ആലുവ: സിനിമകളിൽ തടവുപുളളിയായി വേഷമിട്ട ജനപ്രിയ നായകൻ ദിലീപ് ഇന്നലെ അന്തിയുറങ്ങിയത് ആലുവ സബ് ജയിലിൽ. 523-ാം നമ്പർ റിമാൻഡ് തടവുകാരൻ ആയിരുന്നു ദിലീപ്. ജയിൽ ഓഫിസിനു തൊട്ടടുത്ത് എപ്പോഴും ഉദ്യോഗസ്ഥരുടെ നോട്ടമെത്തുന്ന സ്ഥലത്താണ് രണ്ടാം നമ്പർ സെല്ലിലാണ് ദിലീപിനെ പാർപ്പിച്ചത്. ഒഡീഷ സ്വദേശിയായ കൊലക്കേസ് പ്രതിയും മൂന്നു മോഷണക്കേസ് പ്രതികളുമാണു സെല്ലിലെ ദിലീപിന്റെ സഹതടവുകാർ.

ഇന്നലെ രാവിലെ എട്ടേകാലോടെയാണു ദിലീപ് ആലുവ സബ് ജയിലിൽ എത്തിയത്. ജയിലിലെ പ്രഭാതഭക്ഷണത്തിനുളള സമയം ഏഴിനായിരുന്നു. ഇതേത്തുടർന്ന് പുറത്തുനിന്ന് ഭക്ഷണം വാങ്ങി നൽകിയശേഷമാണു പൊലീസുകാർ ദിലീപിനെ ജയിലിലെത്തിച്ചത്. റിമാൻഡ് തടവുകാരനായതിനാൽ ദിലീപിന് ജയിൽവേഷം ധരിക്കേണ്ടിവന്നില്ല. രണ്ടു ജോഡി വസ്ത്രം കൈവശം സൂക്ഷിക്കാൻ റിമാൻഡ് തടവുകാർക്ക് അവകാശമുണ്ട്.

ജയിൽ അധികൃതർ അനുവദിച്ച പായ് വിരിച്ച് മറ്റു കുറ്റവാളികൾക്കൊപ്പം തറയിൽ കിടന്ന് ഉച്ചവരെ ദിലീപ് ഉറങ്ങി. ഉച്ചയ്ക്ക് ചോറും പച്ചക്കറിയുമായിരുന്നു ഭക്ഷണം. ഒരു മടിയും കൂടാതെ ഇതു കഴിച്ചു. സെല്ലിൽ ആരോടും ദിലീപ് സംസാരിച്ചില്ല. വായിക്കാൻ പത്രമോ, പുസ്തകമോ വേണോ എന്നു ഉദ്യോഗസ്ഥർ തിരക്കിയെങ്കിലും ഇപ്പോൾ ഒന്നും വായിക്കുന്നില്ലെന്നായിരുന്നു ദിലീപിന്റെ മറുപടി.

വൈകിട്ട് അഞ്ചിനാണ് ജയിലിലെ രാത്രി ഭക്ഷണം. ചോറും രസവും പുഴുക്കുമായിരുന്നു ഇന്നലെ. തനിക്ക് ഭക്ഷണം വേണ്ടെന്നു ദിലീപ് പറഞ്ഞു. ഭക്ഷണം കഴിക്കാതിരിക്കുന്നത് ശരിയായ കീഴ്‌വഴക്കമല്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതോടെ വഴങ്ങി. രാത്രി ഒൻപതിനു എല്ലാ പ്രതികളും കിടന്നിരിക്കണമെന്നാണു ജയിൽ ചട്ടം. ഈ ചട്ടം ദിലീപും അനുസരിച്ചു. ഒൻപതിനു തന്നെ ജനപ്രിയ നായകനും ഉറങ്ങാൻ കിടന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.