കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ വിചാരണക്കോടതിക്കെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചു. പ്രോസിക്യൂഷന്റെ ആവശ്യങ്ങൾ വിചാരണക്കോടതി പരിഗണിക്കുന്നില്ലന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം കോടതി നിരസിച്ചതിനെ തുടർന്നാണ് പ്രാസിക്യൂഷൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
കേസിൽ പ്രോസിക്യൂഷന്റെ നിർണായക വാദങ്ങൾ കോടതി രേഖപ്പെടുത്തുന്നില്ലന്നും പ്രതികളുടെ ഫോൺ വിളികളുടെ അസൽ രേഖകൾ വിളിച്ചു വരുത്തണമെന്ന ആവശ്യം നിരസിച്ചുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിചാരണക്കോടതിക്കെതിരെ നേരത്തെയും പ്രോസിക്യൂഷന് പരാതി ഉണ്ടായിരുന്നു. ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചങ്കിലും ഹർജി തള്ളി.
കോടതിക്കെതിരെ പരാതി ഉണ്ടങ്കിൽ എന്തുകൊണ്ട് അറിയിച്ചില്ലന്ന് അന്ന് കോടതി ചോദിച്ചിരുന്നു. നടിയെ ആക്രമിച്ച സംഭവത്തിൽ പുതിയ ചില വെളിപ്പെടുത്തൽ കൂടി വന്ന സാഹചര്യത്തിൽ കൂടിയാണ് പ്രോസിക്യൂഷന്റെ നടപടി. കേസിലെ പ്രധാന സാക്ഷികളിൽ ഒരാളായ നടി മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്താൻ വിചാരണ കോടതി തയ്യാറായില്ലന്ന് പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു.
Also Read: ഒമിക്രോണ്‍: സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ രാത്രികാല നിയന്ത്രണം; ആള്‍കൂട്ടം അനുവദിക്കില്ല