കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അനുമതി തേടി ദിലീപ് എറണാകുളം അഡീ.സെഷന്‍സ് കോടതിയില്‍ ഹർജി സമര്‍പ്പിച്ചു. ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ധരെ അന്വേഷിക്കുകയാണന്ന് ദിലീപിന്റെ അഭിഭാഷകന്‍ അറിയിച്ചു. കേരളത്തിന് പുറത്ത് നിന്നുള്ളവരെയാണ് പരിഗണിക്കുന്നതെന്നും കോടതിയില്‍ വ്യക്തമാക്കി.

ഒരാഴ്ചക്കകം ഇതു സംബന്ധിച്ച വിവരം അറിയിക്കണമെന്ന് വിചാരണക്കോടതി പറഞ്ഞു. ജാമ്യം റദ്ദാക്കിയ ഒന്‍പതാം പ്രതി സനല്‍ കുമാറിനെ ഹാജരാക്കാന്‍ ജാമ്യക്കാര്‍ക്ക് കോടതി പത്താം തിയതി വരെ സമയം അനുവദിച്ചു. പത്തിനു മുന്‍പ് പ്രതിയെ ഹാജരാക്കിയില്ലെങ്കില്‍ ബോണ്ട് തുകയായ ഒരു ലക്ഷത്തി അറുപതിനായിരം രൂപ രണ്ടാളും പിഴയായി കോടതിയില്‍ അടക്കേണ്ടിവരുമെന്നു കോടതി വ്യക്തമാക്കി. കുറ്റപത്രത്തിന്‍ മേലുള്ള പ്രതിഭാഗം വാദവും അടുത്ത 11 ലേക്കു മാറ്റി.

Also Read: നടിയെ ആക്രമിച്ച കേസ്: വിചാരണ നടപടികള്‍ പുനരാരംഭിച്ചു, ദിലീപ് ഹാജരായില്ല

കേസിൽ സുപ്രീം കോടതിയിൽ നിന്ന് ദിലീപിന് തിരിച്ചടി നേരിട്ടിരുന്നു. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ദൃശ്യങ്ങള്‍ ദിലീപിന് നല്‍കില്ലെന്നും എന്നാല്‍ ദൃശ്യങ്ങള്‍ കാണാമെന്നും കോടതി വ്യക്തമാക്കി. ഇരയുടെ സ്വകാര്യത മാനിച്ചാണ് നടപടിയെന്ന് കോടതി വ്യക്തമാക്കി.

കോടതിയിൽ വച്ച് ദിലീപിനോ അഭിഭാഷകനോ ദൃശ്യങ്ങൾ കാണാനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. ദൃശ്യങ്ങള്‍ കേസിലെ രേഖയാണെന്നും അവ കാണുവാന്‍ തനിക്ക് അവകാശമുണ്ടെന്നും ദിലീപ് സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു.

Also Read: സദാചാരബോധത്തിനും മാന്യതയ്ക്കും നിരക്കാത്തത്; സിസ്റ്റർ ലൂസിയുടെ ആത്മ കഥ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹർജി

ദിലീപിന് ദൃശ്യങ്ങൾ കൈമാറുന്നതിനെ ഇരയാക്കപ്പെട്ട നടി ശക്തമായി എതിർത്തിരുന്നു. സുപ്രീം കോടതിയിലാണ് നടി എതിർപ്പ് അറിയിച്ചത്. കര്‍ശന ഉപാധികളോടെയാണെങ്കിലും ദൃശ്യങ്ങള്‍ നല്‍കരുതെന്ന് സുപ്രീം കോടതിയില്‍ നടി രേഖാമൂലം ആവശ്യപ്പെട്ടു. എന്നാല്‍, ദിലീപിന് ദൃശ്യങ്ങള്‍ കാണാമെന്നും അതിനു തടസ്സമില്ലെന്നും നടി അറിയിച്ചിരുന്നു. ദൃശ്യങ്ങള്‍ നല്‍കുന്നതിനെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാരും വാദമുഖങ്ങള്‍ എഴുതി നല്‍കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.