scorecardresearch
Latest News

തിങ്കൾ ആർക്ക് ‘നല്ല ദിവസ’മാകും? വിധി ദിലീപിനും അന്വേഷണ സംഘത്തിനും ഒരുപോലെ നിർണായകം

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ദിലീപ്, സഹോദരന്‍ ശിവകുമാര്‍ (അനൂപ്), സഹോദരി ഭർത്താവ് സുരാജ്, ബൈജു ചെങ്ങമനാട്, കൃഷ്ണപ്രസാദ്, വി ഐ പി എന്ന് സംശയിക്കുന്ന ശരത് എന്നിവരുടെ പേരില്‍ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

Dileep case, Actor Dileep

കൊച്ചി: നടിയെ ആക്രമിച്ച സംഭവം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിന്റെ തുടക്കം സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു. തുടര്‍ന്ന് ദിലീപിന്റേതെന്ന് ആരോപിക്കപ്പെടുന്ന നിരവധി ശബ്ദരേഖകളും പുറത്തു വന്നു. ശക്തമായ വാദപ്രതിവാദങ്ങള്‍ക്ക് ശേഷം ദിലീപ് ഉള്‍പ്പടെയുള്ള കുറ്റോരിപതരുടെ ജാമ്യാപേക്ഷയില്‍ നാളെ കോടതി വിധി പറയും. രാവിലെ 10.15 നാണ് നിര്‍ണായക ഉത്തരവ് കോടതി പുറപ്പെടുവിക്കുക.

ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നുമുള്ള വാദത്തിൽ കേസിന്റെ തുടക്കം മുതല്‍ പ്രോസിക്യൂഷന്‍ ഉറച്ച് നില്‍ക്കുകയാണ്. ദിലീപിനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നാണ് പ്രതിഭാഗത്തിന്റെ പ്രധാന വാദം. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ബാലചന്ദ്ര കുമാറിനും ദിലീപിനോടുള്ള വൈരാഗ്യമാണ് കേസിന്റെ പിന്നിലെന്നാണ് പ്രതിഭാഗം ചൂണ്ടിക്കാണിക്കുന്നത്. മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ എടുത്തു പറഞ്ഞ പ്രതിഭാഗത്തിന് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷന്റെ മറുപടി.

അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസുമായി ബാലചന്ദ്രകുമാറിന് യാതൊരുവിധ മുൻപരിചയവുമില്ല. ഗൂഢാലോചന നേരിട്ടു കണ്ട ആളാണ് ബാലചന്ദ്രകുമാർ. അദ്ദേഹത്തിന്റെ മൊഴി വളരെ വിശ്വസനീയമാണ്. ബാലചന്ദ്രകുമാറിന്റെ മൊഴിയെ ഡിജിറ്റൽ തെളിവുകൾ പിന്തുണയ്ക്കുന്നു. മൊഴിയിൽ പ്രതിഭാഗം പറയുന്ന വൈരുദ്ധ്യങ്ങൾ വളരെ നിസാരമാണ്. എഫ്ഐആർ എന്നാൽ എൻസൈക്ലോപീഡിയ ആകണമെന്നില്ല. ബാലചന്ദ്രകുമാറിന്റെ മൊഴി കോടതിയില്‍ വായിച്ചായിരുന്നു പ്രോസിക്യൂഷന്‍ വിശദീകരിച്ചത്. ബാലചന്ദ്രകുമാറിനെ വിശ്വസിനീയമായ സാക്ഷിയായി പരിഗണിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ മൊഴി മാത്രം മതി പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നത് തെളിയിക്കാനെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ദിലീപ് ശബ്ദരേഖയില്‍ പറയുന്നതൊക്കെ കേവലം ശാപവാക്കുകള്‍ മാത്രമാണെന്ന് നിസാരവല്‍ക്കരിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമങ്ങള്‍. എന്നാല്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ ശബ്ദരേഖകകളിലെ ചില നിര്‍ണായക ഭാഗങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. ‘ഒരാളെ കൊല്ലാന്‍ പദ്ധതിയിട്ടാല്‍ ഗ്രൂപ്പിലിട്ട് കൊല്ലണം’ , ‘ഉദ്യോഗസ്ഥരെ കത്തിക്കണം’ എന്നീ വാചകങ്ങള്‍ ദിലീപ് പറയുന്നുണ്ട് എന്നും ഇതെല്ലാം കേവലം ശാപവാക്കുകളായി കരുതാന്‍ കഴിയില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. 2017 ലെ ലൈംഗികാതിക്രമക്കേസില്‍ തനിക്കെതിരെ അനേഷണം നടത്തിയ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരായ രണ്ട് ഗൂഢാലോചനയെക്കുറി ദിലീപ് വേറൊരു ഓഡിയോ ക്ലിപ്പിങ്ങില്‍ പറയുന്നത് കേള്‍ക്കാമെന്നും പ്രോസിക്യൂഷന്‍.

ഫോണുകൾ ഒറ്റയടിക്കു മാറ്റിയതു കുറ്റകൃത്യത്തിലേക്കു വിരൽ ചൂണ്ടുന്നു. കോൾ ഡേറ്റ രേഖകൾ പ്രകാരം പ്രതികൾക്കാകെ ഏഴു ഫോണുകളുണ്ട്. എന്നാൽ ആറെണ്ണം മാത്രമാണ് ഹാജരാക്കിയത്. കസ്റ്റഡിയിൽ കിട്ടിയാൽ മാത്രമേ ഏഴാമത്തേതു വീണ്ടെടുക്കാൻ സാധിക്കൂ. ഫോണുകള്‍ സറണ്ടര്‍ ചെയ്തപ്പോള്‍ വൈകുന്നേരം വരെ അണ്‍ലോക്ക് പാറ്റേണുകള്‍ നല്‍കാന്‍ അവര്‍ വിസമ്മതിച്ചു. അവരുടെ പെരുമാറ്റത്തിലൂടെ, ഈ കോടതിയുടെ വിവേചനാധികാരത്തിലൂടെ ഇളവ് ലഭിക്കാനുള്ള അവകാശം അവര്‍ നഷ്ടപ്പെടുത്തിയെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. പ്രതികള്‍ അന്വേഷണത്തിനോട് സഹകരിക്കുന്നില്ല എന്ന വാദം സാധൂകരിക്കാനായിരുന്നു പ്രോസിക്യൂഷന്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചത്.

പ്രോസിക്യൂഷന്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലം മുഴുവനും കള്ളമാണെന്നു മറുപടി വാദത്തിനിടെ പ്രതിഭാഗം അഭിഭാഷകന്‍ ബി രാമന്‍പിള്ള വാദിച്ചു. ചോദ്യം ചെയ്യലുമായി തങ്ങള്‍ മൂന്നുദിവസം സഹകരിച്ചു. പല പല ഉദ്യോഗസ്ഥര്‍ മാറി മാറി വെവ്വേറെ ചോദ്യം ചെയ്തു. എന്നിട്ടും അന്വേഷണവുമായി സഹകരിച്ചില്ലെന്ന് എങ്ങനെ പറയാന്‍ പറ്റും? ഫോണുകള്‍ മുംബൈക്കു കൊണ്ടുപോയതു ചോദ്യം ചെയ്ത സമയത്തു പറഞ്ഞിരുന്നു. എന്നാല്‍ മൂന്നാം ദിവസം രാത്രിയില്‍ മാത്രമാണ് ഫോണ്‍ കൊണ്ടുവരണമെന്ന് പറഞ്ഞത്.

അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ വച്ച് ദിലീപ് പൊലീസ് ഉദ്യോഗസ്ഥനെതിരെ ഭീഷണി മുഴക്കിയെന്ന ആരോപണം തെറ്റാണ്. ഒരാള്‍ക്ക് കുറ്റകൃത്യ മനസുണ്ടെങ്കില്‍ പോലും അയാല്‍ നിയമമനുസരിച്ച് കുറ്റക്കാരനാവില്ല. ബാലചന്ദ്ര കുമാറിന്റെ മൊഴിയനുസരിച്ച് അയാളെയും പ്രതി ചേര്‍ക്കേണ്ടതല്ലേ? പ്രോസിക്യൂഷന്‍ പറയുന്നതുപോലെ നേരിയ വൈരുദ്ധ്യങ്ങളല്ല മൊഴികളിലുള്ളത്. ബാലചന്ദ്രകുമാറിന് എത്ര വേണേലും ക്ലിപ്പ് ഉണ്ടാക്കാം. കാരണം അയാളൊരു സംവിധായകനാണെന്നും പ്രതിഭാഗം വാദിച്ചു.

രവിപുരത്തെ ഫ്‌ളാറ്റില്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം തെറ്റാണ്. ശിക്ഷ കൊടുക്കുമെന്ന് പറയുന്നത് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. ദൈവം ശിക്ഷകൊടുക്കുമെന്ന് ആവാലോ കസ്റ്റഡിയില്‍ കിട്ടിയാല്‍ ദിലീപിനെതിരെ വ്യാജ തെളിവുകളുള്ള എന്തെങ്കിലും ഡിവൈസ് അന്വേഷണസംഘം കണ്ടെടുക്കും. എന്നിട്ട് ദിലീപിനെതിരെ കുറ്റം ചുമത്തും. 38 മണിക്കൂര്‍ ചോദ്യം ചയ്തിട്ട് അവര്‍ക്ക് ഒന്നും കിട്ടിയില്ലെന്നും പ്രതിഭാഗം കോടതിയില്‍ വ്യക്തമാക്കി.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ മാത്രം അടിസ്ഥാനത്തിലാണ് ദിലീപ്, സഹോദരന്‍ ശിവകുമാര്‍ (അനൂപ്), സഹോദരി ഭർത്താവ് സുരാജ്, ബൈജു ചെങ്ങമനാട്, കൃഷ്ണപ്രസാദ്, വി ഐ പി എന്ന് സംശയിക്കുന്ന ശരത് എന്നിവരുടെ പേരില്‍ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Also Read: വാനമ്പാടിക്ക് വിട; ലതാ മങ്കേഷ്കര്‍ അന്തരിച്ചു

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Actress attack case dileep bail kerala high court crime branch