കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം ചൊവ്വാഴ്‌ച സമർപ്പിക്കും. നടൻ ദിലീപ് എട്ടാം പ്രതിയാകുമെന്നാണ് റിപ്പോർട്ടുകൾ. അന്തിമ കുറ്റപത്രത്തിൽ ദിലീപ് ഉൾപ്പടെ 11 പ്രതികൾ ഉണ്ടാകും. 450 രേഖകളും മുന്നൂറിലേറെ സാക്ഷികളും കുറ്റപത്രത്തിന്റെ ഭാഗമാകും. ഗൂഢാലോചനയിൽ ദിലീപിന്റെയും പൾസർ സുനിയുടെയും പേരുകൾ മാത്രമാണ് ഉള്ളതെന്നാണ് റിപ്പോർട്ടുകൾ.

നേരത്തെ ദിലീപിനെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയതെന്ന് സൂചനകൾ പുറത്തു വന്നിരുന്നു. എന്നാൽ കുറ്റപത്രം അഴിച്ചു പണിയേണ്ടി വരുമെന്നതിനാൽ എട്ടാം പ്രതിയാക്കുകയായിരുന്നു. കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി അന്തിമമായ ചില വ്യക്തതകൾ തേടി അന്വേഷണസംഘം ദിലീപിനേയും സഹോദരൻ അനൂപിനേയും ചോദ്യം ചെയ്‌തിരുന്നു. ദിലീപ് സമർപ്പിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതുമായി ബന്ധപ്പെട്ട് പുതിയ കേസ് റജിസ്റ്റർ ചെയ്യുന്നതും അന്വേഷണസംഘത്തിന്റെ പരിഗണനയിലാണ്.

അതേസമയം, നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പ്രതികൾ സംഘടിതമായി ഒളിപ്പിച്ചുവെന്ന് അന്വേഷണ സംഘം കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടും. പൾസർ സുനി മൊബൈൽ ഫോൺ കൈമാറിയ അഡ്വക്കേറ്റ് പ്രതീഷ്‌ ചാക്കോ, ഇയാളുടെ ജൂനിയറും ഫോൺ നശിപ്പിച്ചെന്ന് മൊഴി നൽകിയ അ‌‌ഡ്വ. രാജു ജോസഫ്, ദിലീപ്, ഭാര്യ കാവ്യാ മാധവൻ, സംവിധായകൻ നാദിർഷാ എന്നിവരെ പലവട്ടം ചോദ്യംചെയ്തിട്ടും പ്രധാന തൊണ്ടിമുതലായ ഫോൺ കണ്ടെടുക്കാനായില്ലെന്നും പൊലീസ് കോടതിയെ അറിയിക്കും.

അതിനിടെ സ്ഥാപനത്തിന്റെ ശാഖ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിദേശത്തു പോകാന്‍ പാസ്പോര്‍ട്ട് വിട്ടുകിട്ടണമെന്ന ആവശ്യവുമായി ദിലീപ് കോടതിയെ സമീപിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് പൊലീസിന്റെ നീക്കമെന്നതും ശ്രദ്ധേയമാണ്. ഈ വര്‍ഷം ഫെബ്രുവരി 17 നാണ് നടി ആക്രമണത്തിനിരയായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ