കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ, ഒരു ഇടവേളയ്ക്ക് ശേഷം ക്രോസ് വിസ്താരം ഇന്ന് തുടങ്ങും. കേസിൽ നടിയുടെ ക്രോസ് വിസ്താരമാണ് ഇന്ന് തുടങ്ങുന്നത്. വിസ്താരം മൂന്ന് ദിവസം നീളും. പ്രൊസിക്യൂഷന്റെ ഭാഗത്ത് നിന്നുള്ള നടിയുടെ പ്രാഥമിക വിസ്താരം നേരത്തെ പൂർത്തിയായിരുന്നു.

കൊറോണ വൈറസ് വ്യാപനം തടയാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ മാര്‍ച്ച് 24ന് നിര്‍ത്തിവച്ചിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നടപടികൾ പുനഃരാരംഭിക്കുന്നത്.

Read More: നടിയെ ആക്രമിച്ച കേസ്: ഗീതു മോഹൻദാസിന്റെ വിസ്‌താരം പൂർത്തിയായി, കുഞ്ചാക്കോ ബോബനെ മാർച്ച് നാലിന് വിസ്തരിക്കും

നടിയുടെ ക്രോസ് വിസ്താരത്തിന് ശേഷം ഇവരുടെ സഹോദരൻ, നടി രമ്യ നമ്പീശൻ, സംവിധായകൻ ലാലിന്റെ ഡ്രൈവർ സുജിത് എന്നിവരുടെ ക്രോസ് വിസ്താരവും നടക്കും. ഇതിന്റെ തീയതി നിശ്ചയിച്ചിട്ടില്ല. ഇതിനുശേഷം നടന്‍ സിദ്ദിഖ്, നടി ഭാമ തുടങ്ങിയവരുടെ നിര്‍ണായക മൊഴികള്‍ രേഖപ്പെടുത്തേണ്ടതുണ്ട്. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് ഭാമയുടെ വിസ്താരം മാറ്റിവച്ചിരുന്നത്.

കേസിൽ ആറുമാസത്തിനുള്ളില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നത്. ലോക്ക്ഡൗണ്‍ മൂലം നടപടികള്‍ നീണ്ടുപോകുകയായിരുന്നു. ഒന്നാം പ്രതി പള്‍സര്‍ സുനിയടക്കമുള്ളവര്‍ക്കെതിരെ ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടു പോകല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കേസിൽ 11-ാം പ്രതിയായ ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

Read More: നടിയെ ആക്രമിച്ച കേസ്: ബിന്ദു പണിക്കരും മൊഴി മാറ്റിയതായി സൂചന

നടിയെ ആക്രമിച്ച കേസിൽ 136 സാക്ഷികളെയാണ് കോടതി വിസ്തരിക്കുക. മഞ്ജു വാര്യർ, ഗീതു മോഹൻദാസ്, രമ്യ നമ്പീശൻ, റിമി ടോമി, കുഞ്ചാക്കോ ബോബൻ എന്നിവരുടെ സാക്ഷി വിസ്താരം പൂർത്തിയായിരുന്നു.

കേസിൽ കുറ്റവിമുക്തനാക്കണമെന്ന നടൻ ദിലീപിന്റെ ഹർജി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. വിടുതൽ ഹർജി വിചാരണ കോടതി തള്ളിയതിനെതിരെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.

കേസിൽ താൻ പ്രതി മാത്രമല്ല ഇര കൂടിയാണെന്നും ഇരയെയും പ്രതിയെയും ഒരുമിച്ച് വിചാരണ ചെയ്യാൻ ക്രിമിനൽ ചട്ടത്തിൽ വ്യവസ്ഥയില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ദിലീപിന്റെ ഹർജി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.