തിരുവനന്തപുരം: സിനിമാനടി ആസൂത്രിതമായ തട്ടിക്കൊണ്ടുപോകലിലും അക്രമത്തിനും ഇരയായ സംഭവം മലയാള സിനിമാ രംഗത്ത് നിലനിൽക്കുന്ന സവിശേഷ സാഹചര്യങ്ങളെ വെളിപ്പെടുത്തുന്നതാണെന്ന് സാമൂഹിക, സാംസ്കാരിക പ്രവർത്തകർ അഭിപ്രായപ്പെട്ടു.

അനഭലഷണീയമായ സാമൂഹിക പ്രവണതകൾ ആധിപത്യം ചെലുത്തുന്നതും സ്ത്രീകൾ അങ്ങേയറ്റം അരക്ഷിതാവസ്ഥ നേരിടുന്നതുമായ ഈ സാഹചര്യങ്ങളെ മാറ്റിത്തീർക്കാൻ ആവശ്യമായ സമൂർത്തമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവേണ്ടതാണെന്ന് സർക്കാരിന് നൽകിയ നിവേദനത്തിൽ ആവശ്യപെട്ടു.

നടിക്കു നേരെ നടന്ന അക്രമം സംബന്ധിച്ച് കുറ്റാന്വേഷണം നടക്കുന്നതിനോടൊപ്പം തന്നെ സംഭവുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണവും നടത്തണമെന്ന് അവർ സർക്കാരിനോട് ആവശ്യപ്പെട്ടു.

അടൂർഗോപാലകൃഷ്ണൻ, ബി. രാജീവൻ, സാറാജോസഫ്, കൽപ്പറ്റ നാരായണൻ, അനിതാ തന്പി, സി. രാധാകൃഷ്ണൻ, സി ആർ. പരമേശ്വരൻ, കെ. ജി. ശങ്കരപ്പിളള, സി. എസ്. വെങ്കിടേശ്വരൻ, പി. ടി. തോമസ് എം എൽ​എ, മനുഷ്യയാവകാശ പ്രവർത്തകരായ കെ. രാജ്‌മോഹൻ, അനീഷ് പ്രഭാകർ​ തുടങ്ങിയവരാണ് നിവേദനത്തിൽ ഇക്കാര്യം ആവശ്യപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ