കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി പ്രതികൾ സഹകരിക്കുന്നില്ലെന്ന് കോടതി. വിവിധ ആവശ്യങ്ങളുമായി തുടര്‍ച്ചയായി ഹര്‍ജികള്‍ സമര്‍പ്പിച്ച് കേസിന്റെ വിചാരണ വൈകിപ്പിക്കാന്‍ പ്രതികള്‍ ശ്രമിക്കുകയാണ്. ഇത് വിചാരണയ്‌ക്ക് തടസ്സം സൃഷ്‌ടിക്കുന്നുവെന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ചൂണ്ടിക്കാട്ടി.

പള്‍സര്‍ സുനിയുടെ അഭിഭാഷകരായിരുന്ന പ്രതീഷ് ചാക്കോ രാജു ജോസഫ് എന്നിവരുടെ വിടുതൽ ഹർജികൾ തളളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമർശം. ഇരുവർക്കുമെതിരെ മതിയായ തെളിവുകളുണ്ടെന്നും ഇവർ വിചാരണ നേരിടണമെന്നും കോടതി അറിയിച്ചു. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്നതാണ് പ്രതീഷ് ചാക്കോയ്‌ക്കും രാജു ജോസഫിനും എതിരെയുളള കേസ്. തെളിവ് നശിപ്പിച്ചു എന്ന കുറ്റമാണ് ഇരുവര്‍ക്കും എതിരെ ചുമത്തിയിരിക്കുന്നത്.

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ ഫോൺ പ്രതീഷ് ചാക്കോയെ ഏൽപ്പിച്ചുവെന്നാണ് പൾസർ സുനി മൊഴി നൽകിയത്. പക്ഷേ പൊലീസ് പ്രതീഷിനെയും രാജുവിനെയും ചോദ്യം ചെയ്‌തെങ്കിലും ഫോൺ കണ്ടെടുക്കാൻ സാധിച്ചില്ല.

അതേസമയം, ദിലീപിന് ആക്രമിക്കപ്പെട്ട നടിയുടെ വൈദ്യപരിശോധനാ ഫലം നല്‍കാന്‍ കോടതി ഉത്തരവായി. മറ്റ് പ്രതികള്‍ക്ക് ഇത് നേരത്തെ അനുവദിച്ചിരുന്നു. എന്നാൽ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ