കൊച്ചി: സംവിധായകന് ബാലചന്ദ്രകുമാറിനെതിരായ ശബ്ദസന്ദേശം പുറത്ത് വിട്ട് ഗൂഢാലോചന കേസിലെ കുറ്റാരോപിതന് കൂടിയായ ദിലീപ്. തനിക്ക് പണം കടമായി നല്കിയവരോട് മൂന്ന്, നാല് മാസത്തെ അവധി സര് മേടിച്ച് തരണമെന്നാണ് ശബ്ദസന്ദേശത്തില്‍ ആവശ്യപ്പെടുന്നത്. ദിലീപ് ഹൈക്കോടതിയില്‍ ഹാജരാക്കിയ ശബ്ദസന്ദേശമാണെന്നാണ് ലഭിക്കുന്ന വിവരം.
മറ്റൊരാളോട് പറഞ്ഞ കാര്യങ്ങള്‍ ബാലചന്ദ്രകുമാര്‍ വിവരിക്കുന്നതായാണ് ശബ്ദസന്ദേശത്തില്‍ നിന്ന് മനസിലാകുന്നത്. “എന്റെ വോയിസ് ക്ലിപ്പ് സാറിനെ ഭീഷണപ്പെടുത്താനൊ മറ്റെന്തെങ്കിലും ഉദ്ദേശത്തോട് കൂടിയതൊ അല്ല. രണ്ട് കാര്യങ്ങളാണ് എനിക്ക് സാറിനോട് പറയാനായി ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഒന്നെന്റെ സിനിമ വൈകാതെ തുടങ്ങണം. അല്ലെങ്കില്‍ അത് വിടണം,” ബാലചന്ദ്രകുമാര്‍ പറയുന്നു.
“ഞാന്‍ രണ്ട് സുഹൃത്തുക്കളോടായി കുറച്ചധികം പണം വാങ്ങിയിട്ടുണ്ട്. ഒരാളോട് പത്തരലക്ഷവും മറ്റൊരാളോട് എട്ട് ലക്ഷവും. ബാലുവിന്റെ സിനിമ വൈകാതെ തുടങ്ങുമെന്ന് അവരോട് പറയണം. പണം മടക്കി നല്‍കുന്നതിനായി മൂന്ന് നാല് മാസത്തെ അവധിയും മേടിച്ചു നല്‍കണം. അവസാനമായിട്ടുള്ള എന്റെ അപേക്ഷ അല്ലെങ്കില്‍ ഡിമാന്ഡായിട്ട് ഇതിനെ എടുക്കണം,” ബാലചന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു.
ബാലചന്ദ്രകുമാറിന്റെ ആവശ്യങ്ങള്‍ നിരസിച്ചതിന്റെ വൈരാഗ്യമാണ് ഗൂഢാലോചനക്കേസിന് പിന്നിലെന്നാണ് ദിലീപിന്റെ വാദം. 2021 ഏപ്രില്‍ 14 ന് ബാലചന്ദ്രകുമാര്‍ അയച്ച സന്ദേശമാണിതെന്നും ദിലീപ് പറയുന്നു. ശബ്ദം തന്റേത് തന്നെയാണെന്ന് ബാലചന്ദ്രകുമാര്‍ മാതൃഭൂമി ന്യൂസിനോട് സ്ഥിരീകരിച്ചിട്ടുണ്ട്.
“ആ സന്ദേശത്തില്‍ എവിടെയാണ് വൈരാഗ്യം. ഞാന്‍ ബഹുമാനത്തോടെയാണ് അദ്ദേഹത്തോട് സംസാരിക്കുന്നത്. സര് എന്നാണ് വിളിക്കുന്നത്. ഞാന്‍ പറഞ്ഞത് എന്റെ വിഷമങ്ങളാണ്. അദ്ദേഹം പലഘട്ടങ്ങളിലും എന്നോട് വിഷമങ്ങള്‍ പറഞ്ഞിട്ടുണ്ട്,” ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി.
Also Read: തിങ്കൾ ആർക്ക് ‘നല്ല ദിവസ’മാകും? വിധി ദിലീപിനും അന്വേഷണ സംഘത്തിനും ഒരുപോലെ നിർണായകം