കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിന് ആലുവ പൊലീസ് ക്ലബിൽ ഇന്നലെ ഉറക്കമില്ലാത്ത രാത്രിയായിരുന്നു. ചോദ്യം ചെയ്യലിനിടെ പിടിച്ചുനിൽക്കാനാകാതെ ഒരു ഘട്ടത്തിൽ ദിലീപ് പൊട്ടിക്കരഞ്ഞു. രാത്രി വൈകിയപ്പോൾ ദിലീപിനെ പൊലീസ് ഉറങ്ങാൻ അനുവദിച്ചുവെങ്കിലും ഉറങ്ങാതെ കസേരയിൽ കണ്ണടച്ച് ഇരുന്ന് ദിലീപ് നേരം വെളുപ്പിച്ചു.

പുറത്തെ രഹസ്യകേന്ദ്രത്തിൽവച്ച് ചോദ്യം ചെയ്തതിനുശേഷം രാത്രി 7.20 നാണ് ദിലീപിനെ കാറിൽ ആലുവ പൊലീസ് ക്ലബിൽ എത്തിച്ചത്. കാറിൽ പിൻസീറ്റിൽ ഇടതു വശത്താണ് ദിലീപ് ഇരുന്നത്. ചാനൽ ക്യാമറകളിൽനിന്നു മുഖം മറയ്ക്കാൻ ദിലീപ് ഇടതുകൈ വാതിൽച്ചില്ലിന്റെ ഭാഗത്തു പിടിച്ചിരുന്നു. പുറത്ത് തന്നെ കാണുന്നവർക്ക് അങ്ങനെ തോന്നാതിരിക്കാൻ വേണ്ടി ഇടയ്ക്കു ചെറുതായി ചിരിക്കുന്നുണ്ടായിരുന്നു. ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും അറസ്റ്റ് ചെയ്യുകയാണെന്നും പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്യുന്ന വിവരം അടുത്ത സുഹൃത്തുക്കളെ വിളിച്ച് അറിയിക്കാനും നിയമസഹായം തേടാനും പൊലീസ് ദിലീപിനെ അനുവദിച്ചു.

ചോദ്യം ചെയ്യലിൽ ദിലീപിനെതിരായ തെളിവുകൾ പൊലീസ് ഒന്നൊന്നായി നിരത്തി. താൻ പിടിക്കപ്പെടുമെന്ന് ദിലീപിന് ഉറപ്പായി. അന്വേഷണ ഉദ്യോഗസ്ഥർക്കു മുൻപിൽ ദിലീപ് പൊട്ടിക്കരഞ്ഞു. അടുത്ത ബന്ധുക്കളെ കാണണമെന്ന് അഭ്യർഥിച്ചുവെങ്കിലും പൊലീസ് അനുവദിച്ചില്ല. തുടർന്ന് വിവശനായ ദിലീപിനെ പരിശോധിക്കാൻ പൊലീസ് ക്ലബിലേക്ക് ഡോക്ടറെ വിളിച്ചു വരുത്തി. രക്ത സമ്മർദം ഉയർന്നിട്ടുണ്ടെന്നും മറ്റു പ്രശ്നങ്ങളില്ലെന്നും ഡോക്ടർ പൊലീസിനെ അറിയിച്ചു.

പൊലീസ് നൽകിയ ഭക്ഷണം കഴിക്കാൻ ദിലീപ് തയാറായില്ല. പിന്നീട് നിർബന്ധിച്ചപ്പോൾ ചപ്പാത്തിയും വെജിറ്റബിൾ കറിയും കഴിച്ചു. ചോദ്യം ചെയ്യൽ രാത്രി വൈകിയും നീണ്ടു. ദിലീപിനെ ഉറങ്ങാൻ പൊലീസ് അനുവദിച്ചുവെങ്കിലും ഉറങ്ങിയില്ല. കസേരയിൽ കണ്ണടച്ചിരുന്നാണ് ദിലീപ് നേരം വെളുപ്പിച്ചത്. പുലർച്ചയോടെ അങ്കമാലിയിലെ മജിസ്ട്രേറ്റിന്റെ വസതിയിലേക്ക് കൊണ്ടുപോയി. മജിസ്ട്രേറ്റ് ദിലീപിനെ റിമാൻഡ് ചെയ്തു. ദിലീപിന്റെ വസതിയിൽനിന്നും ഏതാനും കിലോമീറ്ററുകൾ അകലെയുളള ആലുവ സബ് ജയിലിലാണ് ദിലീപിനെ പാർപ്പിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ