scorecardresearch

ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി തിങ്കളാഴ്ച

ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന കാര്യത്തില്‍ പ്രോസിക്യൂഷന്‍ ഉറച്ച് നില്‍ക്കുകയാണ്

ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന കാര്യത്തില്‍ പ്രോസിക്യൂഷന്‍ ഉറച്ച് നില്‍ക്കുകയാണ്

author-image
WebDesk
New Update
Actress Attack Case, Dileep, Su

കൊച്ചി: നടിയെ ആക്രമിച്ച സംഭവം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള കുറ്റാരോപിതരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. രാവിലെ 10.15നാണ് ഉത്തരവ് പുറപ്പെടുവിക്കുക.

Advertisment

പ്രോസിക്യൂഷൻ സമർപ്പിച്ച സത്യവാങ്മൂലത്തിനു മറുപടി സമർപ്പിക്കുമെന്നു പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്തെങ്കിലുമുണ്ടെങ്കിൽ നാളെ രാവിലെ 9.30നു മുൻപ് സമർപ്പിക്കാൻ കോടതി നിർദേശിച്ചു.

ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നുമുള്ള വാദത്തിൽ ഇന്ന് ഉറച്ചുനിന്ന പ്രോസിക്യൂഷന്‍ ഗൂഢാലോചന സംബന്ധിച്ച ചില തെളിവുകൾ കൂടി കോടതിയിൽ ബോധിപ്പിച്ചു. എന്നാൽ ഗൂഢലക്ഷ്യത്തോടെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന ആരോപണം മറുപടി വാദത്തിൽ പ്രതിഭാഗം അഭിഭാഷകന്‍ ബി രാമന്‍പിള്ളആവര്‍ത്തിച്ചു. മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടിയ അദ്ദേഹം, അന്വേഷണ ഉദ്യോഗസ്ഥനും ബാലചന്ദ്രകുമാറിനും ദിലീപിനോടുള്ള വിരോധം മനസിലാവുമെന്നും എന്നാല്‍ ഡിജിപിക്ക് എന്തിനാണതെന്നും ചോദിച്ചു. രാമൻപിള്ളയുടെ വാദം പൂർത്തിയായതിനുപിന്നാലെയാണ് ഹർജി വിധി പറയാനായി മാറ്റിയത്.

നടന്നത് അസാധാരണ സംഭവമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ (ഡിജിപി) കോടതിയോട് പറ‍ഞ്ഞു. അടുത്ത സഹപ്രവർത്തകയ്ക്കെതിരയാണ് ബലാത്സംഗത്തിനു ക്വട്ടേഷൻ കൊടുത്തത്. കുറ്റരോപിതർ ശുദ്ധമായ കൈകളോടെയല്ല ഇവിടെ വന്നിരിക്കുന്നത്. അതിനാല്‍ കോടതി വിവേചനാധികാരം വിനിയോഗിക്കണം. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണമെന്നും ഡിജിപി പറഞ്ഞു.

Advertisment

അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസുമായി ബാലചന്ദ്രകുമാറിന് യാതൊരുവിധ മുൻപരിചയവുമില്ല. ഗൂഢാലോചന നേരിട്ടു കണ്ട ആളാണ് ബാലചന്ദ്രകുമാർ. അദ്ദേഹത്തിന്റെ മൊഴി വളരെ വിശ്വസനീയമാണ്. ബാലചന്ദ്രകുമാറിന്റെ മൊഴിയെ ഡിജിറ്റൽ തെളിവുകൾ പിന്തുണയ്ക്കുന്നു. മൊഴിയിൽ പ്രതിഭാഗം പറയുന്ന വൈരുദ്ധ്യങ്ങൾ വളരെ നിസാരമാണ്. എഫ്ഐആർ എന്നാൽ എൻസൈക്ലോപീഡിയ ആകണമെന്നില്ല. തങ്ങള്‍ ഇപ്പോഴും അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിലാണ്. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.

പ്രോസിക്യൂഷന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി കോടതിയില്‍ വായിച്ചു. ഗൂഢാലോചന നടന്നുവെന്നത് ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍നിന്ന് വ്യക്തമാണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ഗൂഢാലോചനയുടെ കാര്യം പൊലീസില്‍ പറഞ്ഞാല്‍ ദിലീപ് കൊല്ലുമെന്ന ഭയം ബാലചന്ദ്രകുമാറിനും കുടുംബത്തിനുമുണ്ടായിരുന്നതായി മൊഴിയില്‍ പറയുന്നു. ബാലചന്ദ്രകുമാറിനെ വിശ്വസിനീയമായ സാക്ഷിയായി പരിഗണിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ മൊഴി മാത്രം മതി പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നത് തെളിയിക്കാനെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ദിലീപ് പറഞ്ഞതു ശാപവാക്കല്ല. നല്ല പണികൊടുക്കുമെന്നു പറഞ്ഞാൽ എങ്ങനെ ശാപവാക്കാകും. ചില ഉദ്യോഗസ്ഥരെ കൊല്ലാന്‍ ആസൂത്രണം ചെയ്യുന്നതിനെക്കുറിച്ചും അവരെ കൊല്ലേണ്ട രീതിയെക്കുറിച്ചുമുള്ള വ്യക്തമായ ചര്‍ച്ചകള്‍ ശബ്ദരേഖയിലുണ്ട്. ശബ്ദരേഖയിലെ ശബ്ദം ദിലീപിന്റേതാണെന്ന് പല പ്രധാന സാക്ഷികളും ചോദ്യം ചെയ്യലില്‍ തിരിച്ചറിഞ്ഞു. 'ഒരാളെ കൊല്ലാന്‍ പദ്ധതിയിട്ടാല്‍ ഗ്രൂപ്പിലിട്ട് കൊല്ലണം' എന്ന് ദിലീപ് പറയുന്നത് ഓഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. ഇതിന്റെ ഓഡിയോ ക്ലിപ്പ് തങ്ങളുടെ പക്കലുണ്ട്. ഗൂഢാലോചനയ്ക്കുശഷം ദിലീപില്‍നിന്ന് വ്യക്തമായ നിര്‍ദേശമുണ്ടായിട്ടുണ്ട്.

'ഉദ്യോഗസ്ഥരെ കത്തിക്കാന്‍' ദിലീപ് പദ്ധതിയിടുന്നതായി മറ്റൊരു ഓഡിയോ ക്ലിപ്പിങ്ങില്‍ കേള്‍ക്കാം.
2017 ലെ ലൈംഗികാതിക്രമക്കേസില്‍ തനിക്കെതിരെ അനേഷണം നടത്തിയ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരായ രണ്ട് ഗൂഢാലോചനയെക്കുറി ദിലീപ് വേറൊരു ഓഡിയോ ക്ലിപ്പിങ്ങില്‍ പറയുന്നത് കേള്‍ക്കാമെന്നും ഡിജിപി പറഞ്ഞു.

ശബ്ദശകലങ്ങൾ മാത്രം കുറ്റമാകില്ല. എന്നാൽ അതിന് ഉപോൽബലകമായ പ്രതികളുടെ പ്രവൃത്തിയും പ്രധാനമാണ്. അനൂപിന്റെ മൊഴിയുമുണ്ട്.

അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി പ്രത്യേകം ആവശ്യപ്പെട്ടിട്ടും പ്രതികള്‍ അതിനു തയാറായില്ല. കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അനുവദിച്ചിരുന്നെങ്കില്‍, മതിയായ തെളിവുകള്‍ വീണ്ടെടുക്കാമായിരുന്നു.

ഫോണുകൾ ഒറ്റയടിക്കു മാറ്റിയതു കുറ്റകൃത്യത്തിലേക്കു വിരൽ ചൂണ്ടുന്നു. കോൾ ഡേറ്റ രേഖകൾ പ്രകാരം പ്രതികൾക്കാകെ ഏഴു ഫോണുകളുണ്ട്. എന്നാൽ ആറെണ്ണം മാത്രമാണ് ഹാജരാക്കിയത്. കസ്റ്റഡിയിൽ കിട്ടിയാൽ മാത്രമേ ഏഴാമത്തേതു വീണ്ടെടുക്കാൻ സാധിക്കൂ. ഫോണുകള്‍ സറണ്ടര്‍ ചെയ്തപ്പോള്‍ വൈകുന്നേരം വരെ അണ്‍ലോക്ക് പാറ്റേണുകള്‍ നല്‍കാന്‍ അവര്‍ വിസമ്മതിച്ചു. അവരുടെ പെരുമാറ്റത്തിലൂടെ, ഈ കോടതിയുടെ വിവേചനാധികാരത്തിലൂടെ ഇളവ് ലഭിക്കാനുള്ള അവകാശം അവര്‍ നഷ്ടപ്പെടുത്തിയെന്നും ഡിജിപി പറഞ്ഞു.

നേരിട്ടുള്ളതും വിശ്വസനീയവുമായ ധാരാളം തെളിവുകൾ തങ്ങളുടെ പക്കലുണ്ട്. പ്രതികള്‍ക്കു മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാകില്ല. അല്ലാത്തപക്ഷം ഈ സംവിധാനത്തിലുള്ള പൊതുസമൂഹത്തിന്റെ വിശ്വാസം തകരും. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നതും സാക്ഷികളെ സ്വാധീനിക്കുന്നുണ്ടെന്നും സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ കഴിവുള്ളവരാണെന്നും കണക്കിലെടുക്കുമ്പോൾ ഒരു സംരക്ഷണത്തിനും അവര്‍ അര്‍ഹരല്ല.

അന്വേഷണം അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. പ്രതികളുടെ മുൻകാല ചരിത്രവും പരിശോധിക്കണമെന്നും ഡിജിപി പറഞ്ഞു. മറ്റൊരു ഘട്ടത്തില്‍ 2017ലെ കേസില്‍, 22 സാക്ഷികളില്‍ 20 പേര്‍ കൂറുമാറിയതെങ്ങനെയെന്ന് ഡിജിപി കോടതിയെ അറിയിച്ചു.

മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ കുറ്റകൃത്യത്തിന്റെ സ്വഭാവവും വ്യാപ്തിയും പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഊന്നിപ്പറയുന്ന വിധിന്യായങ്ങള്‍ ഡിജിപി പരാമര്‍ശിച്ചു. ഹൈക്കോടതികള്‍ പുറപ്പെടുവിച്ച സംരക്ഷണ ഉത്തരവുകള്‍ ദുരുപയോഗം ചെയ്തതായി കണ്ടെത്തി അവ റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവുകള്‍ ഡിജിപി കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. ക്രിമിനല്‍ കേസില്‍ പ്രതിക്കു ജാമ്യം നല്‍കുമ്പോള്‍ സാക്ഷികള്‍ക്കോ ഇരകള്‍ക്കോ ഉള്ള ആഘാതം കോടതികള്‍ പരിഗണിക്കണമെന്ന മറ്റൊരു സുപ്രീം കോടതി വിധിയും ഡിജിപി പരാമര്‍ശിച്ചു. ജാമ്യാപേക്ഷയില്‍ അസാധാരണമായ അധികാരപരിധി പ്രയോഗിക്കുമ്പോള്‍ സാമൂഹിക ആഘാതം കോടതി പരിഗണിക്കണമെന്നും ഡിജിപി പറഞ്ഞു.

ഗൂഢാലോചനക്കേസ് എങ്ങനെ ക്രൈം ബ്രാഞ്ചിന്റെ കൈകളില്‍ എത്തിയെന്ന കോടതിയുടെ ഇന്നലത്തെ ചോദ്യത്തിന് കേസിന്റെ നാള്‍ വഴി വിശദീകരിച്ചായിരുന്നു ഡിജിപിയുടെ മറുപടി. എന്നാല്‍ അക്കാദമിക് താൽപ്പര്യത്തിന്റെ അടിസ്ഥാനത്തിൽ ചോദിച്ചതാണെന്നും അതിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത് ഗൂഢാലോചനയാണെന്നായിരുന്നു ഇന്നലെ പ്രതിഭാഗത്തിന്റെ വാദം. ഇതിനോട് പ്രതികരിച്ചുകൊണ്ടായിരുന്നു ഗൂഢാലോചനക്കേസ് എങ്ങനെ ക്രൈം ബ്രാഞ്ചിന്റെ കൈകളില്‍ എത്തിയെന്ന ചോദ്യം കോടതിയുയർത്തിയത്.

അടച്ചിട്ട മുറിയില്‍ നടക്കുന്ന ഗൂഢാലോചന തെളിയിക്കാനായി നേരിട്ടുള്ള തെളിവുകൾ ലഭ്യമാകണമെന്നില്ലെന്നും കോടതി പറഞ്ഞു. എന്നാല്‍ ഇങ്ങനെയൊന്ന് സംഭവിച്ചുവെന്നതില്‍ എന്തെങ്കിലുമൊരു കാര്യമുണ്ടായിരിക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ഗൂഢാലോചനയ്ക്കു സാക്ഷിയായ ഒരാളുടെ മൊഴിയാണുള്ളതെന്ന് പ്രോസിക്യൂഷന്‍ മറുപടി പറഞ്ഞു. ബാലചന്ദ്രകുമാറിന്റെ മൊഴി വിശ്വസനീയമാണെന്നും അദ്ദേഹത്തിന്റെ മൊഴി തന്നെ ഗൂഢാലോചന നടന്നുവെന്നത് തെളിയിക്കാനായി ആശ്രയിക്കാമെന്നും പ്രോസിക്യൂഷന്‍ കൂട്ടിച്ചേര്‍ത്തു.

പ്രോസിക്യൂഷന്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലം മുഴുവനും കള്ളമാണെന്നു മറുപടി വാദത്തിനിടെ പ്രതിഭാഗം അഭിഭാഷകന്‍ ബി രാമന്‍പിള്ള വാദിച്ചു. ഡയരക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ പൊലീസുകാരുടെ ജിഹ്വയാകരുത്.

ചോദ്യം ചെയ്യലുമായി തങ്ങള്‍ മൂന്നുദിവസം സഹകരിച്ചു. പല പല ഉദ്യോഗസ്ഥര്‍ മാറി മാറി വെവ്വേറെ ചോദ്യം ചെയ്തു. എന്നിട്ടും അന്വേഷണവുമായി സഹകരിച്ചില്ലെന്ന് എങ്ങനെ പറയാന്‍ പറ്റും? ഫോണുകള്‍ മുംബൈക്കു കൊണ്ടുപോയതു ചോദ്യം ചെയ്ത സമയത്തു പറഞ്ഞിരുന്നു. എന്നാല്‍ മൂന്നാം ദിവസം രാത്രിയില്‍ മാത്രമാണ് ഫോണ്‍ കൊണ്ടുവരണമെന്ന് പറഞ്ഞത്.

അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ വച്ച് ദിലീപ് പൊലീസ് ഉദ്യോഗസ്ഥനെതിരെ ഭീഷണി മുഴക്കിയെന്ന ആരോപണം തെറ്റാണ്.

ഒരാള്‍ക്ക് കുറ്റകൃത്യ മനസുണ്ടെങ്കില്‍ പോലും അയാല്‍ നിയമമനുസരിച്ച് കുറ്റക്കാരനാവില്ല. ബാലചന്ദ്ര കുമാറിന്റെ മൊഴിയനുസരിച്ച് അയാളെയും പ്രതി ചേര്‍ക്കേണ്ടതല്ലേ? പ്രോസിക്യൂഷന്‍ പറയുന്നതുപോലെ നേരിയ വൈരുദ്ധ്യങ്ങളല്ല മൊഴികളിലുള്ളത്. ബാലചന്ദ്രകുമാറിന് എത്ര വേണേലും ക്ലിപ്പ് ഉണ്ടാക്കാം. കാരണം അയാളൊരു സംവിധായകനാണ്.

രവിപുരത്തെ ഫ്‌ളാറ്റില്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം തെറ്റാണ്. ശിക്ഷ കൊടുക്കുമെന്ന് പറയുന്നത് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. ദൈവം ശിക്ഷകൊടുക്കുമെന്ന് ആവാലോ?

കസ്റ്റഡിയില്‍ കിട്ടിയാല്‍ ദിലീപിനെതിരെ വ്യാജ തെളിവുകളുള്ള എന്തെങ്കിലും ഡിവൈസ് അന്വേഷണസംഘം കണ്ടെടുക്കും. എന്നിട്ട് ദിലീപിനെതിരെ കുറ്റം ചുമത്തും. 38 മണിക്കൂര്‍ ചോദ്യം ചയ്തിട്ട് അവര്‍ക്ക് ഒന്നും കിട്ടിയില്ലെന്നും രാമന്‍പിള്ള വാദിച്ചു.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ദിലീപ്, സഹോദരന്‍ ശിവകുമാര്‍ (അനൂപ്), സഹോദരി ഭർത്താവ് സുരാജ്, ബൈജു ചെങ്ങമനാട്, കൃഷ്ണപ്രസാദ്, വി ഐ പി എന്ന് സംശയിക്കുന്ന ശരത് എന്നിവരുടെ പേരില്‍ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് രവിപുരത്തെ ദിലീപിന്റെ ഫ്ലാറ്റില്‍ കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടന്നിരുന്നു.

Also Read: സിറിയയിൽ വ്യോമാക്രമണത്തിൽ ഐഎസ് തലവനെ വധിച്ചതായി യുഎസ്

Crime Branch Attack Malayalam Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: