കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ നടൻ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. പൊലീസ് അന്വേഷണം തൃപ്‌തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ഹർജിയിലെ ആവശ്യം. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടങ്ങാനിരിക്കെയാണ് ദിലീപിന്റെ നീക്കം.

മറ്റൊരു പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതി ചേർത്തത്. പൊലീസ് തന്റെ ഭാഗം കേട്ടില്ല. മറ്റൊരു ഏജൻസിയെ കൊണ്ട് അന്വേഷിച്ച് സത്യം കണ്ടെത്തണമെന്നും ദിലീപ് ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. ഹർജി നാളെ പരിഗണിക്കും.

അതേസമയം, പ്രതിയായ ദിലീപിന് സിബിഐ അന്വേഷണം ആവശ്യപ്പെടാൻ അവകാശമില്ലെന്ന് കോടതിയെ അറിയിക്കാനാണ് പ്രോസിക്യൂഷന്റെ ശ്രമം. വിചാരണ മനഃപൂർവ്വം വൈകിക്കാനുളള ദിലീപിന്റെ നീക്കമാണ് ഇതെന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധ്യപ്പെടുത്തും.

വിദേശത്തേക്ക് പോകാൻ ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സമർപ്പിച്ച ഹർജി കഴിഞ്ഞ ദിവസം ദിലീപ് പിൻവലിച്ചിരുന്നു.

ദിലീപ് ഉള്‍പ്പെടെ 12 പ്രതികളാണ് നടി ആക്രമിക്കപ്പെട്ട കേസിലുള്ളത്. പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി. സുനിക്കെതിരെ ചുമത്തിയ വകുപ്പുകള്‍ തന്നെയാണ് എട്ടാം പ്രതിയായ ദിലീപിനെതിരേയും ചുമത്തിയിരിക്കുന്നത്. 2017 ഫെബ്രുവരി 17 നാണ് നടി ആക്രമണത്തിനിരയായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ