തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ. അന്വേഷണത്തിൽ പൂർണ തൃപ്തനാണ്. പ്രതികളെ പെട്ടെന്ന് തന്നെ പിടികൂടാൻ ശ്രമിക്കും. അറസ്റ്റ് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് അന്വേഷണ സംഘമാണ്. കൃത്യമായ തെളിവ് ലഭിച്ചാൽ ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്യുമെന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.

അന്വേഷണ സംഘത്തിന് വേണ്ട സമയത്ത് വേണ്ടത് ചെയ്യാൻ അറിയാം. ഏതു കേസിലായാലും ഗൂഢാലോചന അന്വേഷിക്കുക എന്നത് അന്വേഷണത്തിന്റെ ബുദ്ധിമുട്ടുളള ഭാഗമാണ്. അതിനാൽ അന്വേഷണത്തിന് എത്ര സമയം എടുക്കുമെന്ന് പറയാൻ സാധിക്കില്ലെന്നും ഡിജിപി പറഞ്ഞു.

അതേസമയം, അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് ഡിജിപി അന്വേഷണ സംഘത്തിന് നിർദേശം നൽകിയിട്ടുണ്ട്. ഐജി ദിനേന്ദ്ര കശ്യപിനോട് കൊച്ചിയിൽത്തന്നെ തുടർന്ന് അന്വേഷണത്തിനു നേതൃത്വം നൽകാനും ഡിജിപി നിർദേശം നൽകി.

മുഖ്യപ്രതി സുനിൽകുമാർ എന്ന പൾസർ സുനിയുടെ മൊഴിമാറ്റങ്ങളാണു നടിയെ ആക്രമിച്ച കേസിൽ വഴിത്തിരിവുണ്ടാക്കിയത്. അറസ്റ്റിലായപ്പോൾ പണത്തിനു വേണ്ടി സ്വയം ചെയ്ത കുറ്റമെന്നാണ് സുനിൽ പൊലീസിനോട് പറഞ്ഞത്. പിന്നീടാണ് ഗൂഢാലോചന സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. തുടർന്ന് അന്വേഷണ സംഘം നടൻ ദിലീപ്, സംവിധായകൻ നാദിർഷാ, ദിലീപിന്റെ സഹായി അപ്പുണ്ണി എന്നിവരെ ചോദ്യം ചെയ്തു. നടി കാവ്യ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനത്തിലും പരിശോധന നടത്തി. ദിലീ​പ് നായകനായി പു​റ​ത്തി​റ​ങ്ങി​യ അ​വ​സാ​ന ചി​ത്രം ‘ജോ​ർ​ജേ​ട്ട​ൻ​സ് പൂ​ര​’ ത്തി​ന്റെ ലൊ​ക്കേ​ഷ​നി​ൽ സുനിൽകുമാർ എത്തിയതിന്റെ തെളിവുകളും ലഭിച്ചതോടെ കൂടുതൽ നടപടികളിലേക്കു പൊലീസ് നീങ്ങിയേക്കുമെന്നാണ് സൂചന.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ