കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിന് പിന്നിലെ ഗൂഢാലോചന കേസിലും കുറ്റപത്രം ഉടൻ സമർപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ഈ കേസിൽ റിമാന്റിൽ കഴിയുന്ന നടൻ ദിലീപിനെതിരെ അന്വേഷണം അന്തിമഘട്ടത്തിലാണെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചതായി മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയ ഫോൺ ഇനിയും വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല. കേസന്വേഷണത്തിലെ ആകെയുള്ള പഴുത് ഇതുമാത്രമാണെന്നാണ് പൊലീസ് ഭാഷ്യം. ഈ ഫോണിൽ നിന്ന് ദൃശ്യങ്ങൾ മറ്റൊരു ഫോണിലേക്ക് പൾസർ സുനി മാറ്റിയത് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച ഫോൺ വീണ്ടെടുക്കാനാകാത്ത വിധം നശിപ്പിച്ചുവെന്നാണ് പൾസർ സുനിയുടെ ആദ്യ അഭിഭാഷകർ പൊലീസിന് നൽകിയിരിക്കുന്ന കുറ്റസമ്മത മൊഴി. ഇത് കേസിൽ ദിലീപിനെ തുണയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.

ഇനിയും പ്രമുഖർ കുടുങ്ങാനുണ്ടെന്ന് ആവർത്തിച്ച് മാധ്യമങ്ങളോട് പറയുന്നതല്ലാതെ പൾസർ സുനി ആരുടേയും പേര് വെളിപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ അന്വേഷണം പരമാവധി നീട്ടിക്കൊണ്ടുപോകാനാണ് ഇയാളുടെ ശ്രമമെന്നാണ് സംശയിക്കപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ