scorecardresearch

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിന് മൂന്നു മാസം കൂടി തേടി ക്രൈം ബ്രാഞ്ച്

കൂടുതല്‍ സാക്ഷികളെ ചോദ്യം ചെയ്യാനുണ്ടെന്നും ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കാനുണ്ടെന്നും അപേക്ഷയില്‍ പറയുന്നു

Actress assault case, dileep, Kerala High Court

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടി അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചു. മൂന്നു മാസം കൂടി വേണമെന്നാണ് അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതിജീവിത കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി കഴിഞ്ഞദിവസം തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അന്വേഷണത്തിന് കൂടുതല്‍ സമയം തേടി ക്രൈം ബ്രാഞ്ച് കോടതിയെ സമീപിച്ചത്. ആശങ്കകൾ അറിയിച്ചെന്നും മുഖ്യമന്ത്രിയുടെ ഉറപ്പിൽ പൂർണ വിശ്വാസമെന്നും കൂടിക്കാഴ്ചയ്ക്കുശേഷം അതിജീവിത പറഞ്ഞിരുന്നു.

കൂടുതല്‍ സാക്ഷികളെ ചോദ്യം ചെയ്യാനുണ്ടെന്നും ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കാനുണ്ടെന്നും അപേക്ഷയില്‍ പറയുന്നു. തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ അനുവദിച്ച സമയപരിധി അവസാനിക്കാനിരിക്കെയാണ് അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം. മുപ്പതിനകം റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം.

അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടന്ന് ചൂണ്ടിക്കാട്ടി അതിജീവിത കോടതിയില്‍ ഹര്‍ജി നല്‍കിയതിനു പിന്നാലെയാണ് അന്വേഷണ സംഘം അപേക്ഷ നല്‍കിയിട്ടുള്ളത്. അതിജീവിത സമര്‍പ്പിച്ച ഹര്‍ജി കോടതി ബുധനാഴ്ചത്തേക്കു മാറ്റി. നിലപാടറിയിക്കാന്‍ സര്‍ക്കാര്‍ സാവകാശം തേടിയതിനെത്തുടര്‍ന്നാണ് കേസ് മാറ്റിയത്.

Also Read: മുൻകൂർ ജാമ്യം: വിജയ് ബാബുവിൻ്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല

നല്ല നിലയിൽ മുന്നോട്ടു നീങ്ങിയ കേസ് അവസാനിപ്പിക്കാനാണ് സർക്കാർ നീക്കമെന്നും ഇതിനു പിന്നിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടെന്നുമാണ് ഹർജിയിലെ ആരോപണം. അന്വേഷണം തടസപ്പെടുത്തി പ്രതികളെ സഹായിക്കുന്ന സമീപനമാണ് വിചാരണക്കോടതി സ്വീകരിക്കുന്നതെന്നും ഹർജിയിൽ കുറ്റപ്പെടുത്തുന്നുണ്ട്.

ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ പ്രതിപ്പട്ടികയിൽ ചേർക്കാൻ ശ്രമം നടക്കുന്നതിനിടെ അപ്രതീക്ഷിതമായി അന്വേഷണ ഉദ്യോ​ഗസ്ഥനെ മാറ്റിയെന്നും ഇത് കേസിനെ ബാധിച്ചെന്നും പ്രതികൾക്ക് ഗുണകരമായന്നും ഹർജിയിൽ പറയുന്നു.

. ദിലീപ് തെളിവ് നശിപ്പിച്ചെന്നും സാക്ഷികളെ സ്വാധീനിച്ചെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. കേസ് അട്ടിമറിക്കാന്‍ ഉന്നത ഇടപെടലുണ്ടായി. ദിലീപിന് ഭരണമുന്നണിയുമായി ഗൂഢബന്ധമുണ്ട്. പ്രതിഭാഗം അഭിഭാഷകരും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു. തുടരന്വേഷണം അഭിഭാഷകരിലേക്ക് എത്തിയില്ലെന്നും ഹര്‍ജിയിൽ പറയുന്നു.

എന്നാൽ, അതിജീവിതയുടെ ഭീതി അനാവശ്യമാണെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. ഹർജിയിലെ ചില പരാമർശങ്ങൾ ഹർജിക്കാരി പിൻവലിക്കണം. ഇരയെ വിശ്വാസത്തിൽ എടുത്തു തന്നെ ആണ് ഇത് വരെ കേസ് നടത്തിയത് . ആവശ്യപ്പെട്ട പ്രോസിക്യൂട്ടറെയാണ് വച്ചതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Actress attack case crime branch seeks 3 more months to complete investigation