കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യാപേക്ഷ തളളിക്കൊണ്ട് ഹൈക്കോടതി നടത്തിയത് ഗൗരവമായ നിരീക്ഷണങ്ങൾ. പ്രഥമദൃഷ്ട്യാ കേസിലെ 11-ാം പ്രതിയായ ദിലീപിനെതിരെ കൃത്യമായ സാഹചര്യ തെളിവുണ്ടെന്ന് 11 പേജുളള ഹൈക്കോടതിയുടെ വിധി പകർപ്പിൽ പറയുന്നു. കേസിൽ ഗൂഢാലോചനക്കുറ്റമാണ് ദിലീപിനെതിരെ ചുമത്തിയിരുന്നത്. ദിലീപ് ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്ന അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചില്ല. ഗൂഢാലോചന രഹസ്യമായി നടക്കുന്ന ഒന്നാണ്. ഗൂഢാലോചനയ്ക്ക് നേരിട്ടുളള തെളിവുകൾ ലഭിക്കുകയെന്നത് പ്രയാസകരമാണ്. സാഹചര്യത്തെളിവുകളാണ് ഗൂഢാലോചനയ്ക്ക് പ്രധാനം. ഗൂഢാലോചനക്കുറ്റത്തിന് ആവശ്യമായ സാഹചര്യ തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ടെന്ന് വിധി പകർപ്പിൽ പറയുന്നു.

കേസിലെ മുഖ്യപ്രതി പൾസർ സുനിയും 11-ാം പ്രതി ദിലീപുമായി ഗൂഢാലോചനയ്ക്കായി 5 സ്ഥലങ്ങളിൽ ഒന്നിച്ചു കണ്ടിട്ടുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. അത് തെളിയിക്കുന്നതിനാവശ്യമായ ശാസ്ത്രീയ തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ദിലീപിന്റെയും പൾസർ സുനിയുടെയും മൊബൈൽ കോൾ റെക്കോർഡുകളാണ് ശാസ്ത്രീയ തെളിവുകളായി പൊലീസ് ശേഖരിച്ചത്. ഇത് കോടതി അംഗീകരിച്ചു.
കേസിൽ 14 ദിവസത്തെ ആദ്യ റിമാൻഡ് മാത്രമാണ് പൂർത്തിയായി വരുന്നത്. അതുകൊണ്ട് ഈ ഘട്ടത്തിൽ പ്രതിക്ക് ജാമ്യം നൽകാനാവില്ല.

പ്രതിക്ക് സമൂഹത്തിൽ ഉന്നതബന്ധം ഉണ്ട്. സിനിമാ മേഖലയിലെ എല്ലാ രംഗങ്ങളിലും പ്രതിക്ക് സ്വാധീനമുണ്ട്. പല സാക്ഷികളും സിനിമാ മേഖലയിൽ നിന്നളളവരാണ്. ഇത്രയും സ്വാധീനമുളള പ്രതിക്ക് സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. മൊബൈൽ ഫോണും മെമ്മറി കാർഡും ഇതുവരെ കണ്ടെത്താനായില്ല. മൊബൈലിലെ നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പുറത്തെത്തിയാൽ ഇരയുടെ ജീവനു പോലും ഭീഷണി ഉണ്ടാകും. നീചമായ കുറ്റകൃത്യമാണ് നടന്നത്. നടിയെ ആക്രമിച്ച സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും കോടതിയുടെ വിധി പകർപ്പിൽ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ