കൊച്ചി: കാവ്യയുമായുളള ബന്ധം മഞ്ജു വാര്യരെ അറിയിച്ചതിലുളള വൈരാഗ്യം കാരണമാണ് നടിയെ ആക്രമിക്കാൻ ദിലീപ് പൾസർ സുനിക്ക് ക്വട്ടേഷൻ നൽകിയതെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. ഒന്നരക്കോടിയുടെ ക്വട്ടേഷനാണ് ദിലീപ് സുനിക്ക് നൽകിയത്. 2013 ൽ തുടങ്ങിയ ഗൂഢാലോചന ജോർജേട്ടൻസ് പൂരം ചിത്രത്തിന്റെ സെറ്റിൽവരെ തുടർന്നെന്നും പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ വിശദീകരിക്കുന്നതായി ചാനലുകൾ റിപ്പോർട്ട് ചെയ്തു.

അമ്മയുടെ സ്റ്റേജ് ഷോ റിഹേഴ്സലിനിടെയാണ് നടിയും ദിലീപും തമ്മിൽ തർക്കമുണ്ടായത്. മറ്റു നടീ നടന്മാർക്ക് മുന്നിൽവച്ച് ദിലീപ് നടിയോട് പൊട്ടിത്തെറിച്ചു. തന്റെ ആദ്യ വിവാഹം തകർന്നതിന് നടിയാണ് കാരണമെന്ന് ദിലീപ് വിശ്വസിച്ചു. ഇതേത്തുടർന്നാണ് നടിക്കെതിരെ ദിലീപ് പൊട്ടിത്തെറിച്ചത്. മറ്റു നടീനടന്മാർ ഈ സമയത്ത് ഇടപെട്ടു.

2013 ഏപ്രിലിലാണ് നടിയെ ആക്രമിക്കാൻ ദിലീപ് പൾസർ സുനിക്ക് ക്വട്ടേഷൻ നൽകിയത്. കൊച്ചി എംജി റോഡിലെ അബാദ് പ്ലാസ ഹോട്ടലിലെ 410-ാം മുറിയിൽവച്ചാണ് ഇതിനായി ആദ്യം ഗൂഢാലോചന നടത്തിയത്. 2013 മാർച്ച് 26 മുതൽ ഏപ്രിൽ 7 വരെ ദിലീപ് ഇവിടെ താമസിച്ചു. ഇതിൽ ഒരു ദിവസം രാത്രി ഏഴിനും എട്ടിനും ഇടയിൽ പൾസർ സുനിയുമായി കൂടിക്കാഴ്ച നടത്തി. നടിയുടെ നഗ്ന ദൃശ്യങ്ങൾ എടുക്കണമെന്നും അത് വ്യാജ ചിത്രങ്ങൾ ആകരുതെന്നും പൾസർ സുനിക്ക് ദിലീപ് നിർദേശം നൽകിയതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

ഇതിനുശേഷം കഴിഞ്ഞ നവംബറിൽ ദിലീപ് ചിത്രമായ ജോർജേട്ടൻസ് പൂരത്തിന്റെ ചിത്രീകരണ സമയത്താണ് രണ്ടാംവട്ട ഗൂഢാലോചന നടക്കുന്നത്. നവംബർ എട്ടിന് തോപ്പുംപടി സ്വിഫ്റ്റ് ജംങ്ഷനിലും 13 ന് തൃശൂരിലെ ടെന്നിസ് ക്ലബിലും 14 ന് തൊടുപുഴ ശാന്തിഗിരി കോളജിൽവച്ചും ദിലീപും പൾസർ സുനിയും തമ്മിൽ കണ്ടു. ഇരുവരുടെയും മൊബൈൽ ടവർ ലൊക്കേഷനുകൾ ഇത് സ്ഥിരീകരിക്കുന്നുണ്ട്.

നടിയെ ആക്രമിക്കുന്നതിന് ഒരു വർഷം മുൻപ് സുനി തൃശൂരിലെത്തി. ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ ഫോണിൽ വിളിച്ച ശേഷം ബൈക്കിലാണ് എത്തിയത്. ഇവിടെ ദിലീപിന്റെ ബിഎംഡബ്ല്യു കാറിൽവച്ച് ഇരുവരും സംസാരിച്ചു. ക്വട്ടേഷന് അഡ്വാൻസ് ആയി 10000 രൂപ നൽകി. ആയിരത്തിന്റെ 10 നോട്ടുകളായിട്ടാണ് അഡ്വാൻസ് നൽകിയതെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ