scorecardresearch
Latest News

‘സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കണം’; ദിലീപ് സുപ്രീം കോടതിയില്‍

വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെടുന്ന ഹർജയിൽ മുന്‍ ഭാര്യയ്ക്കും അതിജീവിതയ്ക്കുമെതിരെ രൂക്ഷവിമർശമാണ് ഉയർത്തിയിരിക്കുന്നത്

Dileep, Actress attack case, Supreme Court

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് സുപ്രീംകോടതിയില്‍. തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതിയ അന്വേഷണത്തിന് അനുമതി നല്‍കരുതെന്നു നിര്‍ദേശം നല്‍കണം, വിസ്തരിച്ചവരെ വീണ്ടും വിചാരണക്കോടതിയില്‍ വിസ്തരിക്കാന്‍ അനുവദിക്കരുത് എന്നിവയാണു ഹര്‍ജിയില്‍ ദിലീപിന്റെ പ്രധാന ആവശ്യങ്ങള്‍.

വിചാരണ പൂര്‍ത്തിയാക്കി വിധി പറയുന്നതില്‍നിന്നു വിചാരണക്കോടതി ജഡ്ജിയെ അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും അതിജീവിതയും തടസപ്പെടുത്തുന്നുവെന്നാണ് ദിലീപ് ഹര്‍ജിയിലെ ആരോപണം. വിചാരണക്കോടതി ജഡ്ജിക്കു സ്ഥാനക്കയറ്റം ലഭിക്കുന്നതു വരെ വിചാരണ നീട്ടിക്കൊണ്ടുപോകാനാണു ശ്രമമെന്നും ദിലീപ് ആരോപിക്കുന്നു.

മലയാള സിനിമ മേഖലയിലെ ശക്തരായ ഒരു വിഭാഗത്തിനു തന്നോട് വ്യക്തിപരവും തൊഴില്‍പരവുമായ ശത്രുതയുണ്ട്. അവരാണ് തന്നെ കേസില്‍ പെടുത്തിയത്. മുന്‍ ഭാര്യയ്ക്കും അതിജീവിതയ്ക്കുമെതിരെയും ഹര്‍ജിയില്‍ വിമര്‍ശമുണ്ട്. മുന്‍ ഭാര്യയുടെയും അതിജീവിതയുടെയും അടുത്ത സുഹൃത്തായ, ഇപ്പോള്‍ ഡി ജി പി റാങ്കിലുള്ള ഉദ്യോഗസ്ഥയും തന്നെ കേസില്‍ പെടുത്തിയതിന് ഉത്തരവാദിയാണ്.

തുടരന്വേഷണ സമയത്ത് കണ്ടെത്തിയെന്നു പറയപ്പെടുന്ന വിശ്വാസയോഗ്യമല്ലാത്ത ചില രേഖകള്‍ കൈമാറി അതിജീവിതയെക്കൊണ്ട് കോടതിയില്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചിരിക്കുകയാണ്. വിചാരണകോടതി ജഡ്ജിക്കെതിരെയും തന്റെ അഭിഭാഷകര്‍ക്കെതിരെയും അതിജീവിതയുടെ ഹര്‍ജികളുണ്ട്.

തുടരന്വേഷണത്തിന്റെ പേരില്‍ തനിക്കും അഭിഭാഷകര്‍ക്കും വിചാരണക്കോടതി ജഡ്ജിക്കുമെതിരെ മാധ്യമവിചാരണ നടക്കുകയാണ്. അതിജീവിതയ്ക്കു വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ സംസാരിക്കുന്ന അഭിഭാഷകനെ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചതായും ദിലീപ് ഹര്‍ജിയില്‍ ആരോപിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Actress attack case dileep approaches supreme court

Best of Express