ആലുവ: യുവനടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റിവച്ചു. കസ്റ്റഡി കാലാവധി കഴിഞ്ഞ് ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിധി പറയുമെന്ന് അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അറിയിച്ചു.

ദിലീപിനെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ കോടതി വിട്ടിരുന്നു. ദിലീപിനെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. മജിസ്ട്രേറ്റിന്റെ ചേംബറിലാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. ദിലീപിന്രെ കസ്റ്റഡി അപേക്ഷയിൽ മൂന്നു ദിവസമാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടതെങ്കിലും കോടതി രണ്ടു ദിവസമാണ് അനുവദിച്ചത്. ദിലീപിനെ വെളളിയാഴ്ച കോടതിയിൽ ഹാജരാക്കും.

ദിലീപിന്റെ റിമാൻഡ് റിപ്പോർട്ടിനെ അദ്ദേഹത്തിന്റെ അഭിഭാഷകൻ രാംകുമാർ എതിർത്തു. റിമാൻഡ് റിപ്പോർട്ടിൽ ദിലീപിനെതിരെ പ്രാഥമിക തെളിവില്ല. പ്രതികളെ ദിലീപ് വിളിച്ചതിന് യാതൊരു തെളിവും ഇല്ലെന്നും അഭിഭാഷകൻ വാദിച്ചു. പൊലീസിന്റെ കണ്ടെത്തലുകൾ അടിസ്ഥാനരഹിതമാണ്. ദിലീപിനെതിരെയുളള 19 തെളിവുകളും തളളണമെന്ന് അഭിഭാഷകൻ കോടതിയിൽ വാദിച്ചു. വാദം കേട്ട കോടതി ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റിവച്ചു.

കോടതിയിൽനിന്നും ദിലീപിനെ ആലുവ പൊലീസ് ക്ലബിൽ എത്തിച്ചു. ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. പുറത്ത് തെളിവെടുപ്പിന് കൊണ്ടുപോകുമെന്നും സൂചനയുണ്ട്. നാദിർഷയെയും ദിലീപിന്റെ മാനേജർ അപ്പുണ്ണിയെയും ആലുവ പൊലീസ് ക്ലബിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്.

ഇന്നു രാവിലെ 10.20 ഓടെയാണ് ദിലീപിനെ അങ്കമാലി കോടതിയിൽ എത്തിച്ചത്. ദിലീപിനെ കാണാനായി നിരവധി പേർ കോടതി പരിസരത്ത് തടിച്ചു കൂടിയിരുന്നു. രാവിലെ മുതൽ തന്നെ കോടതി പരിസരത്ത് വൻ ജനക്കൂട്ടം തിങ്ങി നിറഞ്ഞിരുന്നു. കനത്ത പൊലീസ് സുരക്ഷയിലാണ് ദിലീപിനെ കോടതിയിൽ എത്തിച്ചത്. ദിലീപിനെ കാണാൻ സഹോദരൻ അനൂപ് കോടതിയിലെത്തിയിരുന്നു. ദിലീപ് എത്തിയപ്പോൾ കൂവി വിളിച്ചാണ് ജനം വരവേറ്റത്. ദിലീപിന്റെ അഭിഭാഷകനെയും ജനക്കൂട്ടം കൂവി വിളിച്ചു.

യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിൽ ഗൂഢാലോചന കുറ്റത്തിനാണ് ദിലീപ് അറസ്റ്റിലായത്. തിങ്കളാഴ് പുലർച്ചെ രഹസ്യ കേന്ദ്രത്തിലേക്ക് വിളിച്ചുവരുത്തിയ ദിലീപിനെ 12 മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് സന്ധ്യയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ 7.30 നു ശേഷമാണ് ദിലീപിനെ ആലുവ സബ് ജയിലിൽ എത്തിച്ചത്. 523-ാം നമ്പർ റിമാൻഡ് തടവുകാരൻ മാത്രമായിരുന്നു ആലുവ സബ്ജയിലിൽ ദിലീപ്.

സുരക്ഷാ ഭീഷണി കണക്കിലെടുത്തു ദിലീപിനെ പ്രത്യേക സെല്ലിൽ പാർപ്പിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതിയിൽ നിന്ന് അത്തരം നിർദേശങ്ങളൊന്നും ജയിൽ അധികൃതർക്കു ലഭിച്ചിരുന്നില്ല. കൊലക്കേസ് പ്രതിയും മോഷണം, പിടിച്ചുപറി കേസ് പ്രതികളും ആയിരുന്നു ദിലീപിനൊപ്പം സെല്ലിലുണ്ടായിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.