കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി ക്രൈം ബ്രാഞ്ച്. കുറ്റാരോപിതന് ദിലീപിന്റെ വീട്ടില്‍ വച്ച് ചോദ്യം ചെയ്യാനാകില്ലെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കാവ്യ താമസിക്കുന്ന വീട്ടില്‍ ചോദ്യം ചെയ്യുന്നതിനായി സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിലും ബുദ്ധിമുട്ടുള്ളതായി അന്വേഷണം സംഘം പറയുന്നു.
ഡിജിറ്റല്‍ തെളിവുകള്‍ കാണിച്ചും കേള്‍പ്പിച്ചും ചോദ്യം ചെയ്യല്‍ പൂര്‍ണമായും ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്യേണ്ടതിന്റെ ആവശ്യകതയും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിനെല്ലാം സൗകര്യമുള്ളയിടത്തില് വച്ച് ചോദ്യം ചെയ്യാന്‍ സാധിക്കു എന്നാണ് നിലപാട്. സാക്ഷിയെന്ന നിലയിലാണ് കാവ്യയെ ചോദ്യം ചെയ്യുന്നത്. കാവ്യയുടെ ആവശ്യ പ്രകാരം ഇന്ന് ഉച്ചയ്ക്കുശേഷം രണ്ടു മണിക്ക് വീട്ടിലെത്തി ചോദ്യം ചെയ്യാമെന്ന് ഇന്നലെ രാത്രി അറിയിച്ചിരുന്നതായാണ് ലഭിക്കുന്ന വിവരം.
സാക്ഷി എന്ന നിലയില്‍ വീട്ടില്‍ തന്നെ വച്ച് ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെടാന്‍ തനിക്ക് അവകാശമുണ്ടെന്നാണ് കാവ്യയുടെ വാദം. ഇതിന്റെ നിയമവശം പരിശോധിച്ചതിന് ശേഷം നടപടിയിലേക്ക് കടക്കാനായിരുന്നു ക്രൈം ബ്രാഞ്ചിന്റെ പദ്ധതി. വീട്ടിലൊ മറ്റേതെങ്കിലും സൗകര്യമുള്ളയിടത്തോ ചോദ്യം ചെയ്യാമെന്നാണ് നിയമവശമെന്നും മറ്റേതെങ്കിലും ഒരു സ്ഥലം തിരഞ്ഞെടുക്കാനാണ് ക്രൈം ബ്രാഞ്ച് നിലവില്‍ കാവ്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് പുതിയ ശബ്ദരേഖകളുടെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചത്. ഗൂഢാലോചനയില്‍ കാവ്യയുടെ പങ്ക് സംശയിക്കപ്പെടുന്ന തരത്തിലുള്ള സംഭാഷണങ്ങളും ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ ഹാജരാക്കിയ ശബ്ദരേഖയില്‍ ഉള്‍പ്പെടുന്നു. കാവ്യ സുഹൃത്തുക്കൾക്ക് കൊടുക്കാൻ വച്ചിരുന്ന പണി ദിലീപ് ഏറ്റെടുത്തുവെന്നാണ് സുരാജിന്റേതെന്ന് സംശയിക്കുന്ന ഓഡിയോയില്‍ പറയുന്നത്. ശരത്തുമായുള്ള സംഭാഷണത്തിലാണ് ഇക്കാര്യം പറയുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരാവാനാണ് കാവ്യയോട് ക്രൈം ബ്രാഞ്ച് ആദ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ചെന്നൈയിലാണെന്നും ബുധനാഴ്ച ഹാജരാവാമെന്നും കാവ്യ അറിയിക്കുകയായിരുന്നു. സൗകര്യപ്രദമായ സ്ഥലം അറിയിക്കാനും കാവ്യയോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ആലുവയിലെ വീട്ടില്‍വച്ച് മൊഴിയെടുക്കാമെന്നു കാവ്യ അറിയിച്ചത്. സാക്ഷിയായ സ്ത്രീകളെ പൊലിസ് സ്റ്റേഷനില്‍ വിളിപ്പിക്കരുതെന്നാണ് ചട്ടം.
Also Read: Kerala Weather: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ മഴ തുടരും; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്