കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് ഹാജരാക്കിയ ഫോണുകള്‍ ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനു കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതി റജിസ്ട്രാര്‍ ജനറല്‍ ഇന്നു തന്നെ ഫോണുകള്‍ കൈമാറണം.
ദിലീപിന്റെ ഫോണുകളുടെ പരിശോധന മജിസ്ട്രേറ്റിന്റെ മേല്‍നോട്ടത്തില്‍ നടക്കും. ഫോണുകൾ അന്വേഷണസംഘത്തിനു കൈമാറുന്ന കാര്യത്തിൽ മജിസ്ട്രേറ്റിനു തീരുമാനമെടുക്കാം. അന്വേഷണസംഘത്തിന് അപേക്ഷയുമായി മജിസ്ട്രേറ്റിനെ സമീപിക്കാം. മുൻകൂർ ജാമ്യഹർജി മറ്റന്നാള്‍ വീണ്ടും പരിഗണിക്കും.
ദിലീപ് ഹാജരാക്കിയ ആറ് ഫോണുകളാണു ആലുവ കോടതിക്കു കൈമാറേണ്ടത്. ക്രമനമ്പര്‍ രണ്ടു മുതല്‍ ഏഴു വരെയുള്ള ഫോണുകളാണിവ. ഈ ഫോണുകള്‍ അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും ജിസ്ട്രാര്‍ ജനറലിന്റെ ഓഫിസില്‍ പരിശോധിച്ചു. തുടര്‍ന്നാണ് ഫോണുകള്‍ ആലുവ മജിസ്ട്രേറ്റിനു കൈമാറാന്‍ കോടതി ഉത്തരവിട്ടത്.
മജിസ്ട്രേറ്റ് ആവശ്യപ്പെട്ടാല്‍ ഫോണുകളുടെ അണ് ലോക്ക് പാറ്റേണ്‍ അല്ലെങ്കില്‍ പിന് നമ്പര്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം, പ്രോസിക്യൂഷന് ആവശ്യപ്പെട്ട ഒന്നാമത്തെ ഫോണ്‍ ഏതാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. എന്നാല്‍ കോള്‍ രേഖകള്‍ പരിശോധിച്ചതില്‍നിന്ന് ഈ ഫോണ്‍ ദിലീപ് തന്നിട്ടില്ലെന്നാണു വ്യക്തമാവുന്നതെന്നു ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ബോധിപ്പിച്ചു.
Also Read: വധഗൂഢാലോചനക്കേസ്: ദിലീപിന്റെ ഫ്ലാറ്റില്‍ തെളിവെടുപ്പ്
ദിലീപിനെ കസ്റ്റഡിയില്‍ ലഭിക്കണമെന്ന വാദം പ്രോസിക്യൂഷന് ആവര്‍ത്തിച്ചു. ഇപ്പോള്‍ തന്നെ ധാരാളം തെളിവുകള്‍ കിട്ടി. കൂടുതല്‍ തെളിവുകള്‍ക്കായി കസ്റ്റഡിയില്‍ ലഭിക്കേണ്ടതുണ്ടെന്നും ഡിജിപി പറഞ്ഞു.
പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് (ഡിജിപി) കോടതിയില്‍ പറഞ്ഞു. 2021 ഓഗസ്റ്റ് 31 വരെ ദിലീപ് ഉപയോഗിച്ച ഫോണാണ് കൈമാറാത്തത്. ഈ ഫോണിനെ പറ്റി തനിക്കൊന്നും അറിയില്ല എന്നാണ് ദിലീപ് അവകാശപ്പെടുന്നത്. എന്നാല്‍ 12,100 കോളുകള്‍ വിളിച്ച ഒരു ഫോണിനെപ്പറ്റി അറിയില്ലെന്ന് പറയുന്നതെങ്ങനെയെന്ന് ഡിജിപി ചോദിച്ചു.
കേസില്‍ ചില പുതിയ ഫോണുകള്‍ കൂടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഡിജിപി ബോധിപ്പിച്ചു. നിയമപരമായി നിങ്ങള്‍ക്ക് എന്തും ചെയ്യാമെന്ന് കോടതി വ്യക്തമാക്കി. ഡിജിപി തെളിവുകള്‍ ജഡ്ജിക്കു കൈമാറുകയും അദ്ദേഹമത് പരിശോധിക്കുകയും ചെയ്തു.
നിങ്ങള്‍ അന്വേഷണവുമായി സഹകരിച്ചോയെന്നാണ് നോക്കുന്നതെന്നു ഒരു ഘട്ടത്തില്‍ കോടതി പ്രതിഭാഗത്തോട് പറഞ്ഞു. ദിലീപിനു കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുവെന്ന് നാളെ മറ്റു പ്രതികള്‍ പറയാന്‍ ഇടയാക്കരുതെന്നും അത് പ്രോത്സാഹിപ്പിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
കോടതി ഉത്തരവിനെ മറയാക്കി പ്രതികൾ പല തെളിവുകളും ഇല്ലാതാക്കിയെന്ന് പ്രോസിക്യൂഷന് ഇന്നലെ ആരോപിച്ചിരുന്നു. ഞങ്ങൾ തെളിവുകളും പലതും ശേഖരിച്ചു. കേരളത്തിൽ മറ്റൊരു പ്രതിക്കും ഇത്രയും ആനുകൂല്യം ലഭിക്കുന്നില്ല. മുൻകൂർ ജാമ്യം പോയിട്ട് ജാമ്യം നൽകാൻ പോലും കഴിയില്ല. സ്വന്തം പ്രവൃത്തികൊണ്ട് തന്നെ കുറ്റക്കാരാണെന്ന് അവർ വീണ്ടും തെളിയിക്കുകയാണ്. കേസ് ഡയറി ഹാജരാക്കാൻ തയാറാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
Also Read: ദിലീപിന്റെ ഫോൺ സർവീസ് ചെയ്തയാളുടെ മരണം; പുനരന്വേഷണം വേണമെന്ന് കുടുംബം
മാധ്യമ വിചാരണയാണ് ഇപ്പോൾ നടക്കുന്നതെന്ന് ദിലീപ് ആരോപിച്ചു. മാധ്യമങ്ങളിലെ പ്രതികരണം വച്ചാണ് പൊലീസ് കേസ് അന്വേഷിക്കുന്നത്. സാധാരണ പൗരന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പോലെ തന്നെ ഇതും പരിഗണിക്കണം. തന്നെ അറസ്റ്റ് ചെയ്യാനുള്ള ഗൂഢാലോചനയാണ് നടന്നതെന്നും ദിലീപും മറുപടി പറഞ്ഞു. തന്റെ അമ്മ ഒഴികെ എല്ലാവരേയും പ്രതിയാക്കിയെന്നും ദിലീപ് കോടതിയെ അറിയിച്ചു.
ഹാജരാക്കിയ ഫോണുകളിൽ പ്രോസിക്യൂഷന്റെ ആദ്യ ക്രമനമ്പറിലുള്ള ഐ ഫോൺ ഉണ്ടായിരുന്നില്ല. പ്രോസിക്യൂഷൻ നൽകിയ പട്ടികയിലെ 2,3,4 ക്രമനമ്പറിലുള്ള ഫോണുകളാണ് ദിലീപ് ഹാജരാക്കിയത്. ഐ ഫോൺ ഏതെന്ന് വ്യക്തമല്ലെന്ന് ദിലീപ് കോടതിയിൽ അറിയിച്ചു. കേസ് വരുന്നതിനു മുൻപ് തന്നെ ഫോൺ മുംബൈയിൽ കൊടുത്തിരുന്നുവെന്നും ദിലീപ് വ്യക്തമാക്കി
മുൻപ് ഉപയോഗിച്ചിരുന്ന ഐ ഫോണാണെങ്കിൽ അത് നിലവിൽ തന്റെ കൈവശമില്ലെന്നും പ്രവർത്തനരഹിതമായതിനെത്തുടർന്ന് ഉപേക്ഷിച്ചതായും ദിലീപ് കോടതിയെ അറിയിച്ചു. പ്രോസിക്യൂഷൻ ആവശ്യപ്പെട്ട നാലാമത്തെ ഫോൺ ഏതെന്ന് വ്യക്തമല്ലെന്ന് ദിലീപ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ദിലീപിന്റെ മൂന്ന് ഫോണുകളും സഹോദരൻ ശിവകുമാര്‍ (അനൂപ്) രണ്ടും സഹോദരി ഭർത്താവ് സൂരജിന്റെ ഒരു ഫോണും ഉൾപ്പെടെ ആറ് ഫോണുകളാണ് ഇന്നലെ രാവിലെ 10.15 ന് ഹൈക്കോടതി റജിസ്ട്രാര്‍ ജനറലിന് മുന്നില്‍ മുദ്ര വച്ച കവറില്‍ ഹാജരാക്കിയത്.
Also Read: സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണം തുടരും; രോഗവ്യാപനത്തില്‍ കുറവെന്ന് മുഖ്യമന്ത്രി