കൊച്ചി: നടിയെ ആക്രമിക്കാൻ ദിലീപ് ഗൂഢാലോചന നടത്തിയതിനു കാരണം വ്യക്തി വൈരാഗ്യമെന്ന് പൊലീസ്. റിയൽ എസ്റ്റേറ്റ് ഇടപാടുകൾ അല്ല കാരണമെന്നുമാണ് പൊലീസ് വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം. നടിയെ ആക്രമിക്കാൻ ദിലീപ് ഗൂഢാലോചന നടത്തിയത് എംജി റോഡിലെ ഒരു ഹോട്ടലിൽ വച്ചാണെന്നും അമ്മയുടെ പ്രോഗ്രാമിനോട് അനുബന്ധിച്ചാണ് ദിലീപ് അവിടെയെത്തിയതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ദിലീപ് ഗൂഢാലോചന നടത്തിയതിന് പൊലീസിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. പൾസർ സുനിയാണ് ഗൂഢാലോചനയെക്കുറിച്ച് നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് നൽകിയതെന്നാണ് വിവരം. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്നു രാവിലെ ദിലീപിനെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തിരുന്നു. ആലുവയിലെ പൊലീസ് ക്ലബിൽ വച്ച് രഹസ്യമായിട്ടായിരുന്നു ചോദ്യം ചെയ്യൽ. അതിനു ശേഷം വൈകിട്ടോടെയാണ് ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

നേരത്തെ, നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലുകളെത്തുടർന്നു നടൻ ദിലീപ്, അടുത്ത സുഹൃത്തും സംവിധായകനുമായ നാദിർഷാ, ദിലീപിന്റെ സഹായി അപ്പുണ്ണി എന്നിവരെ അന്വേഷണ സംഘം പൊലീസ് ക്ളബിൽ വിളിച്ചുവരുത്തി 13 മണിക്കൂർ മൊഴിയെടുത്തിരുന്നു. ഉച്ചയ്ക്ക് 12.30നു തുടങ്ങിയ മൊഴിയെടുക്കൽ പുലർച്ചെ 1.15നാണ് അവസാനിച്ചത്.

പ്രതി പൾസർ സുനി ബ്ലാക്മെയിൽ ചെയ്തു പണം തട്ടാൻ ശ്രമിച്ചതിനെ തുടർന്നു നൽകിയ പരാതിയിലാണു മൊഴി നൽകുന്നതെന്നാണ് മൊഴി നൽകാൻ പുറപ്പെടുന്നതിനു മുൻപായി ദിലീപ് മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ നടിയോട് അതിക്രമം കാണിച്ച സംഭവത്തിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ചാണു ദിലീപിനെയും നാദിർഷായെയും ചോദ്യംചെയ്തതെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ