കൊച്ചി: നടിയെ ആക്രമിച്ച സംഭവം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ നടന് ദിലീപ് ഉള്‍പ്പെടെയുള്ള അഞ്ച് കുറ്റാരോപിതരെ ചോദ്യം ചെയ്യുന്നത് അവസാനിച്ചു. മൂന്നു ദിവസമായി 33 മണിക്കൂറാണ് ഇവരെ ക്രൈം ബ്രാഞ്ചിന്റെ കളമശേരി ഓഫിസിൽ ചോദ്യം ചെയ്തത്.
ചോദ്യം ചെയ്യലിനായി ഹൈക്കോടതി അനുവദിച്ച മൂന്നു ദിവസത്തെ സമയം ഇന്നു രാത്രി എട്ടോടെ അവസാനിച്ചിരുന്നു. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി രാവിലെ ഒന്‍പതു മുതല്‍ രാത്രി എട്ടുവരെ ദിലീപ് ഉള്‍പ്പെടെയുള്ള അഞ്ച് കുറ്റാരോപിതരെ ചോദ്യം ചെയ്യാമെന്നു ശനിയാഴ്ചയാണ് ഹൈക്കോടതി ഉത്തരവിട്ടത്.
ചോദ്യം ചെയ്യല്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് വ്യാഴാഴ്ച കോടതിയില്‍ സമര്‍പ്പിക്കണം. അതിനുശേഷമായിരിക്കും ദിലീപ് ഉള്‍പ്പെടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി പറയുക. അതുവരെ അറസ്റ്റ് പാടില്ലെന്നു കോടതി ഉത്തരവിട്ടിരുന്നു.
അതേസമയം, ഗൂഡാലോചന കേസിനു പിന്നാലെ ദിലീപ് ഉൾപ്പെടെ നാല് കുറ്റാരോപിതർ ഫോൺ മാറ്റിയെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. ദിലീപിന്റെ വീട്ടിൽനിന്നു പിടിച്ചെടുത്തത് പുതിയ ഫോണാണെന്നും പഴയതു ഹാജരാക്കാൻ ആവശ്യപ്പെട്ടു ക്രൈം ബ്രാഞ്ച് നോട്ടിസ് നൽകിയെന്നുമാണ് വിവരം. റെയ്ഡിൽ പൊലീസ് പിടിച്ചെടുത്ത ചില ഡിജിറ്റൽ വസ്തുക്കളുടെ ഫോറൻസിക് റിപ്പോർട്ട് ലഭിക്കാനുമുണ്ട്.
ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ വ്യാസന് എടവനക്കാടിനെ ക്രൈംബ്രാഞ്ച് ഇന്ന് വിളിച്ചുവരുത്തിയിരുന്നു. ബാലചന്ദ്രകുമാര്‍ നല്കിയ ഓഡിയോ ക്ലിപ്പുകളിലെ ദിലീപിന്റെ ശബ്ദം വ്യാസന് തിരിച്ചറിഞ്ഞതായാണ് വിവരം. ശബ്ദം തിരിച്ചറിയാനായാണ് തന്നെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ചതെന്ന് വ്യാസന് നേരത്തെ പറഞ്ഞിരുന്നു.
സംവിധായകരായ റാഫി, അരുണ്‍ ഗോപി, ദിലീപിന്റെ നിര്‍മാണക്കമ്പനി ഗ്രാന്‍ഡ് പ്രൊഡക്ഷനിലെ മാനേജരടക്കം മൂന്ന് ജീവനക്കാര്‍ എന്നിവരെ ക്രൈംബ്രാഞ്ച് തിങ്കളാഴ്ച ഓഫീസിലേക്കു വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
ദിലീപിനോട് ബാലചന്ദ്രകുമാറിന് ദേഷ്യമുള്ളതായി തോന്നിയിട്ടില്ലെന്നും സിനിമ നടക്കാതെ നീണ്ടുപോകുന്നത് സംബന്ധിച്ച് ചെറിയ മാനസിക വിഷമങ്ങള്‍ ഉണ്ടായിരുന്നെന്നുമാണു റാഫി ക്രൈം ബ്രാഞ്ചിനു മൊഴിനല്‍കിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞത്.
ക്രൈം ബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്ത് ഇന്ന് ഒരുമണിക്കൂറോളം ചോദ്യംചെയ്യലില്‍ പങ്കെടുത്തു. കഴിഞ്ഞദിവസവും അദ്ദേഹം ചോദ്യം ചെയ്യലില്‍ പങ്കെടുത്തിരുന്നു.
Also Read: ദിലീപിനോട് വൈരാഗ്യമുള്ളതായി ബാലചന്ദ്രകുമാര്‍ പറഞ്ഞിട്ടില്ല: സംവിധായകന് റാഫി
ദിലീപ്, സഹോദരന് പി. ശിവകുമാര്‍ (അനൂപ്), സഹോദരി ഭര്‍ത്താവ് ടി.എന്‍.സൂരജ്, ബി.ആര്.ബൈജു, ആര്.കൃഷ്ണപ്രസാദ്, ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളാണു കോടതിയുടെ മുന്നിലുള്ളത്. ഇതില്‍ ശരത് ഒഴികെയുള്ളവരെയാണു ചോദ്യം ചെയ്യുന്നത്.
സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഗൂഢാലോചനക്കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം, കേസില്‍ വിചാരണയ്ക്കു കൂടുതല്‍ സമയം വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി ഇന്നലെ തള്ളിയിരുന്നു. ഇക്കാര്യത്തില്‍ വിചാരണക്കോടതി ആവശ്യപ്പെട്ടാല്‍ സമയം നീട്ടിനല്‍കുമെന്നു ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കറും ജസ്റ്റിസ് സി ടി രവികുമാറും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.