കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള കുറ്റാരോപിതരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളത്തേക്കു മാറ്റി. ഹർജി നാളെ ഉച്ചയ്ക്ക് 1.45ന് ഹൈക്കോടതി പരിഗണിക്കും. പ്രോസിക്യൂഷൻ വാദം നാളെ നടക്കുക.
ഇന്ന് പ്രതിഭാഗം വാദമാണ് കോടതിയിൽ നടന്നത്. ബാലചന്ദ്രകുമാറിന്റെ മൊഴി മാത്രം പരിഗണിച്ച് കേസുമായി മുന്നോട്ടു പോകരുതെന്ന് ദിലീപിന്റെ അഭിഭാഷകന് ബി. രാമന്‍പിള്ള കോടതിയോട് പറഞ്ഞു. എഫ്ഐആര്‍ കെട്ടിച്ചമച്ചതാണെന്നും അടിസ്ഥാനരഹിതമാണെന്നും പ്രതിഭാഗം വാദിച്ചു. എഫ്ഐആര്‍ കോടതി പരിശോധിച്ചു.
ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസിന് കേസ് എടുക്കാന്‍ കഴിയില്ലേയെന്ന് കോടതി ചോദിച്ചു. 2017 ലെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടതല്ല, ഇത് മറ്റൊരു കേസായി പരിഗണിക്കാവുന്നതാണെന്നും കോടതി.
ഒരാള്‍ വീട്ടില്‍ ഇരുന്ന് പറയുന്ന കാര്യങ്ങള്‍ എങ്ങനെയാണ് കുറ്റമാകുന്നതെന്നും അതു ശാപവാക്കുകളാണെന്നും പ്രതിഭാഗം വാദിച്ചു. എഫ്ഐആറില്‍ നിരവധി അപാകതകളുണ്ട്. ബാലചന്ദ്രകുമാര്‍ തുടര്‍ ആരോപണങ്ങള്‍ നടത്തിയപ്പോള്‍ അതനസുരിച്ച് കേസില്‍ മാറ്റം വരുത്തിയെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു.
“ബാലചന്ദ്രകുമാര്‍ ഒരു സാക്ഷിയല്ല. അദ്ദേഹത്തിന്റെ മൊഴി വിശ്വസിക്കരുത്. ബാലചന്ദ്രകുമാര്‍ അന്വേഷണസംഘവുമായി ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഈ കേസ്. അടിസ്ഥാന രഹിതമായ കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കണം,” പ്രതിഭാഗം ആവശ്യപ്പെട്ടു.
“ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ശബ്ദരേഖകള്‍ പൂര്‍ണമല്ല. ദിലീപ് പറഞ്ഞത് ശാപവാക്കുകളാണ്. ഇതിന് മറുപടിയായി ആരും ഒന്നും പറയുന്നില്ല. ശബ്ദരേഖകളില് കൃത്രിമം നടന്നിട്ടുണ്ട്,” ദിലീപിന്റെ അഭിഭാഷകന് വാദിച്ചു.
Also Read: ‘നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണം’; ഹൈക്കോടതിയിൽ ദിലീപ്
2017ലെ കേസില്‍ പരാജയപ്പെടുമെന്ന് പ്രോസിക്യൂഷന് അറിയാമെന്നും അതുകൊണ്ട് ദിലീപിനെ മറ്റൊരു കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും പ്രതിഭാഗം അഭിഭാഷകനായ ബി രാമന്‍പിള്ള ആരോപിച്ചു. പ്രോസിക്യൂഷന് ഒരു നോവല്‍ രചിക്കുകയാണെന്നും എഫ് ഐ ആർ നിലനിൽക്കില്ലെന്നും അദ്ദേഹം വാദിച്ചു.
നടിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കൃത്രിമ തെളിവുകള്‍ ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ദിലീപിനെതിരെ ഗൂഢാലോചനക്കേസ് എടുത്തിരിക്കുന്നത്. ബാലചന്ദ്രകുമാര്‍ കൈമാറിയ പെന്‍ഡ്രൈവില്‍ സംഭാഷണത്തിന്റെ ശകലങ്ങള്‍ മാത്രമാണുള്ളത്. സംഭാഷണത്തിന്റെ ഭൂരിഭാഗവും അദ്ദേഹം വെട്ടിമാറ്റി, കേസിന് ഉപയോഗപ്രദമായത് മാത്രം സമര്‍പ്പിച്ചു. റെക്കോര്‍ഡ് ചെയ്ത സാംസങ് ടാബ് ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമല്ലെന്നും സംഭാഷണങ്ങള്‍ തന്റെ ലാപ്ടോപ്പിലേക്ക് മാറ്റിയെന്നുമാണ് ബാലചന്ദ്ര കുമാര്‍ പറയുന്നത്. ആ ടാബ് എവിടെ? ഇതെല്ലാം കെട്ടിച്ചമച്ചതാണ്. പ്രതിയുടെ ഫോണ്‍ കേടായിരുന്നെങ്കില് അത് വലിയ ബഹളത്തിനിടയാക്കുമായിരുന്നുവെന്നും രാമൻ പിള്ള വാദിച്ചു.
ദിലീപിനെതിരായ പുതിയ കേസ് ഗൂഡാലോചനയാണ്. ക്രൈംബ്രാഞ്ച് സ്വമേധയാ കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എന്തിനാണ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്? ആലുവ പൊലീസ് സ്റ്റേഷന് പരിധിയിലാണ് പുതിയ കേസിനിടയാക്കിയ സംഭവം ആരോപിക്കപ്പെടുന്നത്. അത് ആലുവ സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്ക് അയച്ചുകൊടുക്കേണ്ടതായിരുന്നു. എന്തിനാണ് എഡിജിപി ഇടപെട്ടത്?
കുറ്റാരോപിതര്‍ തമ്മിലല്ല ഗൂഢാലോചന നടന്നത്. അത്, എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും ദിലീപിനെ ജയിലിലടയക്കാനുള്ള ഒളി അജന്‍ഡയോടെ എഡിജിപിയും മറ്റ് ഉദ്യോഗസ്ഥരും തമ്മിലാണ്. ഈ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗസ്ഥരാണ് 2017ലെ കേസില്‍ ദിലീപിനെതിരെ അന്വേഷിക്കുന്നത്. എവിടെനിന്ന് നീതി ലഭിക്കും? ഇതെല്ലാം ഈ കോടതിയില്‍ സമര്‍പ്പിക്കാനേ കഴിയൂവെന്നും രാമൻപിള്ള വാദിച്ചു.
തന്റെ കക്ഷിക്കു മുൻകൂർ ജാമ്യം നൽകണമെന്നു വാദിച്ച അദ്ദേഹം ഇക്കാര്യത്തിൽ നിരവധി കേസുകളിലെ വിധിന്യായങ്ങൾ ഉദ്ധരിച്ചു. ഗുരുതരമായ കുറ്റകൃത്യങ്ങളിലെ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ച നിരവധി വിധികളെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു.
Also Read: ദിലീപിന്റെ ഫോണുകള്‍ കോടതിയിൽ തുറക്കില്ല; തിരുവനന്തപുരത്തെ ലാബില്‍ പരിശോധിക്കും
അതേസമയം, ദിലീപിനെതിരെ പ്രോസിക്യൂഷന്റെ പക്കല്‍ ചില തെളിവുകളുണ്ടെന്നാണ് മനസിലാക്കുന്നതെന്നു വാദം കേള്‍ക്കുന്നതിനിടെ ജഡ്ജി പറഞ്ഞു. നമുക്ക് എഫ്ഐആറില്‍ ഉറച്ചുനില്‍ക്കാം, ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ കണ്ടെത്തിയിട്ടുണ്ടോയെന്നു നോക്കാം. തനിക്ക് ചെയ്യാന്‍ കഴിയുന്നത് ഇത്രമാത്രമാണെന്നും ജഡ്ജി പറഞ്ഞു.
ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന ആവശ്യമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രോസിക്യൂഷന് ശക്തമായി ഉന്നയിച്ചത്. കോടതി നല്കിയ ആനുകൂല്യങ്ങള്‍ ഉപയോഗിച്ച് കേസ് വഴിതിരിച്ചു വിടാനുള്ള ശ്രമം ദിലീപും കൂട്ടാളികളും നടത്തുന്നുണ്ടെന്നും മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹതയില്ലെന്നും പ്രോസിക്യൂഷന് കോടതിയോട് പറഞ്ഞിരുന്നു.
അതേസമയം, കേസില്‍ ദിലീപടക്കമുള്ള കുറ്റാരോപിതരുടെ ഫോണുകള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ പരിശോധിക്കും. ഇത് സംബന്ധിച്ച് ആലുവ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. അണ്‍ലോക്ക് പാറ്റേണ്‍ കോടതിയില്‍ വച്ച് പരിശോധിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ തന്നെ ഫോണ്‍ പരിശോധിക്കണമെന്നായിരുന്നു അന്വേഷണസംഘം കോടതിയില്‍ ഉന്നയിച്ച ആവശ്യം.
സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ദിലീപ്, സഹോദരന് ശിവകുമാര്‍ (അനൂപ്), സഹോദരി ഭർത്താവ് സുരാജ്, ബൈജു ചെങ്ങമനാട്, കൃഷ്ണപ്രസാദ്, വി ഐ പി എന്ന് സംശയിക്കുന്ന ശരത് എന്നിവരുടെ പേരില്‍ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫ്ലാറ്റില്‍ കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടന്നിരുന്നു.
Also Read: അണ്ടര്‍ 19 ലോകകപ്പ്: കങ്കാരുപ്പടയും കടന്ന് ഇന്ത്യ ഫൈനലില്‍