻ വിചാരണക്കോടതിയിൽ അപേക്ഷ നൽകുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. പ്രോസിക്യൂഷന്റെ നിലപാട് അംഗീകരിച്ചാണ് ഹർജി കോടതി തള്ളിയത്.
Read Also: രാജ്യത്ത് കൂടുതൽ കൊറോണ കേസുകൾ, 43 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു
ദിലീപിനെ പൾസർ സുനി അടക്കമുള്ള പ്രതികൾ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതായി പ്രോസിക്യൂഷന് കേസില്ലെന്നും എന്നാൽ കുറ്റപത്രത്തിൽ കോടതിയാണ് ഈ ഭാഗം ചേർത്തതെന്നുമായിരുന്നു പ്രോസിക്യൂഷൻ നിലപാട്. കേസ് രേഖകൾ പരിശോധിച്ച വിചാരണ കോടതിയുടെ നടപടിയായിരുന്നു അത്.
പ്രതികൾ ജയിലിൽ ഗൂഢാലോചന നടത്തി ദിലീപിനോട് പണം ആവശ്യപ്പെട്ടുവെന്ന ഭാഗം കുറ്റപത്രത്തിൽ നിലനിർത്തുമെന്നും എന്നാൽ പ്രതികൾ ദിലീപിനെ ഭീഷണിപ്പെടുത്തി എന്ന ഭാഗം മാത്രം ഒഴിവാക്കുമെന്നുമായിരുന്നു പ്രോസിക്യൂഷൻ അറിയിച്ചത്. കേസിൽ 2017 ഏപ്രിൽ 17ന് പൊലീസ് ആദ്യ റിപ്പോർട്ട് സമർപ്പിച്ചെന്നും അതുവരെ കാത്തിരുന്ന ദിലീപ് തനിക്കനുകൂലമായി തെളിവുണ്ടാക്കാൻ ഇമെയിൽ വഴി 20 ന് ഡിജിപിക്ക് പരാതി നൽകുകയായിരുന്നുവെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു.
Read Also: നടിയെ ആക്രമിച്ച കേസ്: ഇര തനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് ദിലീപ് കോടതിയിൽ
പ്രതി പേരിന് ഒരു പരാതി ഡിജിപിക്ക് നൽകുകയായിരുന്നുവെന്നും ഈ പരാതി ഐജി തലത്തിൽ അന്വേഷിച്ചു തീർപ്പാക്കിയതാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. പൾസർ സുനിയും സംഘവും പണം തട്ടാനാണ് നടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങൾ പകർത്തിയതെന്നും തനിക്ക് ഒരു പങ്കില്ലെന്നുമാണ് ദിലീപിന്റെ വാദം. ഭീഷണിപ്പെടുത്തലും ഗൂഢാലോചനാ വാദവും രണ്ടാണെന്നും വെവ്വേറെ വിചാരണ വേണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം.