കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപടക്കമുള്ള കുറ്റരോപിതര്‍ മൊബൈല്‍ ഫോണ്‍ ഹാജരാക്കണമെന്ന് കേരള ഹൈക്കോടതി. തിങ്കളാഴ്ച രാവിലെ 10.15 ന് ഹൈക്കോടതി റജിസ്ട്രാര്‍ ജനറലിന് മുന്നില്‍ മുദ്രവച്ച കവറില്‍ ഫോണ്‍ സമര്‍പ്പിക്കണം. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും.
സ്വന്തം നിലയില്‍ ഫോണ്‍ പരിശോധിക്കാന്‍ ആവില്ലെന്നും അംഗീകൃത ഏജന്‍സികള്‍ വഴിയെ പരിശോധിക്കാന്‍ സാധിക്കുകയുള്ളെന്നും കോടതി വ്യക്തമാക്കി. എന്റെ എല്ലാ സ്വകാര്യ സംഭാഷണങ്ങളുമുള്ളതാണ് ഫോണ്‍ എന്ന് ദിലീപ് കോടതിയില്‍ പറഞ്ഞു. ബാങ്ക് അക്കൗണ്ടും ആസ്തി വിവരങ്ങളുമുണ്ടെന്നും ദിലീപ്. എന്നാല്‍ കേസിന്റെ ഗുണകരമായ മുന്നോട്ട് പോക്കിന് ഫോണ്‍ ആവശ്യമാണെന്നും ഗൂഡാലോചനയില്‍ ഡിജിറ്റല്‍ തെളിവുകള്‍ പ്രധാനമാണെന്നും പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞു.
ആര് ഫോറന്‍സിക് അന്വേഷണം നടത്തുമെന്ന് പ്രോസിക്യൂഷനോട് കോടതി ചോദിച്ചു. നിലവില്‍ ലഭിച്ച തെളിവുകളില്‍ നിന്നും ഗൂഡാലോചനയും അതിന് പ്രകാരമുള്ള പദ്ധതിയും വ്യക്തമാണോ എന്നും കോടതി. പദ്ധതിക്കപ്പുറം കാര്യങ്ങള്‍ നടന്നിട്ടുണ്ടെന്നും അത് കൊണ്ട് തന്നെ മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു.
കേസ് കെട്ടിച്ചമച്ചതാണെന്ന് ദിലീപിന്റെ അഭിഭാഷകന് കോടതിയോട് പറഞ്ഞു. താന്‍ സര്‍ക്കാരിന്റെയും മാധ്യമങ്ങളുടേയും ഇരയാണെന്നും കോടതി മാത്രമാണ് ആശ്രയമെന്നും ദിലീപ് കോടതിയോട് പറഞ്ഞു. പൊലീസിന്റെ ഫോറന്‍സിക് ലാബില്‍ വിശ്വാസമില്ലെന്നും ദിലീപ്. എന്നാല്‍ ഫോണ്‍ കൈവശം വയ്ക്കാന്‍ ദിലീപിന് സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ആരോപണങ്ങള്‍ അന്വേഷണ സംഘം കെട്ടിച്ചമച്ചതാണെന്ന് ദിലീപ്. നടിയെ ആക്രമിച്ച കേസില്‍ തെളിവുണ്ടാക്കാനാണ് പുതിയ കേസ്. ലോക്കല്‍ പൊലീസ് റജിസ്റ്റര്‍ ചെയ്യേണ്ട കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത് ദുരൂഹം. തുടരന്വേഷണത്തിന് പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കില്ലെന്ന് കണ്ടാണ് പുതിയ കേസെന്നും പ്രതിഭാഗം.
കേസില്‍ കോടതി നിലപാട് കടുപ്പിക്കുകയാണ്. ഫോണുകള്‍ തിങ്കളാഴ്ച രാവിലെ 10.15 ന് കോടതി രജിസ്ട്രിക്ക് മുന്നില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി. എന്നാല്‍ താന്‍ ഫോണ്‍ പരിശോധനയ്ക്ക് കൊടുത്ത കമ്പനി മുംബൈയിലാണെന്നും ഞായറാഴ്ച അവധി ആയതിനാല്‍ തിങ്കളാഴ്ച ഹാജരാക്കാന്‍ കഴിയില്ലെന്നും ദിലീപ് കോടതിയെ അറിയിച്ചു. ചൊവ്വാഴ്ച ഹാജരാക്കാമെന്നും ദിലീപ്.
നാല് ഫോണുകളാണ് ഉള്ളതെന്ന് പ്രോസിക്യൂഷന്. എന്നാല്‍ രണ്ട് ഐഫോണുകളും ഒരു വിവൊയുടെ ഫോണും മാത്രമാണ് ഉള്ളതെന്ന് ദിലീപ് പറഞ്ഞു. നാലാമത്തെ ഫോണ്‍ സംബന്ധിച്ച് തനിക്കറിയില്ലെന്നു ദിലീപ് അറിയിച്ചു. ഫോണ്‍ കോള്‍ രേഖകളില്‍ നിന്നാണ് നാലാമത്തെ ഫോണും ഉള്‍പ്പെട്ടതായി മനസിലായതെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.
ദിലീപ്, സഹോദരൻ ശിവകുമാര്‍ (അനൂപ്), സഹോദരി ഭർത്താവ് സുരാജ്, ബൈജു ചെങ്ങമനാട്, കൃഷ്ണപ്രസാദ്, വി ഐ പി എന്ന് സംശയിക്കുന്ന ശരത് എന്നിവരുടെ ജാമ്യാപേക്ഷകളാണ് കോടതിയുടെ പരിഗണനയിലുള്ളത്. കോടതി അനുമതി നൽകിയതിനെ തുടർന്ന് പ്രതികളെ ക്രൈംബ്രാഞ്ച് മൂന്ന് ദിവസം ചോദ്യം ചെയ്തിരുന്നു.
Also Read: ഞായറാഴ്ച നിയന്ത്രണം ക്രിസ്തീയ വിഭാഗങ്ങളുടെ ആരാധനാവകാശം ഹനിക്കുന്നത്: കെസിബിസി