കണ്ണൂർ: നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് സിപിഎം ബന്ധമുണ്ടെന്ന ബിജെപി നേതാവ് എം.ടി.രമേശിന്റെ ആരോപണത്തെ തളളി സിപിഎം. നടിക്കുനേരെയുണ്ടായത് ഒറ്റപ്പെട്ട സംഭവം മാത്രമാണെന്നും എം.ടി.രമേശിന്റെ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും സിപിഎം നേതാവ് എം.വി.ജയരാജൻ പറഞ്ഞു. കണ്ണൂരെന്നു കേട്ടാൽ ചിലർക്ക് ചുവപ്പുകണ്ട കാളയെപ്പോലെയാണ്. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും പ്രതി ഏതു ജില്ലക്കാരനായാലും തക്കതായ നടപടിയെടുക്കുമെന്നും ജയരാജൻ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് സിപിഎം ബന്ധമുണ്ടെന്ന് എം.ടിരമേശ് ഫെയ്സ്ബുക്ക് പോസ്റ്റിൽ ആരോപിച്ചിരുന്നു. സംഭവത്തിലെ പ്രധാന പ്രതികളിലൊരാളായ വി.പി.വിജീഷ് തലശ്ശേരി കതിരൂർ പഞ്ചായത്തിലെ ചുണ്ടങ്ങാപൊയിൽ സ്വദേശിയാണ്. അതായത് പി ജയരാജന്റെ അയൽവാസി. മാത്രവുമല്ല പാർട്ടിയുടെ അംഗീകൃത ഗുണ്ടാലിസ്റ്റിലുള്ളയാളാണ്. ഇയാളുടെ സഹോദരൻ സജിലേഷ് കതിരൂര് മനോജ് വധക്കേസിലെ ഗൂഢാലോചനാ കേസിൽ പ്രതികൂടിയാണെന്നും എം.ടി.രമേശ് ഫെയ്സ്ബുക്കിൽ പറഞ്ഞിരുന്നു.

Read More: നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് സിപിഎം ബന്ധമുണ്ടെന്ന് എം.ടി.രമേശിന്റെ ആരോപണം

മുഖ്യമന്ത്രിയെ സമാധാനമായി ഭരിക്കാൻ സമ്മതിക്കില്ലെന്ന് ശപഥമെടുത്തിരിക്കുന്നത് പ്രതിപക്ഷമല്ലെന്ന് പിണറായി തിരിച്ചറിഞ്ഞാൽ കൊള്ളാം. ഗുണ്ടകളെ ഒതുക്കുമെന്ന അങ്ങയുടെ വാഗ്ദാനം നിറവേറ്റാനുള്ള ആദ്യ പരിശ്രമം തുടങ്ങേണ്ടത് മറ്റെങ്ങുനിന്നുമല്ല സ്വന്തം ജില്ലയിൽ നിന്നും പാർട്ടിയിൽ നിന്നുമാണെന്നും എം.ടി.രമേശ് പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ