കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബർ എഴിന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കും. ഗൂഢാലോചന, കൂട്ടബലാൽസംഗം തുടങ്ങി ജീവപര്യന്തം തടവുശിക്ഷയ്ക്കുളള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തുക. കുറ്റപത്രം സമർപ്പിച്ചാലും കേസന്വേഷണം തുടരും. ഇക്കാര്യം കുറ്റപത്രത്തിൽ വ്യക്തമാക്കും. നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെത്താനുളള അന്വേഷണമാകും തുടരുക.

ദിലീപ് ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് കുറ്റപത്രം ഉടൻ സമർപ്പിക്കാനുളള അന്വേഷണ സംഘത്തിന്റെ നീക്കം. മാത്രമല്ല മൊബൈൽ ഫോൺ കണ്ടെത്താൻ കഴിയാത്തതുകൊണ്ടു മാത്രം കുറ്റപത്രം താമസിപ്പിക്കേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്ന നിയമോപദേശമെന്നും വിവരമുണ്ട്. ജൂലൈ 10 നാണ് ദിലീപ് അറസ്റ്റിലായത്. അതേസമയം, കുറ്റപത്രം സമർപ്പിക്കുന്നതിന് മുൻപ് ചില നിർണായക അറസ്റ്റുകൾ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.

കേസിലെ നിർണായക തെളിവായ മൊബൈൽ ഫോൺ പ്രതികൾ ഒളിപ്പിച്ചിട്ടുണ്ടാകുമെന്നാണ് പൊലീസ് നിഗമനം. കേസിലെ മുഖ്യപ്രതി പൾസർ സുനി മൊബൈൽ ഫോൺ അഡ്വ.പ്രതീഷ് ചാക്കോയ്ക്ക് കൈമാറിയെന്നാണ് പറഞ്ഞത്. എന്നാൽ ഫോൺ നശിപ്പിച്ചുവെന്നാണ് പ്രതീഷ് ചാക്കോയുടെ ജൂനിയർ അഭിഭാഷകൻ രാജു ജോസഫ് മൊഴി നൽകിയത്. ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. രണ്ടു അഭിഭാഷകരെയും കേസിൽ പ്രതി ചേർക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

ഇന്നലെ വീണ്ടും ഹൈക്കോടതിയിൽ ദിലീപ് ജാമ്യാപേക്ഷ നൽകിയിരുന്നു. ഇത് പരിഗണിക്കുന്നത് കോടതി 26 ലേക്ക് മാറ്റിയിട്ടുണ്ട്. അഞ്ചാം തവണയാണ് ദിലീപ് ജാമ്യം തേടി കോടതിയെ സമീപിക്കുന്നത്. രണ്ടും തവണ ഹൈക്കോടതിയിലും രണ്ടു തവണ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലും ജാമ്യാപേക്ഷ നൽകിയെങ്കിലും തളളിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ