ആലുവ: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അങ്കമാലി കോടതിയിലെത്തിച്ചപ്പോൾ കൂവി വിളിച്ചാണ് ജനം വരവേറ്റത്. ദിലീപിനെ മാത്രമല്ല അദ്ദേഹത്തിന്റെ അഭിഭാഷകൻ രാംകുമാറിനെയും സഹോദരൻ അനൂപിനെയും കൂവി വിളിച്ചു.

രാവിലെ 9.45 ഓടെയാണ് ദിലീപിനെയും കൊണ്ട് പൊലീസ് വാഹനം ആലുവ സബ് ജയിലിൽനിന്നും അങ്കമാലിയിലെ കോടതിയിലേക്ക് തിരിച്ചത്. കനത്ത പൊലീസ് സുരക്ഷയിലാണ് ദിലീപിനെ കൊണ്ടുപോയത്. യാത്രയ്ക്കിടയിൽ റോഡിനിരുവശവും നിന്ന് ജനങ്ങൾ ദിലീപിനെതിരെ മുദ്രാവാക്യം വിളിച്ചു. കോടതിക്കു സമീപത്തായി ജനക്കൂട്ടം തടിച്ചു കൂടിയിരുന്നു. കോടതിക്കു ചുറ്റുമുളള കെട്ടിടത്തിനു മുകളിലും ജനക്കൂട്ടം കാണാമായിരുന്നു.

10.15 ഓടെയാണ് ദിലീപിനെയും കൊണ്ട് പൊലീസ് വാഹനം കോടതിയിലെത്തിയത്. വാഹനത്തിൽനിന്നും ദിലീപ് പുറത്തിറങ്ങവേ ജനക്കൂട്ടം കൂവി വിളിച്ചു. പൊലീസ് സുരക്ഷയിൽ ദിലീപ് കോടതിക്ക് അകത്തേക്ക് പോയി. പിന്നാലെയെത്തിയ ദിലീപിന്റെ അഭിഭാഷകൻ കെ.രാംകുമാറിനെയും സഹോദരൻ അനൂപിനെയും ജനം വെറുതെ വിട്ടില്ല. ഇരുവർക്കുനേരെയും ജനം കൂവി വിളിച്ചു.

കോടതിയിൽ ഹാജരാക്കിയ ദിലീപിനെ രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജനക്കൂട്ടത്തിനിടയിലെ കൂവി വിളികൾ കേട്ട് ദിലീപ് പൊലീസ് വാഹനത്തിലേക്ക് കയറി. 11.30 ഓടെ ദിലീപിനെയും കൊണ്ട് പൊലീസ് വാഹനം ആലുവ പൊലീസ് ക്ലബിലേക്ക് പോയി.

Read More : ‘ദിലീപിനെ കുറിച്ച് ഇങ്ങനെ കരുതിയില്ല, ഞാന്‍ മരവിച്ച അവസ്ഥയില്‍’: പ്രതികരണവുമായി ലാല്‍ 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ