കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ ദിലീപടക്കമുള്ള കുറ്റാരോപിതരുടെ ഫോണുകള്‍ നാളെ ഹാജരാക്കും. മുംബൈയില്‍ പരിശോധനയ്ക്ക് അയച്ചത് രണ്ട് ഫോണുകളാണെന്നും ഇത് ഇന്ന് വൈകിട്ടോടെ എത്തുമെന്നാണ് ലഭിക്കുന്ന വിവരം. ദിലീപിന്റെ അഭിഭാഷകന് ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തിയതായി മാത്യഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഗൂഡാലോചനക്കേസില്‍ ദിലീപ്, സഹോദരന് ശിവകുമാര്‍ (അനൂപ്) ബന്ധു അപ്പു എന്നിവരുടെ ഫോണ്‍ നിര്‍ണായകമാണെന്നാണ് പ്രോസിക്യൂഷന് കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. നാളെ രാവിലെ 10.15 ന് ഹൈക്കോടതി റജിസ്ട്രാര്‍ ജനറിലിന് മുന്നില്‍ മുദ്ര വച്ച കവറില്‍ ഫോണ്‍ സമര്‍പ്പിക്കണമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നത്. ചൊവ്വാഴ്ച വരെ സമയം തരണമെന്നുള്ള ദിലീപിന്റെ ആവശ്യം നിരസിച്ചുകൊണ്ടായിരുന്നു ഉത്തരവ്.
സ്വന്തം നിലയില്‍ ഫോണ്‍ പരിശോധിക്കാന്‍ ദിലീപിന് സാധിക്കില്ലെന്നും അംഗീകൃത ഏജന്‍സികള്‍ വഴിയെ പരിശോധിക്കാന്‍ കഴിയുകയുള്ളെന്നും കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. തന്റെ ബാങ്ക് ഇടാപാടുകള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ ഫോണിലുണ്ടെന്നായിരുന്നു ദിലീപിന്റെ മറുപടി. എന്നാല്‍ കേസിന്റെ ഗുണകരമായ മുന്നോട്ട് പോക്കിന് ഫോണ്‍ ആവശ്യമാണെന്നും ഗൂഡാലോചനയില്‍ ഡിജിറ്റല്‍ തെളിവുകള്‍ പ്രധാനമാണെന്നും പ്രോസിക്യൂഷന് കോടതിയോട് പറഞ്ഞു.
ഗൂഡാലോചനക്കേസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു ദിലീപിന്റെ പ്രധാന ആരോപണം. താന്‍ സര്‍ക്കാരിന്റെയും മാധ്യമങ്ങളുടേയും ഇരയാണെന്നും കോടതി മാത്രമാണ് ആശ്രയമെന്നും ദിലീപ് കോടതിയില്‍ അപേക്ഷിച്ചു. ലോക്കല്‍ പൊലീസ് റജിസ്റ്റര്‍ ചെയ്യേണ്ട കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത് ദുരൂഹമണ് തുടരന്വേഷണത്തിന് പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കില്ലെന്ന് കണ്ടാണ് പുതിയ കേസെന്നും ദിലീപിന്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു.
എന്നാല്‍ ദിലീപിന്റെ വാദങ്ങള്‍ എല്ലാം തള്ളിയായിരുന്നു ഫോണ്‍ തിങ്കളാഴ്ച ഹാജരാക്കണമെന്ന കടുത്ത നിലപാട് കോടതി സ്വീകരിച്ചത്. ഗൂഡാലോചനക്കേസില്‍ ദിലീപ്, സഹോദരൻ ശിവകുമാര്‍ (അനൂപ്), സഹോദരി ഭർത്താവ് സുരാജ്, ബൈജു ചെങ്ങമനാട്, കൃഷ്ണപ്രസാദ്, വി ഐ പി എന്ന് സംശയിക്കുന്ന ശരത് എന്നിവരുടെ ജാമ്യാപേക്ഷകളാണ് കോടതിയുടെ പരിഗണനയിലുള്ളത്. കോടതി അനുമതി നൽകിയതിനെ തുടർന്ന് പ്രതികളെ ക്രൈംബ്രാഞ്ച് മൂന്ന് ദിവസം ചോദ്യം ചെയ്തിരുന്നു.
Also Read: രാജ്യത്ത് 2.34 ലക്ഷം പേര്‍ക്ക് കോവിഡ്, 893 മരണം; രോഗവ്യാപന നിരക്കില്‍ വര്‍ധനവ്