കൊച്ചി: ദിലീപ് വ്യാജരേഖ ഉണ്ടാക്കിയിട്ടില്ലെന്ന് ആലുവയിലെ അൻവർ മെമ്മോറിയൽ ആശുപത്രി അധികൃതർ. ഫെബ്രുവരി 13 മുതൽ കടുത്ത പനിയെത്തുടർന്ന് ദിലീപ് ചികിത്സ തേടിയിരുന്നു. പകൽ സമയം ആശുപത്രിയിൽ ചെലവഴിച്ചശേഷം രാത്രിയിൽ തൊട്ടടുത്തുളള വീട്ടിൽ പോകുമായിരുന്നു. ചികിത്സ തേടുമ്പോഴൊക്കെ ദിലീപിന്റെ വർഷങ്ങളായുളള പതിവ് ഇതാണ്. പൊലീസ് ആശുപത്രിയിലെത്തി രേഖകൾ പരിശോധിച്ചതാണെന്നും ഡോക്ടർ ഹൈദരലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അതേസമയം, നടി ആക്രമിക്കപ്പെടുന്ന സമയത്ത് ആശുപത്രിയിലായിരുന്നുവെന്ന് വരുത്തിത്തീർക്കാൻ ദിലീപ് വ്യാജ മെഡിക്കൽ രേഖയുണ്ടാക്കിയെന്ന് കുറ്റപത്രത്തിൽ ഉളളതായാണ് റിപ്പോർട്ട്. കഴിഞ്ഞ ഫെബ്രുവരി 17 നാണ് നടി ആക്രമിക്കപ്പെടുന്നത്. ഇതിനു തൊട്ടു മുൻപുളള 4 ദിവസങ്ങളിൽ ദിലീപ് ആലുവയിലെ വീടിനു അടുത്തുളള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെന്നാണ് വ്യാജ രേഖയുണ്ടാക്കിയത്. പനിയെത്തുടർന്ന് ആശുപത്രിയിലാണെന്ന് ചോദ്യം ചെയ്യലിൽ ദിലീപ് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച് ഡോക്ടർമാരുടെയും നഴ്സിന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ ദിലീപ് ആശുപത്രിയിൽ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന ദിവസങ്ങളിൽ ഷൂട്ടിങ് സെറ്റിൽ എത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെടുന്ന ദിവസം കടുത്ത പനിയായതിനാൽ ആരോടും സംസാരിച്ചില്ലെന്നും അതിനാൽതന്നെ പിറ്റേന്നു രാവിലെയണ് സംഭവം അറിഞ്ഞതെന്നുമാണ് ദിലീപ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. എന്നാൽ സംഭവ ദിവസം അർധരാത്രി വരെ ദിലീപ് ഫോണിൽ ചിലരോട് സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിവാസം ദിലീപ് കെട്ടിച്ചമച്ചതാണെന്ന നിഗമനത്തിൽ പൊലീസ് എത്തുന്നതെന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ