scorecardresearch

Latest News

ദിലീപിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും; മറ്റൊരു പ്രതിക്കും ഇത്ര ആനുകൂല്യം ലഭിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ

ആറ് ഫോണുകളാണ് ഇന്ന് രാവിലെ 10.15 ന് ഹൈക്കോടതി റജിസ്ട്രാര്‍ ജനറിലിന് മുന്നില്‍ മുദ്ര വച്ച കവറില്‍ ഹാജരാക്കിയത്

Actress Attack Case, Dileep, Crime Branch

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപടക്കമുള്ള കുറ്റാരോപിതരുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. ഫോണുകൾ പരിശോധനയ്ക്ക് അയക്കുന്ന കാര്യത്തിലും നാളെ തീരുമാനമുണ്ടായേക്കും. ഉച്ചയ്ക്ക് 1.45 നാണ് കേസ് പരിഗണിക്കുക. കോടതി ആവശ്യപ്പെട്ടതു പ്രകാരം ആറ് ഫോണുകൾ ഇന്ന് പ്രതിഭാഗം കോടതിയിൽ സമർപ്പിച്ചു.

കോടതി ഉത്തരവിനെ മറയാക്കി പ്രതികൾ പല തെളിവുകളും ഇല്ലാതാക്കിയെന്ന് പ്രോസിക്യൂഷൻ ഇന്ന് ആരോപിച്ചു. ഞങ്ങൾ തെളിവുകളും പലതും ശേഖരിച്ചു. കേരളത്തിൽ മറ്റൊരു പ്രതിക്കും ഇത്രയും ആനുകൂല്യം ലഭിക്കുന്നില്ല. മുൻ‌കൂർ ജാമ്യം പോയിട്ട് ജാമ്യം നൽകാൻ പോലുംകഴിയില്ല. സ്വന്തം പ്രവൃ ത്തികൊണ്ട് തന്നെ കുറ്റക്കാരാണെന്ന് അവർ വീണ്ടും തെളിയുന്നു. കേസ് ഡയറി ഹാജരാക്കാൻ തയാറാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു.

മാധ്യമ വിചാരണയാണ് ഇപ്പോൾ നടക്കുന്നതെന്ന് ദിലീപ് ആരോപിച്ചു. മാധ്യമങ്ങളിലെ പ്രതികരണം വച്ചാണ് പൊലീസ് കേസ് അന്വേഷിക്കുന്നത്. സാധാരണ പൗരന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പോലെ തന്നെ ഇതും പരിഗണിക്കണം. തന്നെ അറസ്റ്റ് ചെയ്യാനുള്ള ഗൂഢാലോചനയാണ് നടന്നതെന്നും ദിലീപ് പറഞ്ഞു.

ഫോണുകൾ പരിശോധിക്കുന്നതിന് എന്താണു തടസമെന്നു കോടതി ചോദിച്ചു. അട്ടിമറി നടത്താൻ സാധ്യത ഉള്ളതുകൊണ്ടാണെന്ന് ഫോൺ നല്കാൻ കഴിയിലെന്ന് പറഞ്ഞതെന്ന് ദിലീപ് ബോധിപ്പിച്ചു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന വാദവും ദിലീപിന്റെ ഭാഗത്തു നിന്നുണ്ടായി.

കേസിൽ അമ്മ ഒഴിച്ച് എല്ലാവരെയും പ്രതിയാക്കി. ഭാഗ്യത്തിന് അമ്മയെ മാത്രം പ്രതിയാക്കിയില്ലെന്ന് ദിലീപ് പറഞ്ഞു. കേസ് വരുന്നതിനു മുൻപ് തന്നെ ഫോൺ മുംബൈയിൽ കൊടുത്തിരുന്നുവെന്നും ദിലീപ് വ്യക്തമാക്കി.

Also Read: ദിലീപിന്റെ ഫോൺ സർവീസ് ചെയ്തയാളുടെ മരണം; പുനരന്വേഷണം വേണമെന്ന് കുടുംബം

ഹാജരാക്കിയ ഫോണുകളിൽ പ്രോസിക്യൂഷന്റെ ആദ്യ ക്രമനമ്പറിലുള്ള ഐ ഫോൺ ഉണ്ടായിരുന്നില്ല. പ്രോസിക്യൂഷൻ നൽകിയ പട്ടികയിലെ 2,3,4 ക്രമനമ്പറിലുള്ള ഫോണുകളാണ് ദിലീപ് ഹാജരാക്കിയത്. ഐ ഫോൺ ഏതെന്ന് വ്യക്തമല്ലെന്ന് ദിലീപ് കോടതിയിൽ അറിയിച്ചു.

മുൻപ് ഉപയോഗിച്ചിരുന്ന ഐ ഫോണാണെങ്കിൽ അത് നിലവിൽ തന്റെ കൈവശമില്ലെന്നും പ്രവർത്തനരഹിതമായതിനെത്തുടർന്ന് ഉപേക്ഷിച്ചതായും ദിലീപ് കോടതിയെ അറിയിച്ചു. പ്രോസിക്യൂഷൻ ആവശ്യപ്പെട്ട നാലാമത്തെ ഫോൺ ഏതെന്ന് വ്യക്തമല്ലെന്ന് ദിലീപ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

എന്നാൽ ഈ ഐഎംഇഐ നമ്പറിലുള്ളതാണ് തന്റെ രണ്ടാമത്തെ ഐ ഫോണെന്നു പറഞ്ഞ ദിലീപ്, ഇതു കോടതിക്ക് കൈമാറി. ഫോണുകൾ കൈമാറിയത് സംബന്ധിച്ച ഫയൽ ചെയ്ത മെമ്മോയിലാണ് ഇക്കാര്യങ്ങൾ വിശദമാക്കിയിരിക്കുന്നത്.

അവരുടെ കയ്യിൽ ഫോണുകളില്ലെന്നാണ് കഴിഞ്ഞ തവണ പറഞ്ഞതെന്നു പോസിക്യൂഷൻ പറഞ്ഞു. അതേസമയം,സ്ഥിരമായി ഉപയോഗിച്ചത് ഉൾപ്പെടെ പ്രസക്തമായ എല്ലാ ഫോണുകളും ഹാജരാക്കിയിട്ടുണ്ടെന്നു ദിലീപിന്റെ അഭിഭാഷകൻ പറഞ്ഞു.

ദിലീപിന്റെ മൂന്ന് ഫോണുകളും സഹോദരൻ അനൂപിന്റെ രണ്ടും സഹോദരി ഭർത്താവ് സൂരജിന്റെ ഒരു ഫോണും ഉൾപ്പെടെ ആറ് ഫോണുകളാണ് ഇന്ന് രാവിലെ 10.15 ന് ഹൈക്കോടതി റജിസ്ട്രാര്‍ ജനറിലിന് മുന്നില്‍ മുദ്ര വച്ച കവറില്‍ ഹാജരാക്കിയത്.

ഗൂഢാലോചനക്കേസില്‍ ദിലീപ്, സഹോദരന്‍ ശിവകുമാര്‍ (അനൂപ്) ബന്ധു അപ്പു എന്നിവരുടെ ഫോണ്‍ നിര്‍ണായകമാണെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ കഴിഞ്ഞ തവണ വ്യക്തമാക്കിയത്. ചൊവ്വാഴ്ച വരെ സമയം തരണമെന്നുള്ള ദിലീപിന്റെ ആവശ്യം നിരസിച്ചുകൊണ്ടാണ് തിങ്കളാഴ്ച തന്നെ ഫോണുകൾ ഹാജരാക്കണമെന്ന് കോടതി ഇടക്കാല ഉത്തരവിട്ടത്.

Also Read: അന്ന് പറഞ്ഞ കാര്യങ്ങൾ ഇന്നു പറയുന്ന അഭിപ്രായമെന്ന നിലയിൽ പ്രചരിപ്പിക്കുന്നു: ലാൽ

സ്വന്തം നിലയില്‍ ഫോണ്‍ പരിശോധിക്കാന്‍ ദിലീപിന് സാധിക്കില്ലെന്നും അംഗീകൃത ഏജന്‍സികള്‍ വഴിയെ പരിശോധിക്കാന്‍ കഴിയുകയുള്ളെന്നും കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തന്റെ ബാങ്ക് ഇടാപാടുകള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ ഫോണിലുണ്ടെന്നായിരുന്നു ദിലീപിന്റെ മറുപടി. എന്നാല്‍ കേസിന്റെ ഗുണകരമായ മുന്നോട്ട് പോക്കിന് ഫോണ്‍ ആവശ്യമാണെന്നും ഗൂഢാലോചനയില്‍ ഡിജിറ്റല്‍ തെളിവുകള്‍ പ്രധാനമാണെന്നും പ്രോസിക്യൂഷന്‍ കോടതിയോട് പറഞ്ഞു.

ഗൂഢാലോചനക്കേസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു ദിലീപിന്റെ പ്രധാന ആരോപണം. താന്‍ സര്‍ക്കാരിന്റെയും മാധ്യമങ്ങളുടേയും ഇരയാണെന്നും കോടതി മാത്രമാണ് ആശ്രയമെന്നും ദിലീപ് കോടതിയില്‍ അപേക്ഷിച്ചു. ലോക്കല്‍ പൊലീസ് റജിസ്റ്റര്‍ ചെയ്യേണ്ട കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത് ദുരൂഹമണ് തുടരന്വേഷണത്തിന് പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കില്ലെന്ന് കണ്ടാണ് പുതിയ കേസെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

എന്നാല്‍ ദിലീപിന്റെ വാദങ്ങള്‍ എല്ലാം തള്ളിയായിരുന്നു ഫോണ്‍ തിങ്കളാഴ്ച ഹാജരാക്കണമെന്ന കടുത്ത നിലപാട് കോടതി സ്വീകരിച്ചത്. ഗൂഡാലോചനക്കേസില്‍ ദിലീപ്, സഹോദരൻ ശിവകുമാര്‍ (അനൂപ്), സഹോദരി ഭർത്താവ് സുരാജ്, ബൈജു ചെങ്ങമനാട്, കൃഷ്ണപ്രസാദ്, വി ഐ പി എന്ന് സംശയിക്കുന്ന ശരത് എന്നിവരുടെ ജാമ്യാപേക്ഷകളാണ് കോടതിയുടെ പരിഗണനയിലുള്ളത്. കോടതി അനുമതി നൽകിയതിനെ തുടർന്ന് പ്രതികളെ ക്രൈംബ്രാഞ്ച് മൂന്ന് ദിവസം ചോദ്യം ചെയ്തിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Actress attack case dileep bail plea high court mobile phones