കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിര്‍ണായക നീക്കവുമായി അന്വേഷണ സംഘം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കാവ്യ മാധവന് നോട്ടീസ് നല്കി. തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരാകാനാണ് നിര്‍ദേശം. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം ഒരുങ്ങുന്നത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് മൂന്ന് ശബ്ദരേഖകള്‍ കൂടി അന്വേഷണസംഘം ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കി. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജും ദിലീപിന്റെ സുഹൃത്തും ശരത്തും തമ്മിലുള്ളത്, അഭിഭാഷകനായ സുജേഷ് മേനോനും ദിലീപും തമ്മിലുള്ളത്, ഡോ. ഹൈദരാലിയും സുരാജും തമ്മിലുള്ളത് എന്നിവയാണ് ഈ ശബ്ദരേഖകള്‍.
കേസിലെ ഗൂഢാലോചനയില്‍ കാവ്യയുടെ പങ്ക് സംശയിക്കപ്പെടുന്ന തരത്തിലുള്ള സംഭാഷണങ്ങളും ഹാജരാക്കിയ ശബ്ദരേഖയില്‍ ഉള്‍പ്പെടുന്നു. കാവ്യ സുഹൃത്തുക്കൾക്ക് കൊടുക്കാൻ വച്ചിരുന്ന പണി ദിലീപ് ഏറ്റെടുത്തുവെന്നാണ് സുരാജിന്റേതെന്ന് സംശയിക്കുന്ന ഓഡിയോയില്‍ പറയുന്നത്. ശരത്തുമായുള്ള സംഭാഷണത്തിലാണ് ഇക്കാര്യം പറയുന്നത്.
തുടരന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടുകൊണ്ടുള്ള അന്വേഷണ സംഘത്തിന്റെ അപേക്ഷയ്ക്കൊപ്പമായിരുന്നു ശബ്ദരേഖകളും ഹാജരാക്കിയത്. ഈ മാസം 15 ന് മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഡിജിറ്റല്‍ തെളിവുകളില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നാണ് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിരിക്കുന്നത്.
Also Read: Kerala Covid Cases 08 April 2022: സംസ്ഥാനത്ത് 353 പേര്‍ക്ക് കോവിഡ്; കൂടുതല്‍ കേസുകള്‍ എറണാകുളത്ത്