നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഒരു സെൽഫി പ്രചരിച്ചിരുന്നു. രണ്ടു പൊലീസുകാർക്കൊപ്പം ദിലീപ് നിൽക്കുന്ന സെൽഫിയായിരുന്നു അത്. “കസ്റ്റഡിയിലെ സെൽഫി ” എന്ന തലക്കെട്ടോടെയാണ് ചിത്രം പ്രചരിച്ചത്. ചിത്രത്തിൽ നീല ഷർട്ടായിരുന്നു ദിലീപ് ധരിച്ചിരുന്നത്. ഇതേ നിറമുളള ഷർട്ടായിരുന്നു ആലുവ സബ് ജയിലിൽ എത്തിയപ്പോൾ ദിലീപ് ധരിച്ചിരുന്നത്. ഇതോടെയാണ് സെൽഫിയും അതിലെ പൊലീസുകാരും പുലിവാലു പിടിച്ചത്.

കസ്റ്റഡിയിലായ ദിലീപിനൊപ്പം പൊലീസുകാർ എടുത്ത സെൽഫി എന്നു പറഞ്ഞാണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചിത്രം പ്രചരിക്കപ്പെട്ടത്. കസ്റ്റഡിയിൽ ദിലീപിന് വിഐപി പരിഗണനയാണ് കിട്ടുകയെന്നും കേസിൽനിന്നും എളുപ്പത്തിൽ ദിലീപ് രക്ഷപ്പെടുമെന്നും ചിലർ പ്രചരിപ്പിച്ചു. സെൽഫി വ്യാജരീതിയിൽ പ്രചരിച്ചതോടെ സത്യാവസ്ഥ വെളിപ്പെടുത്തി ചിത്രത്തിലുളള പൊലീസുകാരിൽ ഒരാളായ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ അരുണ്‍ സൈമൺ രംഗത്തെത്തി.

കസ്റ്റഡിയിലെ സെൽഫി ” എന്നും പറഞ്ഞ് പ്രചരിക്കുന്ന ദിലീപുമൊത്തുള്ള എന്റെ ഫോട്ടോ വ്യാജമാണെന്നും ജോർജേട്ടൻസ് പൂരം എന്ന സിനിമ ഷൂട്ടിങ്ങിനായി ദിലീപ് ഇരിങ്ങാലക്കുട വന്നപ്പോൾ എടുത്തതാണെന്നും അരുൺ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ